ലണ്ടന്‍: വിന്ററില്‍ നേരിട്ട കടുത്ത ജലക്ഷാമത്തിന് കുടിവെള്ള കമ്പനികള്‍ മിനിമം നഷ്ടപരിഹാരത്തേക്കാള്‍ കൂടുതല്‍ തുക ഉപഭോക്താക്കള്‍ക്ക് നല്‍കണമെന്ന് എന്‍വയണ്‍മെന്റ് ആന്‍ഡ് റൂറല്‍ അഫയേഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് മന്ത്രി തെരേസ കോഫി. പ്രധാന പൈപ്പ്‌ലൈനുകള്‍ ഉള്‍പ്പെടെ വിന്ററില്‍ തകരുകയും കടുത്ത ശൈത്യത്തില്‍ കുടിവെള്ള വിതരണം നിലക്കുകയും ചെയ്തിരുന്നു. 48 മണിക്കൂറോളം ജലവിതരണം നിലച്ചതിനാല്‍ ഉപഭോക്താക്കള്‍ക്ക് കമ്പനികള്‍ 20 പൗണ്ടെങ്കിലും നഷ്ടപരിഹാരമായി നല്‍കണമെന്നും ഓരോ അധിക 24 മണിക്കൂറിനും 10 പൗണ്ട് അധികമായി നല്‍കണമെന്നും അവര്‍ പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടു.

നാല് ദിവസത്തോളം ജലവിതരണം മുടങ്ങിയതിനാല്‍ നവജാത ശിശുക്കളുടെയും അസുഖബാധിതരായ കുട്ടികളുടെയും പ്രായമായവരുടെയും കാര്യമാണ് അവതാളത്തിലായതെന്ന് ഡോ.കോഫി പറഞ്ഞു. ജലവിതരണം മുടങ്ങിയതോടെ സ്‌കൂളുകളും കടകളും അടച്ചിടേണ്ടതായി വന്നു. ലണ്ടന്‍, യോര്‍ക്ക്ഷയര്‍, ഹേസ്റ്റിംഗ്‌സ് തുടങ്ങിയ പ്രദേശങ്ങളില്‍ പോലും കുടിവെള്ളക്ഷാമം രൂക്ഷമായിരുന്നു. കുപ്പിവെള്ളത്തിനായി ജനങ്ങള്‍ നെട്ടോട്ടമോടുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

വിഷയത്തില്‍ അടിയന്തര അന്വേഷണം നടത്തണമെന്ന് എംപിമാരും ലോക്കല്‍ കൗണ്‍സില്‍ അംഗങ്ങളും ആവശ്യമുന്നയിച്ചിരുന്നു. സ്ഥിതിഗതികള്‍ സാധാരണ നിലയിലേക്ക് എത്തിക്കഴിഞ്ഞാല്‍ കമ്പനികളുടെ പ്രവര്‍ത്തനത്തേക്കുറിച്ച് റെഗുലേറ്ററായ ഓഫ്‌വാറ്റ് വിലയിരുത്തല്‍ നടത്തണമെന്നും കോഫി ആവശ്യപ്പെട്ടു.