ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
യുകെയിലുടനീളമുള്ള വോഡഫോൺ ഉപഭോക്താക്കൾക്ക് ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സേവനം നഷ്ടപ്പെട്ടതായി റിപ്പോർട്ട്. 2,800-ലധികം ഉപയോക്താക്കളാണ് ഇന്റർനെറ്റ് ആക്‌സസ് ഇല്ലെന്ന പരാതിയുമായി ഓൺലൈൻ സേവനങ്ങളിലെ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുന്ന ഡൗൺഡിറ്റക്ടർ എന്ന വെബ്‌സൈറ്റിൽ ബന്ധപ്പെട്ടത്. ഇതിന് പിന്നാലെ തങ്ങളുടെ ഉപഭോക്താക്കൾക്ക് ഉണ്ടായ അസൗകര്യത്തിൽ ഖേദിക്കുന്നുവെന്നും പ്രശ്‌നം പരിഹരിക്കാൻ ശ്രമിക്കുകയാണെന്നും വോഡഫോൺ അറിയിച്ചു. 50,000-ത്തിലധികം ബ്രോഡ്‌ബാൻഡ് ഉപഭോക്താക്കൾക്കുള്ള വിർജിൻ മീഡിയ ഒ 2 വിൽ പ്രശ്‌നങ്ങൾ റിപ്പോർട്ട് ചെയ്‌തതിന് പിന്നാലെയാണ് വോഡഫോണിൻെറ സേവനങ്ങളിൽ തകരാർ റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്.
ഒരു ദശലക്ഷത്തിലധികം ഉപഭോക്താക്കളുള്ള യുകെയിലെ ഏറ്റവും വലിയ ബ്രോഡ്‌ബാൻഡ് ദാതാക്കളിൽ ഒന്നാണ് വോഡഫോൺ. ഉപഭോക്താക്കളുടെ കൈയിൽ നിന്ന് ഉയർന്ന തുക വാങ്ങിക്കുന്ന സാഹചര്യത്തിൽ സേവനങ്ങളിൽ ഉണ്ടാകുന്ന പ്രശ്‌നങ്ങൾ വൻ ജനരോക്ഷമാണ് ഉണ്ടാക്കിയിരിക്കുന്നത് . ഏപ്രിലിൽ മിഡ്-കോൺട്രാക്റ്റ് വിലവർദ്ധന വരുത്തുന്ന ബ്രോഡ്‌ബാൻഡ് ദാതാക്കളിൽ ഒന്നാണ് വോഡഫോൺ. ഇതുമൂലം ചില ഉപഭോക്താക്കൾക്ക് വിലയിൽ 15% വർദ്ധനവ് വരെ വരും.
ഇന്റർനെറ്റ് സേവനം തടസമായത് വീട്ടിലിരുന്ന് ജോലി ചെയ്യുന്നതിനെ ബാധിച്ചതായി നിരവധി ഉപയോക്താക്കൾ ട്വീറ്റ് ചെയ്തു. ഇന്റർനെറ്റ് സേവനം നഷ്ടമായവരുടെ എണ്ണം ഇനിയും വ്യക്തമല്ല. ബ്രോഡ്‌ബാൻഡ് പ്രശ്‌നങ്ങൾ പരിഹരിക്കാൻ എത്ര സമയമെടുക്കുമെന്ന് ഉറപ്പില്ല. എന്നാൽ എത്രയും പെട്ടെന്ന് തന്നെ സേവങ്ങൾ പുനഃസ്ഥാപിക്കാൻ തങ്ങൾ ശ്രമിക്കുന്നുണ്ടന്നും കമ്പനി അറിയിച്ചു.