ശബരിമല: ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളിൽ പൊതിഞ്ഞിരുന്ന സ്വർണ്ണത്തിന്റെ അളവിൽ ഗണ്യമായ കുറവുണ്ടെന്ന നിർണ്ണായക കണ്ടെത്തലുമായി വിക്രം സാരാഭായ് സ്പേസ് സെന്റർ (വിഎസ്എസ്സി) തയ്യാറാക്കിയ ശാസ്ത്രീയ പരിശോധനാ റിപ്പോർട്ട്. 1998ൽ ശില്പങ്ങളിൽ പൊതിഞ്ഞ സ്വർണ്ണത്തിന്റെ ഭാരവും നിലവിലെ ഭാരവും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. പ്രത്യേകിച്ച് ദ്വാരപാലക ശില്പങ്ങളിലും കട്ടിള പാളികളിലാണ് സ്വർണ്ണക്കുറവ് കണ്ടെത്തിയത്. 1998ൽ സ്വർണം പൊതിഞ്ഞ മറ്റ് പാളികളുമായി നടത്തിയ താരതമ്യ പരിശോധനയിലാണ് ഈ കണ്ടെത്തൽ.
ദ്വാരപാലക ശില്പങ്ങൾ, കട്ടിള പാളികൾ തുടങ്ങിയ 15 സാമ്പിളുകളുടെ പരിശോധനാഫലമാണ് റിപ്പോർട്ടിലുള്ളത്. ചെമ്പുപാളികളിലെ സ്വർണ്ണത്തിന്റെ അളവും അതിന്റെ പഴക്കവും വിലയിരുത്തിയ പഠനം ശബരിമലയിൽ വലിയ തോതിലുള്ള സ്വർണ്ണക്കൊള്ള നടന്നിട്ടുണ്ടെന്ന സംശയം ശക്തിപ്പെടുത്തുന്നു. അയ്യപ്പന്റെ മുന്നിൽ കാവൽ നിൽക്കുന്ന ശില്പങ്ങളിൽ പൊതിഞ്ഞിരുന്ന പഴയ സ്വർണ്ണമാണ് കാണാതായതെന്നതാണ് പ്രധാന കണ്ടെത്തൽ.
വിഎസ്എസ്സി സീൽ ചെയ്ത കവറിൽ നൽകിയ പരിശോധനാഫലം കഴിഞ്ഞ ദിവസം കൊല്ലം വിജിലൻസ് കോടതിയിൽ സമർപ്പിച്ചിരുന്നു. പിന്നീട് കോടതി റിപ്പോർട്ട് പ്രത്യേക അന്വേഷണ സംഘത്തിന് (SIT) കൈമാറി. ഈ റിപ്പോർട്ട് നാളെ ഹൈക്കോടതിയിൽ സമർപ്പിക്കും. കാണാതായ യഥാർത്ഥ സ്വർണ്ണം എവിടേക്ക് പോയി, പകരം വെച്ചിരിക്കുന്നത് പുതിയ സ്വർണ്ണമാണോ തുടങ്ങിയ കാര്യങ്ങളാണ് ഇനി അന്വേഷണ സംഘം കണ്ടെത്തേണ്ടത്. കേസിന്റെ തുടർനടപടികൾ തീരുമാനിക്കുന്നതിൽ ഈ റിപ്പോർട്ട് നിർണ്ണായകമാകും.











Leave a Reply