രാജ്യവും ഒപ്പം ലോകവും ഇന്ത്യയിലേക്ക് കണ്ണെറിഞ്ഞിരിക്കുന്ന ദിവസമാണ് സെപ്റ്റംബർ 7. ചന്ദ്രയാൻ–2 പേടകം ചന്ദ്രനിൽ ഇറങ്ങുന്ന ഇൗ ചരിത്രനിമിഷത്തിന് സാക്ഷ്യംവഹിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും നാസ ഗവേഷകരും എത്തും ഇതിനൊപ്പം വിദ്യാർഥികളും പ്രത്യേകം ക്ഷണിക്കപ്പെട്ട ഗവേഷകരും പ്രമുഖരും ഇൗ നിമിഷത്തിന് സാക്ഷ്യം വഹിക്കും.
പുലർച്ചെ 1.30 മുതൽ 2.30 വരെ തത്സമയം പ്രക്ഷേപണം ചെയ്യുമെന്ന് നാഷണൽ ജിയോഗ്രാഫിക് ചാനൽ അറിയിച്ചു. ഇന്ത്യയുടെ ചരിത്രപരമായ ഒരു സംഭവത്തിന് സാക്ഷ്യം വഹിക്കുന്നതിനായി ഷോയുടെ ഭാഗമായി നാസ ബഹിരാകാശ യാത്രികൻ ജെറി ലിനെഞ്ചറിനെ കൊണ്ടുവരുമെന്നും ചാനൽ അറിയിച്ചിട്ടുണ്ട്. നാഷണൽ ജിയോഗ്രാഫിക്, ഹോട്ട്സ്റ്റാർ എന്നിവയിൽ സെപ്റ്റംബർ 6 ന് രാത്രി 11.30 ന് തത്സമയം പ്രക്ഷേപണം തുടങ്ങും. ഇത് ഹോട്ട്സ്റ്റാറിലെ കാഴ്ചക്കാർക്ക് ലഭ്യമാകും.
പ്രോഗ്രാമിൽ ബഹിരാകാശത്തെക്കുറിച്ചുള്ള സ്വന്തം അനുഭവങ്ങൾ ലിനെഞ്ചർ പങ്കിടും. വർഷങ്ങളായി ബഹിരാകാശ പര്യവേഷണത്തിന് ഇന്ത്യ നൽകിയ സംഭാവന ഭൂമിക്കപ്പുറത്തുള്ള കണ്ടെത്തലുകൾ അനാവരണം ചെയ്യുന്നതിൽ നിർണായകമാണ്. ചന്ദ്രനിൽ ജലത്തിന്റെ സാന്നിധ്യം മനസിലാക്കാൻ സഹായിക്കുന്ന ഒരു സുപ്രധാന ദൗത്യമാണ് ചന്ദ്രയാൻ -2. ഇത് ഇന്ത്യക്ക് മാത്രമല്ല ലോകമെമ്പാടുമുള്ളവർക്ക് പ്രയോജനകരമാണെന്നും ലിനെഞ്ചർ പറഞ്ഞു.
ചരിത്രപരമായ ഈ നിമിഷത്തിന് സാക്ഷ്യം വഹിക്കാൻ അവസരം കിട്ടിയതിൽ താൻ സന്തുഷ്ടനാണെന്നും ഇന്ത്യ ചരിത്രം സൃഷ്ടിക്കുന്നതിന് സാക്ഷ്യം വഹിക്കാൻ എല്ലാവരോടും അഭ്യർഥിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലിനെഞ്ചർ റഷ്യൻ ബഹിരാകാശ നിലയത്തിൽ അഞ്ച് മാസം ചെലവഴിച്ച ഗവേഷകനാണ്. ബഹിരാകാശ ചരിത്രത്തിലെ ഏറ്റവും നാടകീയമായ ഒരു ദൗത്യത്തിനിടെ തീപിടുത്തത്തിൽ നിന്ന് രക്ഷപ്പെട്ട ബഹിരാകാശ ഗവേഷകൻ കൂടിയാണ് ലിനെഞ്ചർ.
ഒപ്പം മലയാളി വിദ്യാർത്ഥികളും
ചന്ദ്രയാൻ-2 ചന്ദ്രനിലിറങ്ങുന്ന ചരിത്രനിമിഷം പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പമിരുന്നു കാണാൻ ആവേശത്തോടെ കാത്തിരിക്കുകയാണ് തിരുവനന്തപുരം ഹോളിഏഞ്ചൽസ് ഐ.എസ്.സി. സ്കൂളിലെ പത്താംക്ലാസ് വിദ്യാർഥിനി ശിവാനി എസ്. പ്രഭുവും കണ്ണൂർ ആർമി പബ്ലിക് സ്കൂളിലെ ഒമ്പതാംക്ലാസ് വിദ്യാർഥി അഹമ്മദ് തൻവീറും. ഓൺലൈൻ പ്രശ്‌നോത്തരിയിലൂടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ഐ.എസ്.ആർ.ഒ. തിരഞ്ഞെടുത്ത 70 വിദ്യാർഥികളിൽ കേരളത്തിൽ നിന്നുള്ളവരാണിവർ. ബെംഗളൂരുവിലെ ഐ.എസ്.ആർ.ഒ.യുടെ ട്രാക്കിങ് സെന്ററായ ഇസ്ട്രാക്കിലിരുന്നാണ് ഇവർ ചന്ദ്രയാൻദൗത്യം കാണുക.
പത്ത് മിനിറ്റുകൊണ്ട് ബഹിരാകാശത്തെക്കുറിച്ചും റോക്കറ്റ് സയൻസിനെക്കുറിച്ചുമുള്ള 20 ചോദ്യങ്ങൾക്ക് ഉത്തരംനൽകേണ്ട പ്രശ്‌നോത്തരിയിലാണ് ഇവർ വിജയിച്ചത്. അച്ഛൻ എൻ. ശ്രീനിവാസനെപ്പോലെ ഐ.എസ്.ആർ.ഒ.യിൽ പ്രവർത്തിക്കണമെന്നാണ് ശിവാനിയുടെ ആഗ്രഹം. തുമ്പ റോക്കറ്റ് വിക്ഷേപണകേന്ദ്രത്തിലെ പ്രൊപ്പൽഷൻ ഗ്രൂപ്പ് എൻജിനിയർ എൻ. ശ്രീനിവാസന്റെയും ജി.രേഖയുടെയും മകളാണ്. സഹോദരി ശ്രേയ എസ്.പ്രഭു പാലക്കാട് ഐ.ഐ.ടിയിലെ വിദ്യാർഥിനിയാണ്.
വിജയമുഹൂർത്തത്തിൽ പങ്കാളിയാകാൻ അപ്രതീക്ഷിതമായി അവസരം കിട്ടിയതിന്റെ ആഹ്ലാദത്തിലാണ് അഹമ്മദ് തൻവീർ.
കണ്ണൂർ ഡിഫൻസ് അക്കൗണ്ട്‌സ് ഓഫീസിൽ സീനിയർ അക്കൗണ്ടന്റായ മലപ്പുറം വള്ളിക്കുന്ന് സ്വദേശി ആയിഷാബിയുടെയും കണ്ണൂരിൽ സ്വകാര്യ ആർക്കിടെക്റ്റ് സ്ഥാപനത്തിൽ ജോലിചെയ്യുന്ന കോഴിക്കോട് കുരുവട്ടൂർ സ്വദേശി അബ്ദുൾസലാമിന്റെയും മകനാണ് അഹമ്മദ് തൻവീർ. സഹോദരി ഫാത്തിമാഷബ്‌നം പള്ളിക്കുന്ന് ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനിയാണ്.
Leave a Reply