തുറന്ന കത്തില്‍ റിപ്പബ്ലിക് ചാനല്‍ തലവന്‍ അര്‍ണാബ് ഗോസ്വാമിക്ക് വായടക്കുന്ന മറുപടി നല്‍കിയ എം.ബി.രാജേഷ് എംപിക്ക് വി.ടി.ബല്‍റാമിന്റെ അഭിനന്ദനം. മണിശങ്കര്‍ അയ്യര്‍ക്ക് ശേഷം അര്‍ണാബ് കൗസ്വാമിക്ക് വായടപ്പന്‍ മറുപടി കൊടുത്ത എം.ബി.രാജേഷ് എം.പിക്ക് അഭിനന്ദനങ്ങള്‍. ഇന്നത്തെ പല മാധ്യമപ്രവര്‍ത്തന ശൈലികളും ഓഡിറ്റ് ചെയ്യപ്പെടേണ്ടതാണെന്നും ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.
ഇന്ത്യന്‍ സൈന്യത്തെ കോടിയേരി ബാലകൃഷ്ണന്‍ അപമാനിച്ചു എന്ന് ആരോപിച്ചുകൊണ്ട് റിപ്പബ്ലിക് ചാനല്‍ നടത്തിയ ചര്‍ച്ചയില്‍ പാനലിലുണ്ടായിരുന്ന എം.ബി.രാജേഷിനെ സംസാരിക്കാന്‍ അനുവദിക്കാതെ ചോദ്യങ്ങള്‍ ചോദിക്കുകയും മറ്റുള്ള അതിഥികളിലേ്ക്കു മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയുമായിരുന്നു അര്‍ണാബ്. ഈ വിഷയത്തില്‍ എം.ബി രാജേഷ് എന്തിനാണ് ചര്‍ച്ചയ്ക്ക് പോയത് എന്ന വിധത്തിലുള്ള ചോദ്യങ്ങളും ഉയര്‍ന്നിരുന്നു. ഇക്കാര്യങ്ങളിലുള്ള വിശദീകരണവുമായാണ് രാജേഷ് ഇന്നലെ തുറന്ന കത്ത് പോസ്റ്റ് ചെയ്തത്.
രാജേഷിനെക്കാളും മുതിര്‍ന്ന നേതാക്കളെ താന്‍ കൈകാര്യം ചെയ്തിട്ടുണ്ടെന്നാണ് അര്‍ണാബ് ചര്‍ച്ചയില്‍ പറഞ്ഞത്. മെയ് 26ന് നടന്ന ചര്‍ച്ചയില്‍ ഇതു മാത്രമേ അര്‍ണാബ് പറഞ്ഞതില്‍ സത്യമുള്ളൂ എന്ന് പറഞ്ഞാണ് കത്ത് തുടങ്ങുന്നത്. അഹങ്കാരം, അസഹിഷ്ണുത,വിലകുറഞ്ഞ സംസ്‌കാരം എന്നിവയാണ് ഈ പ്രസ്താവന കാണിക്കുന്നത്. താനൊരു വലിയ നേതാവല്ലെന്ന് സമ്മതിക്കുന്നു എന്നാല്‍ മറ്റ് അവതാരകരില്‍ നിന്ന് എനിക്ക് സത്യസന്ധവും മാന്യവും അറിവ് നിറഞ്ഞതും സംസ്‌കാരം നിറഞ്ഞതമായുള്ള പെരുമാറ്റം ലഭിച്ചിട്ടുണ്ടെന്നും രാജേഷ് പറയുന്നു.
താങ്കള്‍ക്ക് വിഷയത്തെ കുറിച്ചുള്ള ജ്ഞാനം, വിശ്വാസ്യത, മാധ്യമ പ്രവര്‍ത്തകനു വേണ്ട ആത്മവിശ്വാസം പോലുമില്ലെന്നാണ് തനിക്ക് താങ്കളെ കുറിച്ച് തോന്നുന്നത്. അത് കൊണ്ടാണ് താങ്കള്‍ പൊട്ടിത്തെറിക്കുകയും കുരക്കുകയും ചെയ്യുന്നതെന്നും രാജേഷ് അര്‍ണാബിനെ പരിഹസിച്ചു. താന്‍ കണ്ടതില്‍ ഏറ്റവും ധാര്‍മ്മികത കുറഞ്ഞ മാധ്യമ പ്രവര്‍ത്തകനാണ് അര്‍ണാബം എന്നും കത്തില്‍ രാജേഷ് പരിഹസിക്കുന്നു.
മോഡി സര്‍ക്കാരിന്റെ മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് സംസാരിക്കുന്നതിന് വേണ്ടിയാണ് എന്നെ റിപ്പബ്ളിക്ക് ചാനലില്‍ നിന്ന് വിളിക്കുന്നത്. 10 മണിമുതല്‍ 10: 15 വരെയാണ് ചര്‍ച്ച എന്നായിരുന്നു അറിയിച്ചത്. 9.50 ന് ഏഷ്യാനെറ്റിന്റെ പാലക്കാട് സ്റ്റുഡിയോയിലെത്തിപ്പോഴാണ് ചര്‍ച്ച മാറ്റിയെന്നും കോടിയേരി നടത്തി എന്ന് പറയുന്ന പ്രസംഗത്തെ കുറിച്ചുമാണ് ചര്‍ച്ച എന്ന് പറഞ്ഞത്. അപ്പോള്‍ വേണമെങ്കില്‍ എനിക്ക് പോവാമായിരുന്നു. പക്ഷെ പിന്നീട് ഞാന്‍ ചര്‍ച്ചയില്‍ നിന്ന് ഓടി രക്ഷപ്പെട്ടു എന്ന് പ്രചരിപ്പിക്കും എന്നത് ഓര്‍ത്താണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.
കോടിയേരി ബാലകൃഷ്ണന്‍ സൈന്യത്തിനെതിരെയല്ല, മറിച്ച് അഫ്സ്പ നിയമത്തിന്റെ മറവില്‍ നടക്കുന്ന അക്രമണങ്ങളെ കുറിച്ചാണ് പറഞ്ഞത്. കേരളത്തിലെ ഒരു ചാനലില്‍ പോലും സൈന്യത്തിനെതിരെയെന്ന പേരില്‍ വാര്‍ത്ത വന്നിട്ടില്ല. ഏഷ്യാനെറ്റില്‍ പോലും ഈ വിധത്തില്‍ വാര്‍ത്ത വന്നില്ല. ഇക്കാര്യം മറച്ചുവെച്ച് ഒരു സംഘഭക്തനെപ്പോലെയാണ് താങ്കള്‍ പെരുമാറിയതെന്നും രാജേഷ് അര്‍ണാബിനോട് പറയുന്നു.
ഒരു സൈനിക ആശുപത്രിയില്‍ ജനിക്കുകയും സൈനിക കേന്ദ്ര പരിസരങ്ങളില്‍ ജീവിക്കുകയും ചെയ്ത ആളാണ് ഞാന്‍. ഒരു സൈനികന്റെ മകനാണ് ഞാന്‍. താങ്കള്‍ സത്യസന്ധമായി സൈന്യത്തിനു വേണ്ടി എന്താണ് ചെയ്തിട്ടുള്ളത്? സമയമുണ്ടെങ്കില്‍ താങ്കളുടെ ചര്‍ച്ചകളുടെ വീഡിയോകള്‍ ഒന്നു കൂടി കാണണമെന്നും മറ്റ് ജോലികള്‍ ചെയ്യുന്നതിനെക്കുറിച്ച് കാര്യമായി ആലോചിക്കണമെന്നും രാജേഷ് പറയുന്നു.
Leave a Reply