മലയാളം യു കെ ന്യൂസ് ടിം
വാല്‍സിംഹാം. ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ രണ്ടാമത് വാല്‍സിംഹാം തീര്‍ത്ഥാടനം ഇന്നലെ നടന്നു. രൂപത രൂപീകൃതമായതിനു ശേഷമുള്ള രണ്ടാമത് തീര്‍ത്ഥാടനമാണിത്. രൂപതയുടെ എല്ലാ റീജിയണില്‍ നിന്നുമായി ആയിരങ്ങള്‍ വാല്‍സിംഹാമിലേയ്ക്ക് ഒഴുകിയെത്തിയപ്പോള്‍ രണ്ടാം ജന്മദിനം ആഘോഷിക്കാനൊരുങ്ങുന്ന ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ കൂട്ടായ്മയാണ് ഇവിടെ പ്രതിഫലിച്ചത്.
രാവിലെ ഒമ്പത് മണിക്ക് റവ. ഫാ. സോജി ഓലിക്കലിന്റെ വചനപ്രഘോഷണത്തോടെ തീര്‍ത്ഥാടന ശുശ്രൂഷകള്‍ ആരംഭിച്ചു. ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പരിശുദ്ധ അമ്മയുടെയും വി. തോമ്മാസ്ലീഹായുടേയും തിരുസ്വരൂപം വെഞ്ചരിച്ച് പരസ്യ വണക്കത്തിനായി വെച്ചു. പതിന്നൊന്നു മണിയോടെ അവസാനിച്ച വചനപ്രഘോഷണത്തിനു ശേഷം അടിമ വെയ്ക്കലിനും നേര്‍ച്ച കാഴ്ചകള്‍ അര്‍പ്പിക്കുവാനുള്ള സമയമായിരുന്നു. ഒരു മണിക്ക് പരിശുദ്ധ അമ്മയുടെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള പ്രസിദ്ധമായ പ്രദക്ഷിണമി റങ്ങി. വാദ്യമേളങ്ങളും കൊടിതോരണങ്ങളും മുത്തുക്കുടകളുമായി വിശുദ്ധ കുരിശിന്റെ പിറകില്‍ ജപമാല രഹസ്യങ്ങളും പ്രാര്‍ത്ഥനകളും ചൊല്ലി അത്യധികം ഭക്തിനിര്‍ഭരമായ പ്രദക്ഷിണത്തില്‍ ആയിരങ്ങള്‍ പങ്കുകൊണ്ടു. ഇരുപത് ജപമാല സ്റ്റേഷനുകളില്‍ പ്രദക്ഷിണം തീരുവോളം ജപമാല മന്ത്രങ്ങള്‍ ഉരുവിട്ടിരുന്നു. വിശ്വാസത്തിന്റെ തീഷ്ണത ഒട്ടും നഷ്ടപ്പെടുത്താതെ പ്രദക്ഷിണത്തില്‍ പങ്കെടുക്കാന്‍ ഈ ജപമാല സ്റ്റേഷനുകള്‍ കാരണമായി. നൂറ് വര്‍ഷങ്ങള്‍ക്ക് ശേഷം യുകെ ആതിഥ്യമരുളുന്ന ദിവ്യകാരുണ്യ കോണ്‍ഗ്രസ് ‘അഡോറേമൂസ്’ 2018 സെപ്റ്റംബര്‍ 7 മുതല്‍ 9 വരെ ലിവര്‍പൂളില്‍ വെച്ചു നടക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ദിവ്യകാരുണ്യം വഹിച്ചുകൊണ്ടാണ് പ്രദക്ഷിണം നടന്നത്.
രണ്ടരയോടെ പ്രദക്ഷിണം ദേവാലയത്തില്‍ പ്രവേശിച്ചു. മൂന്നു മണിക്ക് അത്യധികം ഭക്തിനിര്‍ഭരമായ വിശുദ്ധ കുര്‍ബാന നടന്നു. പതിനെട്ടോളം വൈദീകര്‍ സഹകാര്‍മ്മികരായ വിശുദ്ധ കുര്‍ബാനയില്‍ അഭിവന്ദ്യ പിതാവ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യകാര്‍മ്മികനായി. റവ. ഫാ. സെബാസ്റ്റ്യന്‍ ചാമക്കാലയുടെ നേതൃത്വത്തിലുള്ള ഗായക സംഘം വിശുദ്ധ കുര്‍ബാനയുടെ ഗാനങ്ങളാലപിച്ചു. അഭിവന്ദ്യ പിതാവ് വിശുദ്ധ കുര്‍ബാനയോടൊപ്പം തീര്‍ത്ഥാടനത്തിനെത്തിയ വിശ്വാസികള്‍ക്ക് സന്ദേശം നല്‍കി.
വരാനിരിക്കു ലോകത്തിനെ ദൈവം ഇഹലോകത്തിന് കാണിച്ചു കൊടുത്തത് ഞായറാഴ്ചയാണ്.
ഞായറാഴ്ച ദിവസത്തെ അവഗണിക്കുന്നവര്‍ നിത്യ ജീവനെയാണ് പന്താടുന്നത്.
ഓഹരി വാങ്ങി പിതാവില്‍ നിന്ന് നാം അകലുമ്പോള്‍ നാം നഷ്ടപ്പെടുത്തുന്നത് പിതാവിന്റെ സ്‌നേഹമാണ്. അഭിവന്ദ്യ പിതാവ് പറഞ്ഞു. ആത്മ ശരീരങ്ങളോടെ സ്വര്‍ഗ്ഗത്തിലുള്ള പരിശുദ്ധ അമ്മയുടെ മാധ്യസ്ഥമാണ് നാം അപേക്ഷിക്കേണ്ടത്. പരിശുദ്ധ അമ്മയാകുന്ന ഈവന്റ് മാനേജര്‍ക്ക് നമ്മളെ ഏല്‍പ്പിച്ചു കൊടുക്കണം. ഈശോയോടൊപ്പമാണ് അമ്മ ഇരിക്കുന്നത്. ഞാന്‍ ഈ ഈവന്റ് മാനേജര്‍ക്കാണ് ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയെ ഏല്‍പ്പിച്ചു കൊടുത്തിരിക്കുന്നത്. രൂപതയുടെ പ്രശ്‌നങ്ങളില്‍ ഒരിക്കലും പതറാന്‍ അമ്മ എന്നെ അനുവദിച്ചിട്ടില്ല. തിടുക്കത്തില്‍ ഇടപെടുന്നയാളാണ് പരിശുദ്ധ അമ്മ. നിങ്ങളും അങ്ങനെയായിരിക്കണം. അഭിവന്ദ്യ പിതാവ് തന്റെ സന്ദേശത്തില്‍ കൂട്ടിച്ചേര്‍ത്തു.
ഇന്ന് രണ്ടാം ജന്മദിനം ആഘോഷിക്കുന്ന രൂപതയ്ക്ക് കഴിഞ്ഞ വര്‍ഷങ്ങളില്‍ പരിശുദ്ധ അമ്മയിലൂടെ ദൈവം നല്‍കിയ അനുഗ്രഹങ്ങളെ ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ അധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നന്ദിപൂര്‍വ്വം അനുസ്മരിച്ചു. സീറോ മലബാര്‍ വിശ്വാസികളുടെ സൗകര്യപ്രകാരം വരുംകാലങ്ങളില്‍ വാല്‍സിംഹാം തീര്‍ത്ഥാടനം ശനിയാഴ്ചയിലാക്കുവാന്‍ രൂപത ആലോചിക്കുന്നുണ്ടെന്നും അഭിവന്ദ്യ പിതാവ് അറിയിച്ചു.
വിശുദ്ധ കുര്‍ബാനയ്ക്കു ശേഷം കുട്ടികളുടെ വിശ്വാസ പരിശീലനത്തിന്റെ വിവിധ അവസരങ്ങളില്‍ ചൊല്ലുന്ന പ്രാര്‍ത്ഥനകളുടെ സമാഹാരം ‘ലാക്കുമാറ’ എന്ന പേരിലുള്ള പുസ്തകത്തിന്റെ പ്രകാശന കര്‍മ്മം അഭിവന്ദ്യ പിതാവ് നിര്‍വ്വഹിച്ചു. തുടര്‍ന്ന് വാല്‍സിംഹാം തീര്‍ത്ഥാടനത്തിനെത്തിയ സീറോ മലബാര്‍ വിശ്വാസികള്‍ക്ക് കോര്‍ഡിനേറ്റര്‍ റവ. ഫാ. ഫിലിപ്പ് പന്തമാക്കല്‍ കിംഗ്‌സിലിന്‍ കമ്മ്യൂണിറ്റിയുടെ പേരില്‍ നന്ദിയര്‍പ്പിച്ചതോടെ ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ രണ്ടാമത് വാത്സിംഹാം തീര്‍ത്ഥാടനം അവസാനിച്ചു.
ചുട്ടുപൊള്ളുന്ന വെയിലിലും പരിശുദ്ധ അമ്മയുടെ സ്‌നേഹവും വാത്സല്യം അനുഭവിച്ചറിഞ്ഞ ദൈവജനം ഒന്നായി പാടി…
അമ്മേ മരിയേ വാത്സിഹാമിലെ മാതാവേ..
ലില്ലിപ്പൂക്കള്‍ കൈകളിലേന്തും കന്യകയേ…
വാത്സല്യത്തില്‍ വിളനിലമാം മാതാവേ…
നിത്യസഹായം ഞങ്ങള്‍ക്കെന്നും ഏകിടണേ…
ചിത്രങ്ങള്‍ ഷിബു മാത്യൂ
Leave a Reply