ന്യൂസ് ഡെസ്ക് , മലയാളം യുകെ

ലണ്ടൻ : സൗത്ത് യോർക്ക്ഷെയറും ടയർ 3 നിയന്ത്രണത്തിലേക്ക് പ്രവേശിച്ചതോടെ ഇംഗ്ലണ്ടിലെ 73 ലക്ഷത്തോളം ജനങ്ങൾ ഇപ്പോൾ കർശന നിയന്ത്രണങ്ങൾക്ക് കീഴിലാണ് കഴിയുന്നത്. ഡോൺകാസ്റ്റർ, റോതർഹാം, ഷെഫീൽഡ് എന്നിവയുൾപ്പെടെയുള്ള പ്രദേശങ്ങൾ ഇന്നലെ അർദ്ധരാത്രി മുതൽ വെരി ഹൈ അലേർട്ട് ലെവലിൽ ആയി കഴിഞ്ഞു. നടപടികൾ ആവശ്യമാണെന്ന് ഷെഫീൽഡ് സിറ്റി റീജിയന്റെ മേയർ പറഞ്ഞു. എന്നാൽ ടയർ 3ൽ നിന്നും പുറത്തുവരാനുള്ള മാനദണ്ഡങ്ങൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കാൻ അദ്ദേഹം സർക്കാരിനോട് ആവശ്യപ്പെട്ടു. അതേസമയം വെയിൽസ് ഇപ്പോൾ ഒരു ലോക്ക്ഡൗണിന് കീഴിലാണ്. വെയിൽസിൽ നിന്ന് അനാവശ്യ യാത്രകൾ നടത്തുന്നുവെന്ന് സംശയിക്കുന്ന വാഹനങ്ങൾ തടയുമെന്ന് ഗ്ലൗസെസ്റ്റർഷയർ കോൺസ്റ്റാബുലറി അറിയിച്ചു. വ്യക്തമായ കാരണമില്ലാതെ യാത്ര ചെയ്യുന്നവർക്ക് പിഴ ചുമത്താൻ പോലീസിന് അധികാരമുണ്ട്. രാജ്യത്ത് ഇന്നലെ 23,012 പുതിയ കോവിഡ് കേസുകളും 174 മരണങ്ങളും റിപ്പോർട്ട്‌ ചെയ്തു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അതേസമയം ചില ക്ലാസ്സുകളിലെ വിദ്യാർത്ഥികളെ വീട്ടിലേക്ക് അയക്കുന്നതാണ് അണുബാധ നിരക്ക് നിയന്ത്രിക്കാനുള്ള ഏക മാർഗ്ഗമെന്ന് പ്രമുഖ എപ്പിഡെമിയോളജിസ്റ്റ് മുന്നറിയിപ്പ് നൽകി. നിയമങ്ങളിൽ ഇളവ് വരുത്തിയാൽ മരണങ്ങൾ വർദ്ധിക്കുമെന്നും മുൻ സർക്കാർ ശാസ്ത്ര ഉപദേഷ്ടാവായ പ്രൊഫ. നീൽ ഫെർഗൂസൺ പറഞ്ഞു. ക്രിസ്‌തുമസ്സിനെക്കുറിച്ചും ഒന്നോ രണ്ടോ ദിവസത്തേക്ക് ലോക്ക്ഡൗൺ നിയമങ്ങളിൽ ഇളവ് വരുത്തുന്നതിന്റെ പ്രത്യാഘാതത്തെക്കുറിച്ചും പ്രൊഫ. ഫെർഗൂസനോട് ചോദിക്കുകയുണ്ടായി. അതിന് അനന്തരഫലങ്ങൾ ഉണ്ടാകുമെന്ന് അദ്ദേഹം മറുപടി നൽകി. ആളുകൾ കുടുംബത്തോടൊപ്പം ക്രിസ്മസ് ആഘോഷിക്കണമെന്നത് പ്രധാനമന്ത്രിയുടെ ആഗ്രഹമാണെന്ന് നമ്പർ 10 പറഞ്ഞതിന് ശേഷമാണ് ഇതരത്തിലുള്ള അഭിപ്രായം പുറത്തുവരുന്നത്. ഡിജിറ്റൽ ആഘോഷങ്ങൾക്ക് ആളുകൾ തയ്യാറാകണമെന്ന് സ്‌കോട്ട്‌ലൻഡിലെ ദേശീയ ക്ലിനിക്കൽ ഡയറക്ടർ ജേസൺ ലീച്ച് അഭിപ്രായപ്പെട്ടു. ജീവൻ രക്ഷിക്കുകയാണ് മുൻഗണനയെന്ന് വെയിൽസിന്റെ ഫസ്റ്റ് മിനിസ്റ്റർ അറിയിച്ചു.

കോവിഡ് കേസുകളുടെയും ആശുപത്രി പ്രവേശനത്തിന്റെയും വർദ്ധനവിന് പരിഹാരം തേടിയാണ് വെയിൽസ് 17 ദിവസത്തേക്ക് ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. കാലതാമസം കൂടുതൽ ദോഷം വരുത്തുമെന്ന് വെൽഷ് സർക്കാർ പറഞ്ഞു. വെയിൽസിലെ ആശുപത്രിയിലെ രോഗികളുടെ എണ്ണം ജൂണിനുശേഷം ഇപ്പോൾ ഏറ്റവും ഉയർന്നതാണെന്ന് എൻഎച്ച്എസ് വെയിൽസ് കണക്കുകൾ വ്യക്തമാക്കുന്നു. അനിവാര്യമല്ലാത്ത മിക്ക ബിസിനസുകളും വെയിൽസിൽ അടഞ്ഞുകിടക്കുകയാണ്. സ്കോട്ട്ലൻഡിൽ നവംബർ 2 മുതൽ 5 ലെവൽ സംവിധാനം ഏർപ്പെടുത്തുമെങ്കിലും സ്കൂളുകൾ തുറന്നിരിക്കും. ഇംഗ്ലണ്ടിലെയും വെയിൽസിലെയും ദശലക്ഷക്കണക്കിന് ആളുകൾക്ക് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിന് പിന്നാലെയാണ് സ്കോട്ട്ലൻഡിന്റെ ഈ നീക്കം.