ലണ്ടന്‍: അതിശൈത്യം തുടരുന്ന ബ്രിട്ടനില്‍ കുടിവെള്ള വിതരണം പ്രതിസന്ധിയില്‍. കഴിവിന്റെ പരമാവധി ഉപഭോഗം കുറക്കാന്‍ കുടിവെള്ള കമ്പനികള്‍ ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. ഈ ആഴ്ച്ച് ലണ്ടനിലും സൗത്ത് ഈസ്റ്റിലുമുള്ള ജലവിതരണത്തില്‍ കാര്യമായ കുറവ് വന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതിശൈത്യം തുടരുന്നതു മൂലം നഗരത്തിലെ പലയിടങ്ങളിലും കുടിവെള്ള പൈപ്പുകള്‍ പൊട്ടി ജലവിതരണം തടസ്സപ്പെട്ടിരുന്നു. തണുത്തുറഞ്ഞ കാലവസ്ഥ തുടരുന്നതിനാലാണ് പൈപ്പുകളില്‍ കേടുപാടുകള്‍ സംഭവിക്കുന്നത്. തമംസ് വാട്ടര്‍, സൗത്ത് ഈസ്റ്റ് വാട്ടര്‍, അഫിനിറ്റി വാട്ടര്‍ തുടങ്ങിയ കമ്പനികള്‍ സംയുക്തമായി നല്‍കിയ മുന്നറിയിപ്പില്‍ ജലത്തിന്റെ ഉപഭോഗം നിയന്ത്രിക്കാന്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. നിലവിലെ സാഹചര്യം എത്ര നാള്‍ തുടരുമെന്നത് സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമല്ല. കുടിവെള്ള പ്രതിസന്ധി പരിഹരിക്കാന്‍ ആവശ്യമായ നടപടികള്‍ കമ്പനികള്‍ സ്വീകരിച്ചു വരികയാണ്. പ്രതിസന്ധി അതിരൂക്ഷമാവുകയാണെങ്കില്‍ ലണ്ടന്‍ വെള്ളം കിട്ടാതെ സ്തംഭിക്കും.
ലണ്ടനില്‍ മാത്രം നിലവില്‍ പ്രതിസന്ധി നേരിടുന്ന 20,000 വീടുകള്‍ ഉണ്ടെന്നാണ് പുറത്തു വരുന്ന വാര്‍ത്തകള്‍. സൗത്ത് വെസ്റ്റ് ലണ്ടനിലെ സെന്റ് ജോര്‍ജ്ജ് മെന്റല്‍ ഹെല്‍ത്ത് എന്‍എച്ച്എസ് ട്രസ്റ്റിന് കീഴിലുള്ള സ്പ്രിംഗ്ഫീല്‍ഡ് ആശുപത്രിയില്‍ കുടിവെള്ള ക്ഷാമം രൂക്ഷമായതിനെ തുടര്‍ന്ന് തമംസ് വാട്ടര്‍ കമ്പനിയോട് 500 ബോട്ടില്‍ വെള്ളം ആവശ്യപ്പെട്ടു. രോഗികള്‍ക്ക് ആവശ്യമായ കുടിവെള്ളത്തില്‍ വന്ന കുറവാണ് ആശുപത്രി അധികൃതരെ കമ്പനിയെ സമീപിക്കാന്‍ നിര്‍ബന്ധിതരാക്കിയത്. കൂടുതല്‍ പ്രതിസന്ധി നേരിടുന്ന പ്രദേശങ്ങളില്‍ ആശുപത്രികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് സൂചനകള്‍. തലസ്ഥാന നഗരിയുടെ പല പ്രദേശങ്ങളിലും അടിയന്തര ബോട്ടില്‍ഡ് വാട്ടര്‍ സ്‌റ്റേഷനുകള്‍ തുറന്നിട്ടുണ്ട്. പ്രതിസന്ധി എത്രയും പെട്ടന്ന് മറികടക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ഈ നില തുടര്‍ന്നാല്‍ കാര്യങ്ങള്‍ കൂടുതല്‍ അപകടത്തിലാകും.
അതിശൈത്യം തുടരുന്നതില്‍ പൈപ്പുകളില്‍ പ്രഷര്‍ കൂടുകയും കേടുപാടുകള്‍ സംഭവിക്കുകയും ചെയ്യുന്നതായും സൗത്ത് ഈസ്റ്റ പ്രദേശങ്ങളില്‍ വന്‍തോതില്‍ ഇത്തരം തകരാറുകള്‍ സംഭവിച്ചതായും സൗത്ത് ഈസ്റ്റ് വാട്ടര്‍ കമ്പനി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഇപ്പോള്‍ വാട്ടര്‍ നെറ്റ്‌വര്‍ക്കില്‍ സംഭവിച്ചിരിക്കുന്ന കേടുപാടുകള്‍ മാറ്റാന്‍ അതീവ ശ്രമം നടത്തി വരികയാണ്. 100 കൂടുതല്‍ പുതിയ തൊഴിലാളികളെ ഇതിനായി നിയമിച്ചിട്ടുണ്ട്. 24 മണിക്കൂറും ഇതിനായുള്ള ശ്രമം കമ്പനി നടത്തുകയാണെന്നും സൗത്ത് ഈസ്റ്റ് കമ്പനി വൃത്തങ്ങള്‍ പറയുന്നു. വീട്ടില്‍ വെള്ളം ഇല്ലാതിരിക്കുന്ന അവസ്ഥയുണ്ടെങ്കില്‍ ഞങ്ങളുടെ വെബ്‌സൈറ്റില്‍ രേഖപ്പെടുത്തിയിട്ടുള്ള അടിയന്തര ജല വിതരണ കേന്ദ്രങ്ങള്‍ എവിടെയാണെന്ന് കണ്ടെത്തുകയും അവരെ സമീപിക്കുകയും ചെയ്യാം. സേവനം 24 മണിക്കൂറും ലഭ്യമാണെന്നും കമ്പനി കൂട്ടിച്ചേര്‍ത്തു. അടിയന്തര സാഹചര്യങ്ങളില്‍ കമ്പനിയെ ഫോണില്‍ വിവരമറിയിക്കുന്നതിനാവിശ്യമായ സംവിധാനം ഏര്‍പ്പെടുത്തിയതായി തമംസ് വാട്ടര്‍ കമ്പനി വൃത്തങ്ങളും അറിയിച്ചു.
Leave a Reply