ന്യൂസ് ഡെസ്ക്, മലയാളം യുകെ
അടുത്ത ആഴ്ച യുകെയിൽ വീണ്ടും ഉഷ്ണതരംഗം അനുഭവപ്പെടുമെന്ന് വിദഗ്ദ്ധർ. ഈ ആഴ്ച താരതമ്യേന താപനില കുറവായിരുന്നു. പല പ്രദേശങ്ങളിലും ഇടയ്ക്കിടെ മഴ ലഭിക്കുക വരെ ചെയ്‌തിരുന്നു. യുകെയിൽ നിലവിൽ അസ്ഥിരമായ കാലാവസ്ഥയാണ് അനുഭവപ്പെടുന്നതെന്ന് കാലാവസ്ഥ നിരീക്ഷകർ പറയുന്നു. ആർഗിൽ ആൻഡ് ബ്യൂട്ട്, തെക്കൻ ഹൈലാൻഡ്സ്, മുൾ, സ്കൈ എന്നിവയുൾപ്പെടെ വെസ്റ്റേൺ സ്കോട്ട്ലൻഡിന്റെ ചില ഭാഗങ്ങളിൽ കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും ഉള്ള സാധ്യതയ്ക്ക് പിന്നാലെ മെറ്റ് ഓഫീസ് യെല്ലോ അലേർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. മലപ്രദേശങ്ങളിൽ മഴ 100 മില്ലിമീറ്ററിൽ കൂടുതൽ ലഭിക്കാൻ സാധ്യത ഉണ്ട്. ഈ പ്രദേശങ്ങളിൽ വെള്ളപ്പൊക്കത്തിനും വൈദ്യുതി തടസ്സത്തിനും യാത്രാ ബുദ്ധിമുട്ടുകൾക്കും സാധ്യത ഉണ്ട്.
സെൻട്രൽ, ഈസ്റ്റ് ഇംഗ്ലണ്ടിൽ വീണ്ടും 30°C യോ അതിൽ കൂടുതലോ താപനില അനുഭവപ്പെടുമെന്ന് പ്രവചനങ്ങൾ സൂചിപ്പിക്കുന്നു. 2025 ജൂൺ ഇംഗ്ലണ്ടിലെ ഏറ്റവും ചൂടേറിയ മാസമായിരുന്നു. ജൂൺ മാസം മാത്രം രണ്ട് ഉഷ്ണതരംഗമാണ് ഉണ്ടായത്. ജൂലൈ 1 ന് ലണ്ടനിലെ സെന്റ് ജെയിംസ് പാർക്കിൽ താപനില 34.7°C ആണ് രേഖപ്പെടുത്തിയത്.
അടുപ്പിച്ചുള്ള മൂന്നാമത്തെ ഉഷ്ണതരംഗം യുകെയിൽ തീവ്രമായ ഉഷ്ണതരംഗങ്ങളുടെ വർദ്ധിച്ചുവരുന്ന ആവൃത്തിയെക്കുറിച്ചുള്ള ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. ആഗോളതാപനം മൂലമാണ് ഇത്തരം സംഭവങ്ങൾ കൂടുതൽ സാധാരണമായി വരുന്നതെന്ന് കാലാവസ്ഥാ വിദഗ്ധർ അഭിപ്രായപ്പെടുന്നു. മാറിക്കൊണ്ടിരിക്കുന്ന കാലാവസ്ഥയ്ക്ക് തയ്യാറെടുക്കാൻ പൊതുജനങ്ങളോട് അധികൃതർ ആവശ്യപ്പെട്ടു.
Leave a Reply