സ്മാര്‍ട്ട് ഫോണുകള്‍ക്കു ഭീഷണിയായി മറ്റൊരു ‘ടെക്സ്റ്റ് ബോംബ്’. പുതിയ ടെക്‌സറ്റ് വൈറസിനെ എങ്ങനെ നേരിടണമെന്ന് അറിയാതെ ബുദ്ധിമുട്ടുകയാണ് സൈബര്‍ ലോകം. ആന്‍ഡ്രോയിഡ്, ഐഒഎസ് വ്യത്യാസമില്ലാതെ ഫോണുകളെ നിശ്ചലമാക്കുവാന്‍ കഴിവുള്ള മാരക വൈറസുകളാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. പ്രത്യക്ഷത്തില്‍ യാതൊരു പ്രശ്‌നവും തോന്നാത്ത സന്ദേശമാണ് അപകടം സൃഷ്ടിക്കുക. പരസ്പര ബന്ധമില്ലാത്ത കുറച്ച് അക്ഷരങ്ങളും ഒരു ഇമോജിയും അടങ്ങുന്ന ഒരു കുഞ്ഞു വാട്ട്‌സാപ്പ് സന്ദേശത്തിന് സ്മാര്‍ട്ട് ഫോണുകളെ തകര്‍ക്കാന്‍ കഴിയുമെന്നതാണ് വാസ്തവം. വൈറസിന്റെ ആക്രമണത്തെ എങ്ങനെ പ്രതിരോധിക്കാന്‍ കഴിയുമെന്നത് സംബന്ധിച്ച മൊബൈല്‍ നിര്‍മാതാക്കളുടെ വിശദീകരണം ഇതുവരെ പുറത്തു വന്നിട്ടില്ല.
സന്ദേശം ഇതാണ്: ‘This is very interesting!’ ഇതിന്റെ അവസാനം കരയുകയും ചിരിക്കുകയും ചെയ്യുന്ന ഒരു ഇമോജിയും ഉണ്ടായിരിക്കും. ഡൈഹോ (DieHoe) എന്നു പേരുള്ള റെഡിറ്റ് ഉപയോക്താവ് പറയുന്നത് ആന്‍ഡ്രോയിഡിലെ മാത്രമല്ല ഐഒഎസിലെയും വാട്സാപ്പ് ഈ മെസേജിലൂടെ ക്രാഷ് ആകുന്നു എന്നാണ്. ഈ മെസേജ് കംപ്യൂട്ടറില്‍ നിന്നോ, വാട്സാപ്പ് വെബില്‍ (WhatsApp Web) നിന്നോ ആയിരിക്കും അയയ്ക്കുന്നത്. മൊബൈല്‍ ഫോണുകള്‍ക്ക് ഈ സന്ദേശങ്ങളെ താങ്ങാനുള്ള റാം (RAM) കപ്പാസിറ്റിയുണ്ടാവില്ലെന്നാണ് വിദഗ്ദ്ധര്‍ വ്യക്തമാക്കുന്നത്. വാട്‌സാപ്പിന്റെ ലെഫ്റ്റ് ടു റൈറ്റ് എന്ന സംവിധാനത്തിന് എതിരായി റൈറ്റ് ടു ലെഫ്റ്റ് എന്ന ഫോര്‍മാറ്റ് ഉപയോഗിക്കുന്നതിനാലാണ് ഫോണ്‍ ഹാംഗ് ആകുന്നത്. അടുത്തിടെ പുറത്തിറങ്ങിയ മറ്റൊരു വൈറസ് സന്ദേശവും സ്മാര്‍ട്ട് ഫോണ്‍ ഉപഭോക്താക്കളെ വലച്ചിരുന്നു. If you touch the black point then your WhatsApp will hang.’ എന്നായിരുന്നു മുന്‍പുണ്ടായിരുന്ന മറ്റൊരു വൈറസ് സന്ദേശം. ഈ സന്ദേശത്തിലുള്ള ഒരു കറുത്ത ഐക്കണില്‍ സ്പര്‍ശിച്ചാല്‍ ഫോണ്‍ പ്രതികരിക്കാതാകും.
വാട്‌സാപ്പ് നിര്‍മ്മാതാക്കള്‍ പുതിയ നിരവധി ഫീച്ചറുകള്‍ അവതരിപ്പിക്കാനിരിക്കെ പുറത്തു വന്നിരിക്കുന്ന വൈറസ് പ്രശ്‌നങ്ങളുണ്ടാക്കുമെന്നാണ് കരുതുന്നത്. ടെക്സ്റ്റ് ബോംബാണെന്ന് സംശയം തോന്നുന്ന അപരിചതമായ സന്ദേശങ്ങള്‍ തുറക്കാതിരിക്കുകയെന്നതാണ് വൈറസ് ആക്രമണം നേരിടാനുള്ള പോംവഴി. ലഭിക്കുന്ന സന്ദേശങ്ങള്‍ വളരെ സൂക്ഷ്മതയോടെ മാത്രം തുറക്കുക. അതേസമയം പുതിയ ഫീച്ചറുകളുമായി ഉടന്‍ എത്തുമെന്നാണ് വാട്ട്‌സാപ്പിന്റെ ഡയറക്ടര്‍ മുബാറിക് ഇമാം പറയുന്നത്. സ്റ്റിക്കറുകളും ഗ്രൂപ്പ് വീഡിയോ കോളിങും ഉടന്‍ തന്നെ നിലവില്‍ വരും. പുതിയ ഫീച്ചറുകള്‍ വരുന്നതോടെ വാട്‌സാപ്പിന് കൂടുതല്‍ പ്രചാരം ലഭിക്കുമെന്നാണ് കമ്പനി കരുതുന്നത്.
Leave a Reply