സുകുമാരക്കുറുപ്പിനെ പിടികൂടാന്‍ മാവേലിക്കര ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ പുതിയ അറസ്റ്റ് വാറന്റ്. 2016 ഡിസംബര്‍ 2ലെ ഉത്തരവിലാണ് സുകുമാരക്കുറുപ്പിനെ പിടികൂടി ഹാജരാക്കാന്‍ കോടതി ക്രൈം ബ്രാഞ്ചിനോട് ഉത്തരവിട്ടിരിക്കുന്നത്. 1984ല്‍ ജനുവരി 22ന് സംഭവിച്ച ചാക്കോ വധക്കേസിലെ പ്രധാനപ്രതിയാണ് പതിറ്റാണ്ടുകളായി പിടികിട്ടാപ്പുള്ളിയായി തുടരുന്ന സുകുമാരക്കുറുപ്പ്. ഇയാളെ ഇതുവരെയും പിടികൂടാന്‍ കഴിയാത്തത് കേരളാപൊലീസിന് ഏറെ നാണക്കേടുണ്ടാക്കിയിരുന്നു. പ്രതിയെ പിടികിട്ടാതെ പൊലീസ് കേസ് അവസാനിപ്പിച്ച മട്ടില്‍ നില്‍ക്കുമ്പോഴാണ് പുതിയ വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നത്.
ഫിലിം റെപ്രസന്റേറ്റീവായിരുന്ന ചാക്കോയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കാറില്‍ വെച്ച് കത്തിക്കുകയായിരുന്നു. 8ലക്ഷം രൂപ ഇന്‍ഷുറന്‍സ് പണത്തിനായി സുകുമാരക്കുറുപ്പ് ചാക്കോയെ കൊലപ്പെടുത്തിയെന്നാണ് പൊലീസ് കരുതുന്നത്. സുകുമാരക്കുറുപ്പുമായി സാദൃശ്യമുള്ള ചാക്കോയെ കൊലപ്പെടുത്തി തന്റെ തന്നെ മരണമാണെന്ന് കാണിക്കാനാണ് സുകുമാരക്കുറുപ്പ് ശ്രമിച്ചതെന്ന് പറയപ്പെടുന്നു.
തിരുവനന്തപുരം ക്രൈംബ്രാഞ്ച് ഡിറ്റക്റ്റീവ് ഇന്‍സ്‌പെക്ടര്‍ക്കും പ്രത്യേക അന്വേഷണസംഘത്തിനുമാണ് കോടതി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. കുറ്റകൃത്യം നടക്കുമ്പോള്‍ 38 വയസ്സായിരുന്നു സുകുമാരക്കുറുപ്പിന്റെ പ്രായം. ജീവിച്ചിരിക്കുന്നുണ്ടെങ്കില്‍ കേരളചരിത്രത്തിലെ ഏറ്റവും വലിയ പിടികിട്ടാപ്പുള്ളിക്ക് 71 വയസ്സുണ്ടാവും. മാവേലിക്കരയ്ക്ക് അടുത്ത് കുന്നം എന്ന സ്ഥലത്താണ് അംബാസഡര്‍ കാറിനുള്ളില്‍ കത്തിക്കരിഞ്ഞനിലയില്‍ ചാക്കോയുടെ മൃതദേഹം കണ്ടെത്തിയത്. കൃത്യത്തിന് ശേഷം സുകുമാരക്കുറുപ്പ് വിദേശത്തേക്ക് കടന്നതായാണ് കരുതപ്പെടുന്നത്. കൂട്ടുപ്രതികളായ ഡ്രൈവര്‍ പൊന്നപ്പനും ഭാര്യാസഹോദരന്‍ ഭാസ്‌കര പിള്ളയ്ക്കും ജീവപര്യന്തം ശിക്ഷ ലഭിച്ചിരുന്നു.
അബുദാബിയിലെ ഒരു പെട്രോള്‍ കമ്പനിയില്‍ എക്‌സിക്യൂട്ടീവായിരുന്നു സുകുമാരക്കുറുപ്പ്. അബുദാബിയില്‍ നിന്നാണ് എട്ട് ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് ഇയാള്‍ എടുത്തത്. മരണം വ്യാജമായി സ്ഥിരീകരിക്കാന്‍ രൂപസാദൃശ്യമുള്ള മൃതശരീരം കത്തിക്കാനായിരുന്നു ആദ്യം സുകുമാരക്കുറുപ്പും കൂട്ടാളികളും തീരുമാനിച്ചിരുന്നത്. മൃതശരീരം കിട്ടാത്തതിനെത്തുടര്‍ന്ന് സാദൃശ്യമുള്ള ചാക്കോയെ കൊലപ്പെടുത്തുകയായിരുന്നെന്നാണ് കരുതുന്നത്.