ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : ഡ്രൈവറില്ലാ കാറുകൾ ഉപയോഗിക്കുന്നവർക്ക് യാത്രയ്ക്കിടെ ഇനി ടിവി കാണാം. പുതുക്കിയ ഹൈവേ കോഡിലാണ് ഇത് പറയുന്നത്. കാറിനുള്ളിലെ സ്ക്രീനിലൂടെ ഇഷ്ട പരിപാടികൾ ആസ്വദിക്കാൻ അനുവാദമുണ്ട്. യുകെ റോഡുകളിൽ നിലവിൽ സെൽഫ് ഡ്രൈവിംഗ് കാറുകൾ അനുവദനീയമല്ല. എന്നാൽ ഡ്രൈവറില്ലാ കാറുകൾ ഈ വർഷാവസാനം നിരത്തിലിറക്കുമെന്ന് ഗതാഗത വകുപ്പ് (ഡിഎഫ്ടി) അറിയിച്ചു. സാങ്കേതിക വിദ്യയുടെ ഉപയോഗത്തിൽ രാജ്യത്തെ ഒരു പടി കൂടി മുന്നിലെത്തിക്കാനുള്ള ശ്രമമാണ് ഇത്. അതേസമയം, വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് നിയമവിരുദ്ധമായി തുടരും.
മോട്ടോർവേകളിൽ കുറഞ്ഞ വേഗതയിൽ സഞ്ചരിക്കുമ്പോഴാണ് സെൽഫ് ഡ്രൈവിംഗ് സാങ്കേതികവിദ്യ ആദ്യമായി ഉപയോഗിക്കുന്നത്. എന്നാൽ ആവശ്യത്തിനനുസരിച്ച് വാഹനങ്ങളുടെ നിയന്ത്രണം ആളുകൾ ഏറ്റെടുക്കണമെന്നും സർക്കാർ അറിയിച്ചു. പുതിയ മാർഗനിർദേശപ്രകാരം, ആവശ്യപ്പെടുമ്പോൾ ഒരു ഓട്ടോമേറ്റഡ് സിസ്റ്റത്തിൽ നിന്ന് നിയന്ത്രണം ഏറ്റെടുക്കാൻ വാഹനമോടിക്കുന്നവർ തയ്യാറായിരിക്കണം.
തിരക്കേറിയ മോട്ടോർവേകളിൽ ലെയ്ൻ കീപ്പിംഗ് സാങ്കേതികവിദ്യയുള്ള വാഹനങ്ങളിൽ ഹാൻഡ്‌സ് ഫ്രീ ഡ്രൈവിംഗ് അനുവദിക്കുമെന്ന് കഴിഞ്ഞ വർഷം ഏപ്രിലിൽ സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഹൈവേ കോഡിലെ മാറ്റങ്ങൾ സെൽഫ് ഡ്രൈവിംഗ് കാറുകൾ അവതരിപ്പിക്കുന്നതിലെ പ്രധാന നീക്കാമായിരിക്കുമെന്ന് ഗതാഗത മന്ത്രി ട്രൂഡി ഹാരിസൺ പറഞ്ഞു. സെൽഫ് ഡ്രൈവിംഗ് വാഹനങ്ങളുടെ വികസനം ഏകദേശം 38,000 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും 2035-ഓടെ യുകെ സമ്പദ്‌വ്യവസ്ഥയ്ക്ക് 41.7 ബില്യൺ പൗണ്ട് മൂല്യം നൽകുകയും ചെയ്യുമെന്ന് ഡിഎഫ്ടി അവകാശപ്പെടുന്നു.
Leave a Reply