ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇൻറർനാഷണൽ സ്റ്റുഡൻസിന് ഏർപ്പെടുത്തിയിട്ടുള്ള ഇമിഗ്രേഷൻ നിയമങ്ങൾ മൂലം വിദേശത്തുനിന്നും യുകെയിൽ എത്തുന്ന വിദ്യാർത്ഥികളുടെ എണ്ണം മൂന്നിലൊന്നായി കുറഞ്ഞതായുള്ള കണക്കുകൾ പുറത്തുവന്നു . ഇതോടെ രാജ്യത്തെ യൂണിവേഴ്സിറ്റികൾ കടുത്ത സാമ്പത്തിക ഞെരുക്കം നേരിടുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു കഴിഞ്ഞു. ഗവൺമെന്റിന്റെ പുതിയ നിയന്ത്രണവും കുത്തനെയുള്ള വിസ ഫീസ് വർദ്ധനവുമാണ് പ്രധാനമായും യുകെയിലെ സർവകലാശാലകളിൽ വിദേശ വിദ്യാർത്ഥികളുടെ എണ്ണം കുറയുന്നതിനുള്ള പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

60- തിലധികം യുകെ സർവകലാശാലകളിൽ നിന്നുള്ള ഡേറ്റ അനുസരിച്ച് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം അനുവധിച്ച പഠന വിസകളുടെ എണ്ണത്തിൽ 35 % കുറവാണ് ഉണ്ടായിരിക്കുന്നത് എന്ന് മുഖ്യധാര സർവകലാശാലകളെയും യൂണിവേഴ്സിറ്റികളെയും പ്രതിനിധീകരിക്കുന്ന യൂണിവേഴ്സിറ്റിസ് യുകെ (യുയുകെ) എന്ന സംഘടന പറഞ്ഞു. ജനുവരിയിലെ ഇമിഗ്രേഷൻ മാറ്റങ്ങൾക്ക് ശേഷം ബിരുദാനന്തര ബിരുദ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനം 40 ശതമാനമായി കുറഞ്ഞതായാണ് കണ്ടെത്തിയത്.

ഇൻറർനാഷണൽ സ്റ്റുഡൻസിനുള്ള വിസയുടെ കാര്യത്തിൽ സർക്കാർ കടുംപിടുത്തം തുടരുകയാണെങ്കിൽ യുകെയിലുടനീളമുള്ള സർവകലാശാലകളെയും കോളേജുകളെയും അതിനോട് അനുബന്ധിച്ചുള്ള സമ്പദ് വ്യവസ്ഥയും അത് നശിപ്പിക്കുമെന്ന് യുയുകെയുടെ ചീഫ് എക്സിക്യൂട്ടീവ് വിപിയെൻ സ്റ്റർസ് പറഞ്ഞു.

സ്റ്റുഡൻറ് വിസയുടെ നടപടികൾ ബ്രിട്ടൻ ലഘൂകരിച്ചതിനെ തുടർന്ന് പതിനായിരകണക്കിന് വിദ്യാർഥികളാണ് യുകെയിലെത്തിയത്. പഠനത്തിനോടൊപ്പം ജോലി , യുകെയിൽ നല്ലൊരു ജോലി ലഭിക്കുന്നതിനോടൊപ്പം പെർമനന്റ് റെസിഡൻസ് കിട്ടാനുള്ള സാധ്യത എന്നിവയാണ് വിദ്യാർഥികളെ പ്രധാനമായും ആകർഷിച്ചത് . വിദ്യാർത്ഥി വിസയിൽ പലരും യുകെയിൽ എത്തിയത് തന്നെ കുടുംബത്തെ ഒന്നാകെ ബ്രിട്ടനിൽ എത്തിക്കാനാണ്. എന്നാൽ പുതിയ ഇമിഗ്രേഷൻ നയങ്ങളനുസരിച്ച് ഗവേഷണ വിദ്യാർത്ഥികൾക്ക് മാത്രമേ ആശ്രിത വിസയിൽ കുടുംബാംഗങ്ങളെ യുകെയിൽ എത്തിക്കാനാവുകയുള്ളൂ. ഇനി ജോലി കിട്ടിയാൽ തന്നെ ആശ്രിത വിസയിൽ കുടുംബാംഗങ്ങളെ യുകെയിൽ എത്തിക്കാനുള്ള ശമ്പള പരുധി ഉയർത്തിയതു മൂലവും കടുത്ത പ്രതികൂല സാഹചര്യമാണ് ഉരുത്തിരിഞ്ഞത്.

320, 000 – ത്തിലധികം ഇൻറർനാഷണൽ സ്റ്റുഡൻസ് ആണ് യുകെയിൽ വിവിധ സർവകലാശാലകളിലായി പഠിക്കുന്നത്. ഇത് മൊത്തം അഡ്മിഷന്റെ പകുതിയോളം വരും. ഓരോ വിദ്യാർത്ഥികളും ശരാശരി 17,000 പൗണ്ട് ആണ് ഫീസിനത്തിൽ അടയ്ക്കുന്നത്. പ്രവേശനത്തിലെ പെട്ടെന്നുള്ള കുറവ് പല സർവകലാശാലകളെയും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേയ്ക്ക് തള്ളിവിടും . 2014 മുതലുള്ള ഇൻറർനാഷണൽ സ്റ്റുഡൻസിൻ്റെ യുകെയിലേയ്ക്കുള്ള വരവ് യുകെയുടെ മുഴുവൻ സമ്പദ് വ്യവസ്ഥയ്ക്ക് 60 ബില്യൺ പൗണ്ട് സംഭാവന നൽകിയതായാണ് യുയുകെ നടത്തിയ പഠനത്തിൽ കണ്ടെത്തിയത്