ഡോ. ഐഷ വി കഴിഞ്ഞ രണ്ട് വർഷമായി എല്ലാ ഞായറാഴ്ചയും മലയാളം യുകെ . കോമിൽ പ്രസിദ്ധീകരിച്ചു കൊണ്ടിരുന്ന ഓർമ്മ ചെപ്പ് തുറന്നപ്പോൾ എന്ന പംക്തി ആദ്യ 100 അധ്യായങ്ങൾ ചേർത്തുള്ള പുസ്തക പ്രകാശനം പ്രൗഢഗംഭീരമായ സദസിന് സാക്ഷിയാക്കി തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിൽ വച്ച് നടന്നു. പ്രമുഖ കവിയും അധ്യാപകനും മലയാളം മിഷൻ രജിസ്ട്രാറുമായ ശ്രീ വിനോദ് വൈശാഖി ഉത്‌ഘാടനം നിർവഹിച്ച ചടങ്ങിൽ സമാദാരണീയനും നവതി ആഘോഷിക്കുകയും ചെയ്യുന്ന പ്രശസ്ത കവി ആറ്റിങ്ങൽ ദിവാകരൻ പുസ്തകം ഏറ്റുവാങ്ങി. വൈജ്ഞാനികവും സാമൂഹികവും ജൈവികവും രാഷ്ട്രീയവുമായ അടിത്തറയുള്ള നാലു തൂണുകളിലാണ് ഓർമ്മചെപ്പ് ഉയർത്തിയിരിക്കുന്നതെന്ന് ശ്രീ വിനോദ് വൈശാഖി തൻെറ ഉത്‌ഘാടന പ്രസംഗ മധ്യേ പറഞ്ഞു .

എഴുത്തുകാരനും , കമ്പ്യൂട്ടർ സയൻസ് വിഭാഗം മേധാവിയുമായ റ്റിജി തോമസ് സ്വാഗതം പറഞ്ഞ ചടങ്ങിൽ പി ബുക്ക്സ് കോ ഓർഡിനേറ്റർ പിങ്കി എസ് അധ്യക്ഷത വഹിച്ചു . ചിറക്കര ഗ്രാമ പഞ്ചായത്ത് ഇടവട്ടം വാർഡ് മെമ്പർ ശ്രീമതി സജില റ്റി എസ് , ശ്രീ ആർ രാധാകൃഷ്ണൻ ( രാഷ്ട്രപതിയുടെ മികച്ച അധ്യാപകനുള്ള അവാർഡ് ജേതാവ്), കുര്യച്ചൻ റ്റി ഡി ( വൈസ് പ്രസിഡന്റ്, കലാ സാംസ്കാരിക കമ്മിറ്റി കൺവീനർ, IHRD എംപ്ലോയീസ് യൂണിയൻ), ശ്രീ ഷാജി സേനൻ (കവി, സാഹിത്യകാരൻ), ശ്രീ അഖിൽ പുതുശ്ശേരി ( യുവ കവി), ഡോ. അനിത വി ( മേധാവി , ഡിപാർട്ട്മെന്റ് ഓഫ് എക്കണോമിക്സ് , യൂണിവേഴ്സിറ്റി ഓഫ് കേരള) എന്നിവർ ആശംസകൾ അർപ്പിച്ചു. പുസ്തക രചയിതാവ് ഡോ. ഐഷ വി കൃതജ്ഞത പറഞ്ഞു.


ഓർമ്മച്ചെപ്പിൽ ചിത്രങ്ങൾ വരച്ചത് ചിത്രകാരിയും എഴുത്തുകാരിയുമായ അനുജ സജീവാണ്. ഓർമ്മച്ചെപ്പ് പുസ്തകത്തിൻറെ കവർപേജും രൂപകല്പനയും നടത്തിയത് പ്രശസ്ത കാർട്ടൂണിസ്റ്റ് ഒ.സി രാജുവാണ്.

ഓർമ്മകൾ വരികളിലൂടെ അനശ്വരമാക്കാനുള്ള ഒരു ശ്രമമാണ് ഈ ഓർമ്മക്കുറിപ്പുകൾ . സ്വന്തം ജീവിതാനുഭവങ്ങളും ജീവിതവഴിയിൽ പരിചയപ്പെട്ടവരുടേയും ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും അനുഭവങ്ങളും രചനയ്ക്ക് വിഷയമായിട്ടുണ്ട്. പലരുടേയും പോരാട്ടങ്ങളും അതിജീവന കഥകളും ഓർമ്മച്ചെപ്പിൽ ഉൾക്കൊള്ളുന്നു .19 – 20 നൂറ്റാണ്ടുകളിൽ ജീവിച്ചിരുന്ന ചിലരുടെ ജീവിതങ്ങളും ഇതിലുണ്ട്. രണ്ടാം ലോകമഹായുദ്ധകാലത്ത് പോർമുഖങ്ങളിൽ ഉണ്ടായിരുന്നവരേയും അന്നത്തെ ജനങ്ങളുടെ ദുരിതാ ദുരിതാവസ്ഥയേയും പരാമർശിക്കുന്നുണ്ട്. സാധാരണ മനുഷ്യർ മൺമറഞ്ഞാൽ പിന്നെ അവരെക്കുറിച്ചുള്ള ഓർമ്മകളും വിസ്മൃതിയിലാഴും . എന്നാൽ അവരിൽ പലരും നമ്മുടെ നാടിൻറെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണഭൂതരായിട്ടുള്ളവരാണെന്ന സന്ദേശവും ഈ പുസ്തകം മുമ്പോട്ട് വയ്ക്കുന്നു. പപ്പായ, മുരിങ്ങ തുടങ്ങിയ സസ്യങ്ങളുടെ ഔഷധ ഗുണത്തെപ്പറ്റിയും കൂവരക് , കുരുമുളക്, കൂവക്കിഴങ്ങ് പൊടി , മഞ്ഞൾപൊടി തുടങ്ങിയവയുടെ സൂക്ഷിപ്പുകാലത്തെപ്പറ്റിയും ഇവിടെ പരാമർശിക്കുന്നു.