ഡോ. ഐഷ വി

അമ്മയോടൊപ്പം കാസർഗോഡ് നെല്ലിക്കുന്നിലെ മാർക്കറ്റിൽ ഒരു ദിവസം രാവിലെ അമ്മയോടൊപ്പം പോയപ്പോൾ കണ്ട കാഴ്ച എന്നെ അത്ഭുതപ്പെടുത്തി. ഒരു വലിയ കുട്ടയോളം വലുപ്പമുള്ള ആമകൾ . കൂട്ടത്തിൽ വിരുതു കൂടിയ ഒരാമ ഓടാൻ ശ്രമിച്ചപ്പോൾ ഒരാൾ അതിന്റെ പുറത്ത് കയറി നിൽക്കുന്നു. കുട്ടകളിൽ കറുത്ത നിറത്തിലുള്ള വലിയ ആമ മുട്ടകളുമായി സ്ത്രീകൾ. അവരുടെ സംഭാഷണങ്ങൾ ശ്രദ്ധിച്ചപ്പോൾ നെല്ലിക്കുന്ന് കടൽപ്പുറത്ത് മണൽ മാന്തി മുട്ടയിടാനായി കടലിൽ നിന്നും കൂട്ടമായി കരയിൽ കയറിയ കടലാമകളെയാണ് അവിടെ പിടിച്ചു കൊണ്ട് വന്നിരിക്കുന്നതെന്ന് എനിക്ക് മനസ്സിലായി. കടലാമകൾ തങ്ങളുടെ മുട്ടകൾ കര സംരക്ഷിച്ചു കൊള്ളുമെന്ന് കരുതി കാണണം. ചില ആമകൾ തലയും കൈകാലുകളും തോടിനുള്ളിലേയ്ക്ക് വലിച്ച് പതുങ്ങി ഒരു കുട്ട കമഴ്ത്തിയതു പോലെ കിടന്നു. ഒന്നു രണ്ടെണ്ണം ഇടയ്ക്കിടെ തല മാത്രം പുറത്തേയ്ക്കിട്ട് നോക്കുന്നുണ്ട്. ഒരാൾ പറയുന്നത് കേട്ടു: ആമകളെ തീയിലിട്ട് ചുട്ടാൽ മാംസം പുറത്തെടുക്കാൻ എളുപ്പമുണ്ടെന്ന് .അന്ന് രണ്ടാം ക്ലാസ്സിലായിരുന്ന( കാലം 1974) ഞാൻ ജീവിതത്തിൽ ആദ്യമായാണ് ആമകളെ കാണുന്നത്. അതും ജീവനുള്ളവ. ഒന്നാo പാഠത്തിലെ രണ്ടാം സ്വരാക്ഷരം പഠിപ്പിക്കാനുള്ള ചിത്രവും “ആ – ആമ” എന്ന വാക്കുമാണ് എനിയ്ക്കപ്പോൾ ഓർമ്മ വന്നത്. അന്ന് അമ്മ രണ്ട് ആമ മുട്ടകൾ വാങ്ങി. ഞങ്ങൾ വീട്ടിലേയ്ക്ക് പോന്നു. എന്റെ കൈ വെള്ളയിൽ ഒതുങ്ങുന്നതായിരുന്നില്ല അവ. അത്രയ്ക്ക് വലുപ്പമുണ്ടായിരുന്നു. കോഴി മുട്ടയുടെ തോടു പോലുള്ള തോട് അവയ്ക്കില്ലായിരുന്നു. തോൽ പോലുള്ളതായിരുന്നു മുട്ടയുടെ ആവരണം. അമ്മ അത് തോരൻ വച്ചു തന്നു.

ആമകളെ കുറിച്ച് കൂടുതൽ അറിയുന്നത് പിന്നീടാണ്. ഞാൻ അഞ്ചാം ക്ലാസ്സിൽ പഠിയ്ക്കുമ്പോൾ വാർഷിക പരീക്ഷയ്ക്ക് ആറാം ക്ലാസ്സുകാർക്ക് ഒരു ചോദ്യമുണ്ടായിരുന്നു. ഏറ്റവും കൂടുതൽ ആയുസ്സുള്ള ജീവിയേത്? ആറാം ക്ലാസ്സിലെ മഹിളാമണിയായിരുന്നു എന്റെ അടുത്തിരുന്ന് പരീക്ഷയെഴുതിയത്. വർഷം 1978. ഉത്തരം അറിയാതിരുന്ന മഹിളാമണി അവരുടെ ജൂനിയറായ എന്നോട് ടീച്ചർ കാണാതെ ആ ചോദ്യത്തിന്റെ ഉത്തരമറിയാമോ എന്ന് ചോദിച്ചു. എനിക്കത് അറിയില്ലായിരുന്നു. ഞാൻ വീട്ടിലെത്തി. ഇന്റർനെറ്റില്ലാതിരുന്ന അക്കാലത്ത് എനിക്ക് തിരയാൻ വല്യമാമൻ സമ്മാനിച്ച ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പുസ്തകങ്ങളെ ഉണ്ടായിരുന്നുള്ളൂ. ഞാൻ എല്ലാ പുസ്തകങ്ങളും വീണ്ടും പരതി. അതിൽ ഒരിടത്തു നിന്നു ആമയുടെ ആയുസ്സിനെപ്പറ്റി എനിക്ക് വിവരം ലഭിച്ചു . 500 വർഷത്തിലധികം ജീവിച്ചിരിക്കുന്ന ജീവിയാണത്രേ ആമ . കട്ടിയുള്ള പുറന്തോടും കൈകാലുകളും തലയും അപകട ഘടത്തിൽ ഉൾ വലിക്കാനുള്ള കഴിവും കരയിലും വെള്ളത്തിലും കഴിയാമെന്ന ഉഭയ ജീവിയായതു കൊണ്ടുമാകാം ആമയ്ക്ക് അത്രയും ആയുസ്സ് ഉള്ളത് എന്ന് ഞാൻ ചിന്തിച്ചു.

ജീവനുള്ള ആമകളെ എനിക്ക് ലഭിക്കുന്നത് 2007 ലാണ്. ഞങ്ങൾ മാവേലിക്കരയിൽ ശ്രീകൃഷ്ണവിലാസം എന്ന വീട്ടിൽ വാടകയ്ക് താമസിക്കുമ്പോൾ. ആ വീട്ടിൽ മുറ്റത്തിന്റെ അരിക് കെട്ടാനായി ഇറക്കിയ മണലിൽ ഇരുന്ന ആമകളായിരുന്നു അത്. ചെറിയ കരയാമകൾ ആണ് അവയെന്ന് പിന്നീട് അറിഞ്ഞു. ആ പ്രദേശത്ത് അത്തരം ആമകൾ ഉണ്ടത്രേ. മാവേലിക്കരയിലെ പല വീടുകളിലും വലിയ ആഴമുള്ള കുളങ്ങൾ ഉണ്ട്. ഞങ്ങൾ താമസിച്ചിരുന്ന വീടിന്റെ പുറകിലും ഒരു വലിയ കുളമുണ്ടായിരുന്നു. ഞാൻ കാണുമ്പോൾ ആ കുളത്തിന് ഒന്നര മീറ്റർ താഴ്ചയേ ഉണ്ടായിരുന്നുള്ളൂ. രണ്ട് തലമുറകൾ പരിശ്രമിച്ച് ആ കുളം നികത്തി അത്രത്തോളമാക്കി. കാളവണ്ടിയിലും മറ്റുo മണ്ണടിച്ചിട്ട് കാലങ്ങൾ കൊണ്ടാണ് അവർ അത്രത്തോളമാക്കിയത്.

ഞങ്ങൾ അവിടെ താമസിക്കുമ്പോൾ മൂന്നാം തലമുറയുടെ ഊഴമായിരുന്നു. ഇന്ദു എന്ന വീട്ടുടമസ്ഥ ആ പറമ്പ് കൃഷി ഭൂമിയാക്കാനായി കുളം മണ്ണിട്ട് നികത്താൻ കല്ലേലിൽ ഉണ്ണി എന്നയാളെ ഏൽപ്പിച്ചു . ഇന്ദുവും കുടുംബവും കൽക്കട്ടയിലായിരുന്നു താമസം. ജെ സി ബി, ലോറി തുടങ്ങിയവയൊക്കെയുള്ള കാലമായതുകൊണ്ട് കല്ലേലിൽ ഉണ്ണിയ്ക്ക് വേഗം പണി പൂർത്തിയാക്കാൻ സാധിച്ചു. കെട്ടിടങ്ങൾ പൊളിച്ച അവശിഷ്ടങ്ങളായിരുന്നു ആ കുളം നികത്താൻ ഉപയോഗിച്ചത്. കൂട്ടത്തിൽ അയൽപക്കക്കാരും മടിച്ചില്ല. അവരുടെ വീട്ടിലെ സകല പ്ലാസ്റ്റിക്ക് വേസ്റ്റുകളും ചപ്പ് ചവറുകളും ഓരോ തവണയും ലോറികൾ വരുന്നതിന് മുമ്പ് കൊണ്ടു തള്ളി. ഇത്രയും കെട്ടിട വേസ്റ്റുകൾ കൊണ്ടു ത്തള്ളിയാൽ ആ ഭൂമി കൃഷിഭൂമിയായി ഉപയോഗിയ്ക്കാൻ കഴിയുമോ എന്ന് എനിക്ക് ആശങ്കയുണ്ടായിരുന്നു. അതിനും കല്ലേലിൽ ഉണ്ണി പരിഹാരം കണ്ടെത്തി. ആ പറമ്പിലെ തന്നെ നല്ല മണ്ണുള്ള സ്ഥലത്തു നിന്നും ജെസിബി വച്ച് മണ്ണ് മാന്തി കുളത്തിന്റെ ഏറ്റവും മുകളിലായി നിക്ഷേപിച്ചു . നിരത്തി നല്ല കൃഷിഭൂമിയാക്കി മാറ്റി.

ഇങ്ങനെ ആവാസ വ്യവസ്ഥ നഷ്ടപ്പെട്ട ആമകളാകണം ഞാൻ മണലിൽ നിന്നും എടുത്തത്. ആ വീടിന്റെ കിണറിനരികിലായി ഒരു സിമന്റ് ടാങ്കുണ്ടായിരുന്നു. ഞാനതിൽ വെള്ളം നിറച്ച് ആമകളെ അതിലിട്ടു. ഞങ്ങളുടെ ഭക്ഷണത്തിന്റെ ഒരു പങ്ക് അവർക്കും കൊടുത്തു. പക്ഷേ അവ അതൊന്നും തിന്നു കണ്ടില്ല. രണ്ടു ദിവസം കഴിഞ്ഞ് ഞങ്ങൾ ടാങ്കിനരികിൽ ചെന്ന് നോക്കിയപ്പോൾ ടാങ്കിൽ ആമകളില്ലായിരുന്നു. സ്വന്തം ഭക്ഷണവും അവർക്ക് പറ്റിയ ആവാസ വ്യവസ്ഥയും തേടി പോയതാകണം. അവ ജീവിക്കട്ടെ 500 വർഷത്തിലധികം എന്ന് മനസ്സാൽ ആഗ്രഹിച്ചു.

      

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

 

 

വര : അനുജ സജീവ്