ലണ്ടന്‍: കുരങ്ങുകളെ ഉപയോഗിച്ച് ഡീസല്‍ വാഹനങ്ങളുടെ പുകയുടെ ദോഷഫലങ്ങള്‍ പഠിക്കാന്‍ നടത്തിയ പരീക്ഷണത്തിന്റെ ഫലങ്ങള്‍ മറച്ചുവെച്ച് ഫോക്‌സ്‌വാഗണ്‍. പ്രതീക്ഷിച്ചതിനേക്കാള് പ്രത്യാഘാതങ്ങള്‍ കുരങ്ങുകളില്‍ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് പരീക്ഷണഫലങ്ങള്‍ പുറത്തു വിടാത്തതെന്നാണ് വിവരം. 10 കുരങ്ങുകളില്‍ നടത്തിയ പരീക്ഷണഫലങ്ങള്‍ക്ക് വിപരീതഫലമാണ് ലഭിച്ചതെന്നും അതുകൊണ്ടുതന്നെ ഫലങ്ങള്‍ ഒരിക്കലും പുറത്തു വരില്ലെന്നും ജര്‍മന്‍ ദിനപ്പത്രമായ ബില്‍ജ് റിപ്പോര്‍ട്ട് ചെയ്യുന്നു. കാറുകളില്‍ നിന്നുള്ള മലിനീകരണ വിവരങ്ങള്‍ ലഭിക്കാതിരിക്കാന്‍ കൃത്രിമത്വം കാട്ടി വിവാദത്തിലായ ഫോക്‌സ് വാഗണ്‍ കുരങ്ങുകളില്‍ പരീക്ഷണം നടത്താനൊരുങ്ങിയത് വലിയ ജനരോഷം ക്ഷണിച്ചു വരുത്തിയിരുന്നു.
ഈ പരീക്ഷണത്തെ പിന്നീട് ഫോക്‌സ് വാഗണ്‍ ചീഫ് എക്‌സിക്യൂട്ടീവ് മത്യാസ് മ്യൂളര്‍ തള്ളിപ്പറയുകയും ചെയ്തിരുന്നു. ഇത്തരം പരീക്ഷണങ്ങള്‍ മൃഗങ്ങളില്‍ നടത്തുന്നത് തെറ്റും നീതിക്ക് നിരക്കാത്തതുമാണെന്നും അതിന്റെ അനന്തരഫലങ്ങള്‍ എന്താണെങ്കിലും കമ്പനി അത് ഏറ്റെടുക്കണമെന്നും മ്യൂളര്‍ പറഞ്ഞതായി സ്പീഗല്‍ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്തു. ഡീസല്‍ പുക മനുഷ്യരിലും മൃഗങ്ങളിലുമുണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ പഠിക്കാന്‍ ഫോക്‌സ് വാഗണ്‍, ഡെയിംലര്‍, ബിഎംഡബ്ല്യു, യൂറോപ്യന്‍ റിസര്‍ച്ച് ഗ്രൂപ്പ് ഓണ്‍ എന്‍വയണ്‍മെന്റ് ആന്‍ഡ് ഹെല്‍ത്ത് ഇന്‍ ദി ട്രാന്‍സ്‌പോര്‍ട്ട് സെക്ടര്‍ (EUGT) എന്നിവര്‍ സംയുക്തമായി രൂപീകരിച്ച ഏജന്‍സിയാണ് പഠനം നടത്തിയത്. ഈ സമിതി പിന്നീട് പിരിച്ചു വിട്ടു.
കുരങ്ങുകളില്‍ പരീക്ഷണം നടത്തിയത് ഈ സമിതിയുടെ മേല്‍നോട്ടത്തിലായിരുന്നു. ഈ പരീക്ഷണത്തേക്കുറിച്ച് വിവരമുണ്ടായിരുന്ന ചീഫ് ലോബിയിസ്റ്റ് തോമസ് സ്‌റ്റെഗിനെ തങ്ങള്‍ സസ്‌പെന്‍ഡ് ചെയ്തതായി ഫോക്‌സ് വാഗണ്‍ അറിയിച്ചു. മൃഗങ്ങള്‍ക്കു മേല്‍ നടത്തി വരുന്ന പരീക്ഷണങ്ങള്‍ പൂര്‍ണ്ണമായും അവസാനിപ്പിക്കുകയാണ് ലക്ഷ്യമെന്നും കമ്പനി വ്യക്തമാക്കി. ഇയുജിറ്റിയിലെ തങ്ങളുടെ പ്രതിനിധിയെ സസ്‌പെന്‍ഡ് ചെയ്‌തെന്ന് ഡെയിംലറും അറിയിച്ചിട്ടുണ്ട്.
2015ലാണ് ഡീസല്‍ പുകയുടെ ദൂഷ്യഫലങ്ങളേക്കുറിച്ച് പഠനം നടത്തുന്നതിനെന്ന പേരില്‍ ഈ പരീക്ഷണം നടത്തിയത്. ന്യൂമെക്‌സിക്കോയില്‍ നടത്തിയ പരീക്ഷണം പഴയ ഫോര്‍ഡ് പിക്കപ്പുകളേക്കാള്‍ മലിനീകരണം കുറവാണ് പുതിയ ഫോക്‌സ്‌വാഗണ്‍ ബീറ്റിലുകള്‍ക്ക് എന്ന് തെളിയിക്കാനായിരുന്നുവത്രെ ഈ പരീക്ഷണം നടത്തിയത്.
Leave a Reply