ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- റഷ്യൻ പ്രൈവറ്റ് മിലിറ്ററി ഗ്രൂപ്പായ വാഗ്നറിനെ തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കാൻ തീരുമാനിച്ചിരിക്കുകയാണ് യുകെ ഗവൺമെന്റ്. അതായത് ഈ സംഘടനയിൽ അംഗമാകുകയോ സംഘടനയെ പിന്തുണയ്ക്കുകയോ ചെയ്യുന്നത് ഇനി മുതൽ നിയമവിരുദ്ധമായി കണക്കാക്കപ്പെടും. പാർലമെന്റിൽ സമർപ്പിക്കുന്ന കരട് ഉത്തരവ് പ്രകാരം വാഗ്നർ ഗ്രൂപ്പിന്റെ സ്വത്തുക്കൾ തീവ്രവാദ സ്വത്തായി തരംതിരിക്കാനും കണ്ടുകെട്ടാനും നിയമപ്രകാരം അനുമതി ഉണ്ടാകും.
വ്ളാടിമിർ പുടിന്റെ റഷ്യയുടെ ഒരു ഉപകരണമായ വാഗ്നർ തികച്ചും അക്രമാസക്തമാണെന്ന് ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി പറഞ്ഞു. ഉക്രൈനിലും ആഫ്രിക്കയിലുമുള്ള വാഗ്നർ ഗ്രൂപ്പിന്റെ പ്രവർത്തനം ആഗോള സുരക്ഷയ്ക്ക് തന്നെ ഭീഷണിയാണെന്ന് ആഭ്യന്തര സെക്രട്ടറി സുയല്ല ബ്രാവർമാൻ വ്യക്തമാക്കി. വാഗ്നറുടെ തുടർച്ചയായ അസ്ഥിരപ്പെടുത്തുന്ന പ്രവർത്തനങ്ങൾ ക്രെംലിനിന്റെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി മാത്രമാണ്. അവർ തീവ്രവാദികൾ ആണെന്നും അതിനാൽ തന്നെ അവരെ നിരോധിക്കേണ്ടത് ആവശ്യമാണെന്നും ആഭ്യന്തര സെക്രട്ടറി കൂട്ടിച്ചേർത്തു. റഷ്യയുടെ ഉക്രൈൻ അധിനിവേശത്തിലും, സിറിയയിലും ആഫ്രിക്കയിലെ ലിബിയയും മാലിയും ഉൾപ്പെടെയുള്ള രാജ്യങ്ങളിലുമുള്ള അധിനിവേശങ്ങളിലും വാഗ്നർ ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ഉക്രേനിയൻ പൗരന്മാരെ കൊല്ലുകയും പീഡിപ്പിക്കുകയും ചെയ്യുന്നതുൾപ്പെടെയുള്ള നിരവധി കുറ്റകൃത്യങ്ങൾ വാഗ്നർ ഗ്രൂപ്പിന്റെ പോരാളികൾ നടത്തിയിട്ടുണ്ട്.
2020ൽ ലിബിയൻ തലസ്ഥാനമായ ട്രിപ്പോളിക്ക് ചുറ്റും വാഗ്നർ സൈനികർ കുഴിബോംബുകൾ സ്ഥാപിച്ചതായി യുഎസ് ആരോപിച്ചു. അതോടൊപ്പം തന്നെ ജൂലൈയിൽ മാലിയിലും സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്കിലും വാഗ്നർ സംഘം കൊലപാതകങ്ങളും പീഡനങ്ങളും നടത്തിയതായി ബ്രിട്ടനും ആരോപിച്ചു. എന്നാൽ റഷ്യൻ ഗവൺമെന്റിനും നേതാക്കൾക്കും എതിരെ വാഗ്നർ ഗ്രൂപ്പ് നേതാവ് യെവ്ജെനി പ്രിഗോഷിൻ കലാപം നടത്തുവാൻ പരിശ്രമിച്ചതോടെ ഗ്രൂപ്പിന്റെ ഭാവി അനിശ്ചിതത്വത്തിലാണ്. 2014 ൽ വാഗ്നർ ഗ്രൂപ്പ് സ്ഥാപിച്ച പ്രിഗോഷിൻ ഈ വർഷം ഓഗസ്റ്റ് 23 ന് മറ്റ് വാഗ്നർ നേതാക്കൾക്കൊപ്പം സംശയാസ്പദമായ വിമാനാപകടത്തിൽ കൊല്ലപ്പെടുകയും ചെയ്തതായുള്ള റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. യുകെയിലെ മറ്റ് നിരോധിത സംഘടനകളായ ഹമാസ്, ബോക്കോ ഹറാം എന്നിവയ്‌ക്കൊപ്പം വാഗ്നർ ഗ്രൂപ്പിന്റെ പേരും ചേർക്കാനാണ് ഇപ്പോൾ തീരുമാനമായിരിക്കുന്നത്.
Leave a Reply