ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇന്ന് രാവിലെ 7 മണി മുതൽ ആരംഭിച്ച ഇംഗ്ലണ്ടിലെയും വെയിൽസിലെ കൗൺസിൽ സീറ്റിലേക്കുള്ള വോട്ടെടുപ്പ് പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ഇംഗ്ലണ്ടിൽ ഉടനീളം 107 കൗൺസിലുകളിലേയ്ക്കും 11 മേയർ സ്ഥാനത്തേയ്ക്കും ഉള്ള മത്സരങ്ങൾ ആണ് നടക്കുന്നത്. കൺസർവേറ്റീവ് എംപി സ്കോട്ട് ബെന്റൺ രാജിവച്ച ഒഴിവിൽ ബ്ലാക്ക്പൂൾ സൗത്ത് മണ്ഡലത്തിൽ പാർലമന്‍റ് ഉപതിരഞ്ഞെടുപ്പും ഇതോടൊപ്പം നടക്കുന്നുണ്ട്. ഇത് കൂടാതെ 37 പൊലീസ് ആൻഡ് ക്രൈം കമ്മിഷണർമാരെയും ജനം വോട്ടെടുപ്പിലൂടെയാണ് തിരഞ്ഞെടുക്കുന്നത്.


വോട്ടെടുപ്പ് അവസാനിച്ചതിനുശേഷം ഇന്ന് രാത്രി 10 മണി തന്നെ വോട്ടെണ്ണൽ ആരംഭിക്കും. നാളെ മെയ് 3 അർദ്ധരാത്രിക്ക് ശേഷം ആദ്യ ഫലങ്ങൾ പുറത്തു വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗ്രേറ്റർ ലണ്ടൻ, വെസ്റ്റ് മിഡ്‌ലാൻഡ്‌സ്, ഗ്രേറ്റർ മാഞ്ചസ്റ്റർ എന്നിവിടങ്ങളിൽ ഉൾപ്പെടെയുള്ള മേയർ ഫലങ്ങൾ വെള്ളി, ശനി ദിവസങ്ങളിൽ പ്രഖ്യാപിക്കും.

ഈ തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ ആളുകൾ ഉറ്റു നോക്കുന്നത് ലണ്ടൻ മേയർ തിരഞ്ഞെടുപ്പാണ്. ഇവിടെ സാദിഖ് ഖാനും സൂസൻ ഹാളും ആണ് ഏറ്റുമുട്ടുന്നത്. മൂന്നാം തവണയും സാദിഖ് ഖാൻ ലണ്ടൻ മേയർ ആയി തിരഞ്ഞെടുത്താൽ അത് ഒരു ചരിത്ര വിജയമായി മാറും.


തിരഞ്ഞെടുപ്പ് ഫലം ഭരണപക്ഷത്തിന് പ്രത്യേകിച്ച് പ്രധാനമന്ത്രി ഋഷി സുനകിനും നിർണായകമാണ്. ഫലം മോശമാണെങ്കിൽ ഋഷി സുനകിൻ്റെ പ്രധാനമന്ത്രി സ്ഥാനത്തെ എതിർക്കുന്ന സ്വന്തം പാർട്ടിയിലെ വിമതർ അദ്ദേഹത്തിനെതിരെ നീങ്ങുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട് . പൊതു തിരഞ്ഞെടുപ്പിന് മുൻപ് നടന്ന ലോക്കൽ ഇലക്ഷൻ തിരഞ്ഞെടുപ്പിനെ സെമിഫൈനൽ എന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിശേഷിപ്പിക്കുന്നത്