പെനാൽറ്റി ഷൂട്ടൗട്ടിൽ ഇംഗ്ലണ്ട്​ ഇറ്റലിയോട്​ പരാജയപ്പെട്ടതിന്​ പിന്നാലെ വിഖ്യാതമായ വെംബ്ലി സ്​റ്റേഡിയത്തിന്​ വെളിയിൽ അരങ്ങേറിയത്​ നാടകീയ സംഭവങ്ങൾ. പരാജയം ദഹിക്കാത്ത ഇംഗ്ലീഷ്​ ആരാധകർ സ്​റ്റേഡിയത്തിന്​ പുറ​െത്ത ഇറ്റാലിയൻ ആരാധകരെ തെരഞ്ഞു ​പിടിച്ച്​ ആക്രമിക്കുന്ന വിഡിയോ വൈറലായി.

ആരാധകരെ ആക്രമിച്ചുവെന്ന്​ മാത്രമല്ല, അക്രമാസക്തരായ ഇംഗ്ലീഷ്​ ആരാധകർ ഇറ്റലിയുടെ ദേശീയ പതാകയെ അപമാനിക്കുകയും ചെയ്​തു. പതാക കത്തിക്കാൻ ശ്രമിച്ചത്​ പരാജയപ്പെട്ടതോടെ ഒരാൾ അതിൽ നിരന്തരം തുപ്പി. ചിലർ പതാക ചവിട്ടി മെതിക്കുന്നതും പുറത്തു വന്ന വിഡിയോയിൽ കാണാൻ സാധിക്കും.

പ്രതിഭാ ധാരാളിത്തമുള്ള ഇംഗ്ലീഷ്​ ടീം ഇക്കുറി കപ്പടിക്കുമെന്ന പ്രതീക്ഷയിലുമായിരുന്നു ആരാധകർ. പാട്ടും മേളവുമായി എഴുപതിനായിരത്തോളം വരുന്ന കാണികളാണ്​ ഞായറാഴ്ച വെംബ്ലിയിലെത്തിയിരുന്നത്​. വിജയം ഉറപ്പിച്ച അവർ സ്​റ്റേഡിയത്തിന്​ പുറത്ത്​ പാർട്ടി വരെ സംഘടിപ്പിച്ചിരുന്നു. എന്നാൽ മത്സരം പെനാൽറ്റിയിൽ തോറ്റതോടെ പ്രകോപിതരായി.

ടിക്കറ്റില്ലാതെ കളി കാണാനെത്തിയ ആരാധകർ പൊലീസുകാരാടും സെക്യൂരിറ്റി ജീവനക്കാരോടും തള്ളിക്കയറുന്നതിന്‍റെയും തെരുവിൽ അക്രമണം അഴിച്ചുവിടുന്നതിന്‍റെയും ദൃശ്യങ്ങളും വൈറലായിരുന്നു. അതും പോരാഞ്ഞ് യൂറോ കപ്പ് ഫൈനല്‍ മത്സരത്തില്‍ ഇംഗ്ലണ്ട് ഇറ്റലിയോട് പരാജയപ്പെട്ടെങ്കിലും ആരാധകര്‍ അഴിഞ്ഞാടിയതുകാരണം മാലിന്യങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ് ലണ്ടന്‍ നഗരം.

ഫൈനല്‍ മത്സരം കഴിഞ്ഞ് അടുത്ത ദിവസം രാവിലെ നഗരത്തിന്റെ മുഴുവന്‍ ഭാഗങ്ങളിലും ബിയര്‍ കുപ്പികള്‍, കാനുകള്‍ തുടങ്ങി മാലിന്യങ്ങളാണ് പൊതുസ്ഥലങ്ങളില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. യൂറോ 2020 ഫൈനല്‍ മത്സരം കാണാനെത്തിയ ആരാധകര്‍ ഉപേക്ഷിച്ച മാലിന്യങ്ങള്‍ നീക്കം ചെയ്യാനുള്ള പരിശ്രമത്തിലാണ് അധികൃതര്‍.

ലണ്ടനില്‍ ഞായറാഴ്ച മുഴുവന്‍ ആളുകള്‍ ആഘോഷത്തിലായിരുന്നു. ഇംഗ്ലണ്ട് ടീമിനെ പിന്തുണച്ച് പതാകയേന്തിയും, ജഴ്‌സി അണിഞ്ഞും നിരവധി പേരാണ് നഗരത്തില്‍ ചുറ്റിയടിച്ചത്. വെംബ്ലിയില്‍ ചില ആരാധകര്‍ ബസിനു മുകളില്‍ കയറി ആഘോഷിച്ചപ്പോള്‍ കിംഗ് ക്രോസ് സ്റ്റേഷന്‍ പരിസരത്ത് ചുവപ്പ്, വെളുപ്പ് നിറങ്ങളിലുള്ള പുക സൃഷ്ടിച്ചിരുന്നു.

ഞായറാഴ്ച രാത്രി മാത്രം വ്യത്യസ്ത കുറ്റങ്ങള്‍ ചുമത്തി 49ഓളം പേരെ അറ്റസ്റ്റ് ചെയ്‌തെന്ന് മെട്രോപൊളിറ്റന്‍ പോലീസ് പറയുന്നു. ആള്‍ക്കൂട്ടം നിയന്ത്രിക്കുന്നതിനിടെ 19 പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കുപറ്റിയെന്നും പോലീസ് വൃത്തങ്ങൾ വെളിപ്പെടുത്തുന്നു.

ഇറ്റലിയോട് തോറ്റതിന് പിന്നാലെ ഇംഗ്ലണ്ട് താരങ്ങളെ വംശീയമായി അധിക്ഷേപിച്ച ഇംഗ്ലീഷ് ഫുട്ബോൾ ഭ്രാന്തന്മാർക്കെതിരെയും പ്രതിഷേധം ശക്തമാണ്. ഇംഗ്ലണ്ടിന്റെ പെനാല്‍റ്റി നഷ്ടപ്പെടുത്തിയ റാഷ്ഫോര്‍ഡ്, ജാഡന്‍ സാഞ്ചോ, ബുകായോ സാക്ക എന്നിവരായിരുന്നു വംശീയ അധിക്ഷേപത്തിന് ഇരയായത്. മാഞ്ചസ്റ്ററിലെ തെരുവിലുണ്ടായിരുന്ന റാഷ്ഫോര്‍ഡിന്റെ ചുമര്‍ചിത്രവും ഇംഗ്ലണ്ടിന്റെ തെമ്മാടിക്കൂട്ടങ്ങള്‍ വികൃതമാക്കി. ചുമര്‍ ചിത്രത്തിനടുത്ത് മാലിന്യങ്ങള്‍ നിക്ഷേപിച്ചും ചിത്രത്തിന് മുകളില്‍ എഴുതിവെച്ചുമെല്ലാം ആണ് റാഷ്ഫോര്‍ഡിന്റെ ചിത്രം വൃകൃതമാക്കിയത്.

ഇംഗ്ലണ്ട് താരങ്ങളെ വംശീയമായി അധിക്ഷേപിച്ച ഇംഗ്ലണ്ട് ആരാധകര്‍ക്കെതിരെ പ്രതികരണവുമായി ക്യാപ്റ്റന്‍ ഹാരികെയ്ന്‍ രംഗത്തെത്തി. താരങ്ങളെ വംശീയമായി അധിക്ഷേപിക്കുന്ന ആളുകള്‍ ഇംഗ്ലണ്ടിന്റെ ആരാധകര്‍ അല്ലെന്നും ഇത്തരത്തിലുള്ള ആരാധകരെ ഇംഗ്ലണ്ടിന് വേണ്ടെന്നും ഹാരികെയ്ന്‍ തുറന്നടിച്ചു. താന്‍ പെനാല്‍റ്റി നഷ്ടപ്പെടുത്തിയതിന് തന്നെ വിമര്‍ശിക്കാമെന്നും അത്ര നല്ല പെനാല്‍റ്റി ആയിരുന്നില്ല അതെന്നും റാഷ്ഫോര്‍ഡ് പറഞ്ഞു. എന്നാല്‍ തന്റെ നിറത്തിന്റെ പേരിലും താന്‍ വന്ന സ്ഥലത്തിന്റെ പേരിലും തന്നെ വിമര്‍ശിക്കാന്‍ ആര്‍ക്കും അവകാശം ഇല്ലായെന്നും താരം പറഞ്ഞു.

കഴിഞ്ഞ ദിവസം ഇംഗ്ലണ്ട് പരിശീലകന്‍ സൗത്ത്‌ഗേറ്റും താരങ്ങള്‍ക്കെതിരെയുള്ള ആരാധകരുടെ അധിക്ഷേപത്തിനെതിരെ ശക്തമായി പ്രതികരിച്ചിരുന്നു. മത്സരശേഷം ഇംഗ്ലണ്ട് തോല്‍വിയേറ്റു വാങ്ങിയതിന്റെ ഉത്തരവാദിത്വം ആരൊക്കെ പെനാല്‍റ്റി എടുക്കണമെന്നു തീരുമാനിച്ച തനിക്കാണെന്ന് ഏറ്റു പറഞ്ഞു.

ഫൈനലില്‍ മാത്രമല്ല സെമിഫൈനലിലും ഇംഗ്ലണ്ട് ആരാധകര്‍ വിവാദങ്ങളില്‍ അകപ്പെട്ടിരുന്നു. സെമി ഫൈനലില്‍ ഡെന്‍മാര്‍ക്ക് ഗോള്‍കീപ്പര്‍ കാസ്പര്‍ ഷ്‌മൈക്കേലിന്റെ മുഖത്തേക്ക് ആരാധകര്‍ ലേസര്‍ രശ്മികള്‍ അടിച്ചതിന് യുവേഫ ഇംഗ്ലണ്ട് ഫുട്ബോള്‍ അസോസിയേഷന് മുപ്പതിനായിരം യൂറോ പിഴ ചുമത്തിയിരുന്നു. സെമി ഫൈനലില്‍ ഡെന്‍മാര്‍ക്കിന്റെ ദേശീയ ഗാനം ആലപിച്ചപ്പോള്‍ ഇംഗ്ലീഷ് ആരാധകര്‍ കൂവിയതും യുവേഫ അന്വേഷിച്ചിരുന്നു.