ചെന്നൈ: മുൻ സിബിഐ ഡയറക്ടർ, ഏറെ കാലം തമിഴ്നാട് ഡിജിപി, ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യരുടെ സഹോദരൻ എന്നിങ്ങനെ ലക്ഷ്മി നാരായണൻ ഇന്ത്യക്കാർക്ക് പല വിധത്തിൽ പരിചിതനാണ്.

പിതാവും സഹോദരനും പ്രശസ്ത നിയമജ്ഞരായിരുന്നെങ്കിലും ഭൗതിക ശാസ്ത്രത്തിൽ ബിരുദം നേടിയ ലക്ഷ്മിനാരായണന് ഐപിഎസിലായിരുന്നു താൽപര്യം.

1951ൽ തമിഴ്നാട് കേഡറിൽ മധുര അസിസ്റ്റന്റ് കമ്മിഷണറായി. പിന്നീട് ഡപ്യൂട്ടേഷനിൽ സിബിഐയിലെത്തി. സിബിഐ ഡപ്യൂട്ടി ഡയറക്ടറായിരിക്കെ,1977 ഒക്ടോബർ 3 ന് ഇന്ദിരാഗാന്ധിയെ അറസ്റ്റ് ചെയ്തു. അടിയന്തരാവസ്ഥക്കാലത്തെ അഴിമതിയുമായി ബന്ധപ്പെട്ടായിരുന്നു ഇത്.

“അമ്മയെ വിളിക്കൂ.. ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്ന ഒരു വനിതയുടെ, അതിലുപരി ജവഹർലാൽ നെഹ്റുവിന്‍റെ മകളുടെ കയ്യിൽ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍റെ പരുക്കനായ കൈകൾ കൊണ്ട് വിലങ്ങണിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല” അടിയന്തരാവസ്ഥ അവസാനിച്ചതിന് പിന്നാലെ ഇന്ദിരാ ഗാന്ധിയെ അറസ്റ്റ് ചെയ്യാനെത്തിയ ലക്ഷ്മിനാരായണൻ രാജീവ് ഗാന്ധിയോട് പറഞ്ഞതിങ്ങനെയായിരുന്നു.

എന്നാൽ, ഈ സമയം അകത്ത് നിന്ന് ഇറങ്ങി വന്ന ഇന്ദിരാ ഗാന്ധി തന്നെ അണിയിക്കാനുള്ള വിലങ്ങ് എവിടെയെന്ന് ലക്ഷ്മിനാരായണനോട് ചോദിച്ചു. ആ സമയം അദ്ദേഹം മറുപടി പറഞ്ഞതിങ്ങനെ, “മികച്ച സേവനത്തിനുള്ള മെഡൽ താങ്കളുടെ കയ്യിൽ നിന്നും ഞാൻ വാങ്ങിയിട്ടുണ്ട്. എന്നാൽ ഇപ്പോൾ അലസനാണ്.. വിലങ്ങുകളെടുക്കാൻ മറന്നു പോയി”.

1980 ൽ ഇന്ദിരാ ഗാന്ധി അധികാരത്തിൽ തിരിച്ചെത്തിയപ്പോൾ ലക്ഷ്മിനാരായണനെ തമിഴ്നാട് കേഡറിലേക്കു തിരിച്ചയച്ചു. അതോടെ, സിബിഐ ഡയറക്ടർ പദവി അദ്ദേഹത്തിനു നഷ്ടമായി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

എന്നാൽ, അന്നു തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന എംജിആർ ഡിജിപിയായി ലക്ഷ്മിനാരായണനെ നിയമിച്ചു. ഇക്കാലത്ത് പ്രക്ഷോഭവുമായി ബന്ധപ്പെട്ടു മുൻ മുഖ്യമന്ത്രി കരുണാനിധിയെ അറസ്റ്റ് ചെയ്തു.

വിരമിച്ച ശേഷം തന്‍റെ പെന്‍ഷന്‍ തുകയുടെ ഭൂരിഭാഗവും അദ്ദേഹം സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായാണ് വിനിയോഗിച്ചത്. കേരളത്തില്‍ കഴിഞ്ഞ വര്‍ഷം പ്രളയമുണ്ടായപ്പോഴും അദ്ദേഹം സഹായവുമായെത്തിയിരുന്നു. സ്വതന്ത്ര്യാനന്തര ഇന്ത്യയുടെ പ്രധാന രാഷ്ട്രീയ സാഹചര്യങ്ങളിൽ നിർണായക സ്ഥാനങ്ങൾ വഹിച്ചിരുന്ന വി ആർ ലക്ഷ്മി നാരായണൻ തന്‍റെ 91ആം വയസിൽ വിട പറയുമ്പോൾ നഷ്ടമാകുന്നത് സംഭവബഹുലമായ ഒരു കാലഘട്ടത്തിന്‍റെ സാക്ഷിയെക്കൂടിയാണ്.

സർവീസ് അനുഭവങ്ങൾ പങ്കുവയ്ക്കുന്ന ‘അപ്പോയ്മെന്റ്സ് ആൻഡ് ഡിസപ്പോയ്മെന്റ്സ് : മൈ ലൈഫ് ഇൻ ദി ഇന്ത്യൻ പൊലീസ് സർവീസ്’ ഉൾപ്പെടെയുള്ള പുസ്തകങ്ങളും എഴുതിയിട്ടുണ്ട്.

കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി സ്വദേശിയാണ്. അണ്ണാ നഗറിലെ വസതിയിലായിരുന്നു അന്ത്യം. സംസ്കാരം നാളെ രാവിലെ എട്ടിനു ന്യൂ ആവഡി റോഡ് വൈദ്യുതി ശ്മശാനത്തിൽ.

പരേതയായ സീതയാണു ഭാര്യ. മക്കൾ: ഡോ.സുരേഷ് (യുഎസ്), ഉഷ (യുഎസ്), ഡോ.രമ ( ഹെൽത്ത് ഓഫിസർ, ലോകാരോഗ്യ സംഘടന). മരുമക്കൾ: പൂർണിമ, രവി, അലി ഫൈറസ്.