ന്യൂസ് ഡെസ്ക് മലയാളം യുകെ
ലോകം കണ്ട ഏറ്റവും ചൂടേറിയ മാസമാണ് കഴിഞ്ഞ സെപ്റ്റംബർ എന്ന് യൂറോപ്യൻ യൂണിയൻ ക്ലൈമറ്റ് സർവീസ്. മുൻവർഷങ്ങളെ അപേക്ഷിച്ച് സെപ്റ്റംബറിലെ താപനില വളരെ കൂടുതലെന്ന് റിപ്പോർട്ടിൽ പറയുന്നു. 1991-2020 കാലയളവിലെ ശരാശരി സെപ്റ്റംബറിലെ താപനിലയേക്കാൾ 0.93C കൂടുതലുമായിരുന്നു കഴിഞ്ഞ മാസം. എൽ നിനോ കാലാവസ്ഥാ സംഭവത്തിന് പുറമേ, താപനില ഉയർത്തുന്ന വാതകങ്ങളുടെ നിരന്തരമായ ഉദ്‌വമനവും ഇതിന് കാരണമാകുന്നെന്ന് വിദഗ്ധർ പറഞ്ഞു.
1940 മുതലുള്ള റെക്കോർഡുകളിലെ ദീർഘകാല ശരാശരിയിൽ നിന്ന് ഒരു കുതിച്ച് ചാട്ടമാണ് കഴിഞ്ഞ മാസം കാണാൻ സാധിച്ചതെന്ന് കോപ്പർനിക്കസ് ക്ലൈമറ്റ് ചേഞ്ച് സർവീസിൽ നിന്നുള്ള ഡാറ്റ കാണിക്കുന്നു. സമീപകാല ശരാശരിയിൽ നിന്ന് വ്യത്യസ്തമായി ലോകത്തിൻെറ പല ഭാഗങ്ങളിലും വൻ തോതിലുള്ള മാറ്റങ്ങളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. യൂറോപ്പിലും മറ്റും ശരാശരിയേക്കാൾ 2.51C വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്.
നിലവിലെ താപനിലയും ഫോസിൽ ഇന്ധനങ്ങളുടെ വ്യാപകമായ ഉപയോഗത്തിന് മുമ്പുള്ള താപനിലയും തമ്മിലുള്ള വ്യത്യാസം ആസ്പദമാക്കിയുള്ള പഠനങ്ങളുടെ പിന്നാലെയാണ് വിദഗ്ദ്ധർ ഇപ്പോൾ. 2015-ൽ പാരീസിൽ വച്ച് ലോക നേതാക്കൾ ആഗോളതലത്തിൽ താപനില 1.5 ഡിഗ്രി സെൽഷ്യസ് വരെ കുറയ്ക്കാൻ ശ്രമിക്കുമെന്ന് പ്രതിജ്ഞ എടുത്തിരുന്നു. എന്നാൽ കോപ്പർനിക്കസിന്റെ അഭിപ്രായത്തിൽ 2023 റെക്കോർഡിലെ ഏറ്റവും ചൂടുള്ള വർഷമായി മാറും. നിലവിലെ ഏറ്റവും ചൂടേറിയ വർഷമായി 2016-നെയാണ് കണക്കാക്കുന്നത്.
Leave a Reply