ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇംഗ്ലണ്ടിൽ പൊതുസ്ഥലങ്ങളിലെ ടോയ്‌ലറ്റുകൾ ഇനി സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകമായിരിക്കുമെന്ന നിർദ്ദേശം നിലവിൽ വരികയാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. പുതിയതായി നിർമ്മിക്കുന്ന നോൺ റസിഡൻഷ്യൽ കെട്ടിടങ്ങൾക്ക് പുതിയ നിർദ്ദേശങ്ങൾ ബാധകമാണ്. 2021 – ലാണ് ഈ പുതിയ നിർദ്ദേശം സർക്കാരിൻറെ മുന്നിലെത്തിയത്. അന്നുമുതൽ ഈ നിർദ്ദേശം ട്രാൻസ്ജെൻഡർ വിഭാഗത്തിൽ പെടുന്നവർക്ക് ബുദ്ധിമുട്ടുണ്ടാകുമെന്ന ആക്ഷേപം ശക്തമാണ്. ഈ വിഭാഗത്തിൽ പെട്ടവർക്ക് ഏതുതരം ടോയ്‌ലറ്റുകൾ ഉപയോഗിക്കാൻ പറ്റും എന്നതിനെ കുറിച്ച് ഇപ്പോഴും അവ്യക്തത തുടരുകയാണ് . ട്രാൻസ്ജെൻഡർ വിഭാഗത്തിൽ പെട്ടവർക്ക് ഇതുവരെ ബദൽ പദ്ധതികളൊന്നും നിർദ്ദേശിക്കപ്പെട്ടിട്ടില്ല.

ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പൊതുവായി ഉപയോഗിക്കുന്ന ടോയ്‌ലറ്റുകളിൽ പോകാൻ ഇഷ്ടമില്ലാത്തതിന്റെ പേരിൽ പല സ്കൂളുകളിലെയും വിദ്യാർത്ഥിനികൾക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായതായുള്ള റിപ്പോർട്ടുകളും ഇതിനിടെ സർക്കാരിൻറെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. നേരെത്തെ ട്രാൻസ്ജെൻഡർ വിഭാഗത്തിൽപ്പെട്ട രോഗികളെ വാർഡുകളിൽ താമസിപ്പിക്കുമ്പോൾ എന്ത് ചെയ്യണം എന്ന കാര്യത്തിൽ എൻഎച്ച്എസ് പുതിയ മാർഗനിർദേശം നൽകിയിരുന്നു . ഇതിൻറെ അടിസ്ഥാനത്തിൽ ട്രാൻസ്ജെൻഡർ വിഭാഗത്തിൽപ്പെട്ട സ്ത്രീകളെ ഇനി മുതൽ സിംഗിൾ സെക്സ് ഫീമെയിൽ വാർഡുകളിൽ പ്രവേശിപ്പിക്കുകയില്ല. ബയോളജിക്കൽ സെക്സിന്റെ പ്രാധാന്യം ഊന്നി പറയുന്നതാണ് പുതിയ നിർദ്ദേശങ്ങൾ.

പുരുഷന്മാരുടെ കാര്യത്തിലും സമാനമായ നിർദ്ദേശം ഉൾപ്പെടുത്തിയിട്ടുണ്ട്. അതായത് ട്രാൻസ്ജെൻഡർ വിഭാഗത്തിൽ പെടുന്ന പുരുഷന്മാരെയും ഇനി മുതൽ സിംഗിൾ സെക്സ് മെയിൽ വാർഡുകളിൽ പ്രവേശിപ്പിക്കുകയില്ല. ഇതിനർത്ഥം ട്രാൻസ്ജെൻഡർ വിഭാഗത്തിൽ പെടുന്ന സ്ത്രീകൾക്കും പുരുഷന്മാർക്കും അവർക്ക് അനുയോജ്യമായ ഒറ്റ മുറികൾ നൽകേണ്ടതായി വരും. ഇത് പ്രധാനമായും രോഗികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായാണ് നടപ്പിലാക്കുന്നത് എന്നതാണ് സർക്കാരിന്റെ നിലപാട് .