വാത്സിങ്ങാം: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ എപ്പാർക്കിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന എട്ടാമത് വാത്സിങ്ങാം തീർത്ഥാടനവും തിരുന്നാളും നാളെ (ജൂലൈ 20 ശനിയാഴ്ച) നടക്കും. മലയാളി മാതൃഭക്തരുടെ വൻ പങ്കാളിത്തവും, മരിയ ഭക്തിഗാനങ്ങളും, ജപമാലകളും, ആവേ മരിയായും ആലപിച്ച് കൊണ്ട് കൊടി തോരണങ്ങളാൽ അലംകൃതമായ വീഥിയിലൂടെ മുത്തുക്കുടകളും രൂപങ്ങളുമേന്തി നടത്തപ്പെടുന്ന തീർത്ഥാടന പ്രദക്ഷിണവും, ആഘോഷപൂർവ്വമായ തിരുന്നാൾ സമൂഹ ദിവ്യബലിയും, മരിയൻ സന്ദേശവും, ശുശ്രുഷകളും, വാത്സിങ്ങാം പുണ്യകേന്ദ്രത്തെ മരിയ പ്രഘോഷണ മുഖരിതമാക്കും. തീർത്ഥാടനത്തിന് കേംബ്രിഡ്ജ് റീജണൽ സീറോമലബാർ വിശ്വാസ സമൂഹമാണ് ആതിഥേയത്വവും നേതൃത്വം നൽകുന്നത്.

പരിശുദ്ധ അമ്മയുടെ നിർദ്ദേശത്തിൽ നസ്രേത്തിലെ ഭവനത്തിന്റെ മാതൃകയില്‍ വാത്സിങ്ങാമിൽ പണിതുയര്‍ത്തപ്പെട്ട ദേവാലയം നിരവധിയായ അനുഭവ സാക്ഷ്യങ്ങളാൽ ആഗോളതലത്തിൽത്തന്നെ ശ്രദ്ധേയമാണ്. മാതൃ നിർദ്ദേശത്താൽ പ്രാർത്ഥിക്കുവാൻ സൗകര്യം ഒരുക്കപ്പെട്ട ‘വാത്സിങ്ങാമിൽ എത്തി പ്രാർത്ഥിക്കുന്നവർക്ക് ‘ഫലസിദ്ധിയും മറുപടിയും ലഭിക്കും’ എന്ന് പരിശുദ്ധ അമ്മ വാഗ്ദാനം നൽകിയിരുന്നു. ഇവിടെയെത്തി വാത്സിങ്ങാം അമ്മയുടെ മാദ്ധ്യസ്ഥം വഴി പ്രാർത്ഥിച്ചു ഉദ്ദിഷ്‌ഠ കാര്യങ്ങൾ സാധിച്ചവരുടെയും,സന്താന ലബ്ദി, രോഗ സൗഖ്യം അടക്കം നിരവധിയായ വിശ്വാസ ജീവിത സാക്ഷ്യങ്ങൾ നിത്യേന പ്രഘോഷിക്കപ്പെടുന്ന പുണ്യഭൂമികൂടിയാണ് വാത്സിങ്ങാം.

ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ എപ്പാർക്കിയിലെ എല്ലാ മിഷനുകളിൽ നിന്നും തിരുന്നാൾ ഏറ്റെടുത്തു നടത്തുന്നതിനായി പ്രസുദേന്തിമാരായി ചേരുവാൻ അവസരം ഒരുക്കിയിട്ടുണ്ട്. ദേവാലയങ്ങളിൽ നിന്നും പരമാവധി കോച്ചുകൾ ക്രമീകരിച്ചു വരുവാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. വിശാലമായ പാർക്കിങ് സൗകര്യം ഒരുക്കിയിട്ടുമുണ്ട്.

മരിയ പ്രഘോഷണ പ്രാർത്ഥനകൾ ഉരുവിട്ട് വാത്സിങ്ങാം തീർത്ഥാടനത്തിനായി ‘ഹോളി മൈൽ’ നഗ്ന പാദരായി നടന്നു നീങ്ങുതിനായി ചെരുപ്പ് അഴിച്ചു വെക്കുന്ന ഇടമായ ‘സ്ലിപ്പർ ചാപ്പൽ’ ആണ് ഇന്ന് കത്തോലിക്കാ സഭയുടെ തീർത്ഥാടന കേന്ദ്രം. രാവിലെ ഒമ്പതരയ്ക്ക് പ്രഭാത പ്രാർത്ഥനയോടെ (സപറ) ആരംഭിക്കുന്ന തീർത്ഥാടന ശുശ്രുഷകളിൽ തുടർന്ന് ജപമാലയും, ആരാധനയും നടക്കും. പത്തരക്ക് രൂപതയുടെ പാസ്റ്ററൽ കോർഡിനേറ്ററും, സഭാ പണ്ഡിതനും, ധ്യാന ഗുരുവും, പ്രശസ്ത വാഗ്മിയുമായ റവ.ഡോ. ടോം ഓലിക്കരോട്ട് മരിയൻ പ്രഭാഷണം നൽകുന്നതാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഉച്ചകഴിഞ്ഞു പന്ത്രണ്ടേകാലിനു നടക്കുന്ന പ്രസുദേന്തി വാഴ്ചക്കു ശേഷം, മാതൃഭക്തി നിറവിൽ തീർത്ഥാടന പ്രദക്ഷിണം ആരംഭിക്കും. ഓരോ മിഷനുകളും തങ്ങൾക്ക് അനുവദിച്ചിട്ടുള്ള സ്പേസിൽ ‘പിൽഗ്രിമേജ് സ്പിരിച്വൽ മിനിസ്ട്രി’ ചൊല്ലിത്തരുന്ന പ്രാർത്ഥനകളും ഭക്തിഗാനങ്ങളും ആലപിച്ച് മാതൃ സന്നിധിയുടെ പരിപാവനത കാത്തുകൊണ്ട് ഭക്തിപൂർവ്വം രണ്ട് ലൈനായി അണിമുറിയാതെ പങ്കെടുക്കേണ്ടതാണ്.

ഉച്ചക്ക് രണ്ടു മണിക്ക് മാർ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യ കാർമ്മികത്വത്തിൽ, രൂപതയിൽ നിന്നുള്ള വൈദികർ സഹകാർമ്മികരായി ആഘോഷപൂർവ്വമായ തിരുന്നാൾ സമൂഹബലി അർപ്പിക്കും. കുർബ്ബാന മദ്ധ്യേ മാർ ജോസഫ് സ്രാമ്പിക്കൽ തിരുന്നാൾ സന്ദേശവും നൽകുന്നതാണ്.

തീർത്ഥാടകർക്കായി വിഭവ സമൃദ്ധമായ ചൂടുള്ള നാടൻ ഭക്ഷണങ്ങൾ വിതരണം ചെയ്യുന്നതിനായി മലയാളി സ്റ്റാളുകൾ സജ്ജീകരിക്കുന്നുണ്ട്. ഗ്രൂപ്പുകളായി വരുന്നവർക്ക് നീണ്ട ക്യുവിൽ നിന്ന് പ്രയാസം ഉണ്ടാവാതിരിക്കുവാൻ മുൻകൂറായി ബുക്ക് ചെയ്യുന്നതിന് നോർവിച്ച് ജേക്കബ്‌സ് കാറ്ററിങ്ങിൽ ബന്ധപ്പെടാവുന്നതാണ്. കൗണ്ടറിൽ കാഷ്‌ മാത്രമേ സ്വീകരിക്കുകയുള്ളൂ.

തീർത്ഥാടന സമയക്രമം:-
09:30 am – സപ്രാ (പ്രഭാത പ്രാർത്ഥന), ജപമാല, ആരാധന
10:30 am – മരിയൻ പ്രഭാഷണം (റവ. ഡോ. ടോം ഓലിക്കരോട്ട്)
11:15 am – കൊടിയേറ്റ്, ഉച്ചഭക്ഷണം, അടിമവക്കൽ
12:15 pm – പ്രസുദേന്തി വാഴിയ്ക്കൽ
12:45 pm – ആഘോഷമായ പ്രദക്ഷിണം
02:00 pm – ആഘോഷപൂർവ്വമായ തിരുന്നാൾ സമൂഹ ബലിയും, സന്ദേശവും
04:30 pm – തീർത്ഥാടന സമാപനം

നോർവിച്ച് ജേക്കബ്‌സ് കേറ്ററിംഗ് – 07869212935

വാത്സിങ്ങാം ബസിലിക്കയുടെ വിലാസം.
The Basilica Of Our Lady Walshingham, Houghton St. Giles, Little Walshingham, Walshingham, NR22 6AL