ഷെറിൻ പി യോഹന്നാൻ
ഒരു യന്ത്രം കണക്കെ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന മണിലാൽ രാമചന്ദ്രൻ.. നിർവികാരമായി മുന്നോട്ട് പോകുന്ന ജീവിതം… അന്യനാട്ടിലെ ഏകാന്തവാസം അയാളെ തീർത്തും ഒരു മരവിച്ച മനസ്സിന് ഉടമയാക്കി തീർത്തു. ഇവിടെ നിന്നാണ് കൃഷാന്ദ് സംവിധാനം ചെയ്ത വൃത്താകൃതിയിലുള്ള ചതുരം കഥ പറഞ്ഞു തുടങ്ങുന്നത്. മലയാളത്തിൽ നിന്ന് മത്സരവിഭാഗത്തിൽ പ്രദർശിപ്പിച്ച രണ്ടുചിത്രങ്ങളിൽ ഒന്ന്.
കൊറിയയിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആണ് മണി. ഇന്റർവ്യൂന് വേണ്ടി തന്റെ പ്രൊഫൈൽ കാണാതെ പഠിക്കുന്ന മണിയെ ആണ് ആദ്യം പരിചയപ്പെടുക. എന്നാൽ അപ്രതീക്ഷിതമായ ആ വിളി അയാളെ നാട്ടിലേക്ക് പോകാൻ നിർബന്ധിതനാകുന്നു. സ്വന്തം അച്ഛന്റെ മരണവാർത്തയാണ്. യാതൊരു ഭാവമാറ്റവും കൂടാതെ മണി അത് കേൾക്കുന്നു. തിരുവനന്തപുരത്തേക്ക് തിരിച്ചെത്തുന്ന മണി പിന്നീട് നടത്തുന്ന യാത്രകളും കണ്ടുമുട്ടുന്ന ജീവിതയാഥാർഥ്യങ്ങളുമാണ് സിനിമ ചർച്ച ചെയ്യുന്നത്.
ഒറ്റയ്ക്കു ജീവിച്ച അച്ഛൻ വീട്ടിൽ കിടന്ന് മരിച്ച്, നാല് ദിവസം അവിടെ തന്നെ കിടക്കുന്നു. ആദ്യം ‘തന്നെ’ കാണാതെ പഠിച്ച മണി പിന്നീട് അച്ചന്റെ മരണത്തെ കാണാതെ പഠിക്കുന്നു. പിന്നീട് അച്ചന്റെ സൈക്കിളിൽ എറണാകുളത്തേക്കും പിന്നീട് കുംതയിലേക്കും അവിടെ നിന്ന് മൃദുലനും ചിന്നുമായി വരാണസിയിലേക്കും യാത്ര നടത്തുന്ന മണി ജീവിതം തിരിച്ചറിയുന്നു.. കുടുംബബന്ധങ്ങൾ അറിയുന്നു… മനുഷ്യനെ അടുത്തറിയുന്നു. കൊറിയയും കേരളവും കർണാടകയും വരാണസിയും സിനിമയിൽ നിറയുന്നു. സൈക്കിളും വിമാനവും തീവണ്ടിയും യാത്രയ്‌ക്കെത്തുന്നു.. പുഴയും മലയും കാടും കാഴ്ചക്കാരന് വിരുന്നേകുന്നു.
യാത്രയും മരണവും ജീവിതവും കൂട്ടിയിണക്കിയ ചിത്രം. അവസാനം മോക്ഷഗംഗയിൽ മുങ്ങിനിവരുന്ന മണി അസ്വസ്ഥമായ സ്വപ്നങ്ങളിൽ നിന്നും മോചിതനാവുന്നു… വികാരമുള്ളവനായി മാറ്റപ്പെടുന്നു. ഏകാന്ത വാസവും നഷ്ടമാകുന്ന പിതൃ – പുത്ര ബന്ധവും സിനിമയിൽ നിറയുന്നു. മരണവും നീണ്ട യാത്രയും കൂട്ടിയിണക്കി സ്വാഭാവിക നർമത്തിൽ തന്നെ കഥ പറഞ്ഞവസാനിപ്പിക്കുന്നു. മാതാപിതാക്കളെ ഒറ്റയ്കാക്കുന്ന മക്കൾ കണ്ടിരിക്കേണ്ട ചിത്രം.
Leave a Reply