ന്യൂസ് ഡെസ്ക് മലയാളം യുകെ

വെയിൽസ് : യുകെയിലെ നാട്ടിൻ പ്രദേശങ്ങളിൽ കോവിഡ് കേസുകൾ ഉയരുന്നു. വെയിൽസിൽ വർദ്ധിച്ചുവരുന്ന കേസുകളുടെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം നിരവധി പ്രാദേശിക സ്ഥലങ്ങളിൽ രോഗവ്യാപനം ഉയർന്നിട്ടുണ്ട്. വെയിൽസിലെ നീത് പോർട്ട് ടാൽബോട്ടിലാണ് രാജ്യത്തെ ഉയർന്ന രോഗബാധ നിരക്ക് രേഖപ്പെടുത്തിയിരിക്കുന്നത്. സെപ്റ്റംബർ 18 വരെയുള്ള ഏഴ് ദിവസങ്ങളിൽ 1,252 പുതിയ കേസുകൾ റിപ്പോർട്ട്‌ ചെയ്യപ്പെട്ടു. 100,000 പേരിൽ 867.1 പേർ രോഗബാധിതരാണെന്നർത്ഥം.

രാജ്യത്തുള്ള 377 നാട്ടിൻ പ്രദേശങ്ങളിൽ 90 (24 ശതമാനം) സ്ഥലങ്ങളിൽ രോഗബാധാ നിരക്ക് ആഴ്ചതോറും വർധിക്കുന്നുണ്ട്. വെയിൽസിലുള്ള മെർതിർ ടൈഡ് ഫില്ലിൽ 483 പുതിയ കേസുകൾ റിപ്പോർട്ട്‌ ചെയ്യപ്പെട്ടു. സ്കോട്ട്ലൻഡിലെ ചില പ്രദേശങ്ങളിലും കേസുകൾ ക്രമാതീതമായി ഉയരുന്നതായി റിപ്പോർട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ട്. പുതിയ വകഭേദങ്ങളോട് പൊരുതാൻ തക്ക പ്രാപ്തിയുള്ള പുതിയ വാക്സിന്റെ പരീക്ഷണം നടന്നുവരികയാണെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്. നിലവിലുള്ളതിനെക്കാൾ ദീർഘനാൾ പ്രതിരോധശേഷി നൽകുന്നതാണ് പുതിയ വാക്സിനെന്ന് വിശ്വസിക്കപ്പെടുന്നു. മാഞ്ചസ്റ്ററിലാണ് പുതിയ പരീക്ഷണങ്ങൾ നടന്നുവരുന്നത്.

അതേസമയം രാജ്യത്ത് ഒരാഴ്ചയ്ക്കുള്ളിൽ കൊറോണ വൈറസ് കേസുകൾ 17 ശതമാനം വർദ്ധിച്ചതായി തിങ്കളാഴ്ച റിപ്പോർട്ട്‌ ചെയ്തു. ഏറ്റവും പുതിയ സർക്കാർ കണക്കുകൾ പ്രകാരം ബുധനാഴ്ച 34,460 പുതിയ കേസുകളും 166 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.