ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ബ്രിട്ടൻ വരും നാളുകളിൽ കടുത്ത വരൾച്ച നേരിടുമെന്ന റിപ്പോർട്ടുകൾക്കിടെ വെള്ളം പാഴാക്കുന്ന ജലവിതരണ കമ്പനികൾക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. രാജ്യത്തെ ജലവിതരണ കമ്പനികൾ പ്രതിദിനം ഏകദേശം 3 ബില്യൺ ലിറ്റർ ജലം പാഴാക്കുന്നതായുള്ള റിപ്പോർട്ടുകളാണ് പുറത്തുവന്നത്. ജലവിതരണ സംവിധാനത്തിലെ തകരാറുകൾ മൂലമാണ് ഇത്രയും ജലം പാഴായിപ്പോകുന്നത്. ജലം അമൂല്യമാണ് പാഴാക്കരുതെന്ന് പ്രചരിപ്പിക്കുന്ന കമ്പനികളുടെ ഭാഗത്തുനിന്നും ഇത്രയും ജലം പാഴാക്കുന്നതിനെതിരെ കടുത്ത വിമർശനമാണ് ഉയർന്നുവന്നിരിക്കുന്നത്.
കഴിഞ്ഞ 30 വർഷത്തിനിടെ രാജ്യത്ത് പുതിയ ജലസംഭരണികളൊന്നും തുറന്നിട്ടില്ല. പക്ഷേ ജനസംഖ്യയിൽ 10 ദശലക്ഷം വർദ്ധനവ് ആണ് ഉണ്ടായിരിക്കുന്നത്. രാജ്യത്തെ ജലവിതരണ സംവിധാനം സ്വകാര്യവത്കരിച്ചതിന് ശേഷം അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിനു വേണ്ടിയുള്ള പണം വിനിയോഗിക്കുന്നത് കുറഞ്ഞുവരുന്നതിനെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് മാഞ്ചസ്റ്റർ സർവകലാശാലയിലെ പ്രൊഫസർ ജാമി വുഡ് വാർഡ് ആവശ്യപ്പെട്ടു. വരൾച്ച തടയുന്നത് മുൻകൂട്ടി കണ്ടുള്ള നിക്ഷേപം നടത്തുന്നതിന് കമ്പനികളുടെ ഭാഗത്തുനിന്നും വീഴ്ച പറ്റിയതായുള്ള പൊതുവികാരം ശക്തമാണ്.
ഇതിനിടെ വരൾച്ചയെ നേരിടുന്നതിന് യുകെയിലെ പലസ്ഥലങ്ങളിലും ഹോസ് പൈപ്പുകൾ ഉപയോഗിക്കുന്നതിന് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ലീക്കായ ഹോസ് പൈപ്പുകളിൽ നിന്ന് കഴിഞ്ഞവർഷം 88.7 മില്യൺ ലിറ്റർ വെള്ളം പാഴായതായാണ് കണക്കുകൾ . നിരോധനം ലംഘിച്ചാൽ ആയിരം പൗണ്ട് വരെ പിഴയടക്കേണ്ടി വരും.
Leave a Reply