കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വീണ്ടും മത്സരിക്കുന്നതോടെ ദേശീയ ശ്രദ്ധ നേടിയ വയനാട്ടിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ എൻഡിഎ സ്ഥാനാർഥിയാകും. ലോക്സഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാകില്ലെന്നു നിലപാടെടുത്തിരുന്ന സംസ്ഥാന അധ്യക്ഷനെത്തന്നെ കളത്തിലിറക്കി മത്സരം കടുപ്പിക്കാൻ ബിജെപി കേന്ദ്ര നേതൃത്വം തീരുമാനിക്കുകയായിരുന്നു. ഇതോടെ വയനാട്ടിലെ പോരാട്ടത്തിന് ചൂടേറും.

എറണാകുളത്ത് കെ.എസ്.രാധാകൃഷ്ണൻ, കൊല്ലത്ത് നടൻ ജി.കൃഷ്ണകുമാർ, ആലത്തൂരിൽ ടി.എൻ.സരസു എന്നിവരെയും എൻഡിഎ സ്ഥാനാർഥികളായി പ്രഖ്യാപിച്ചു. ഇതോടെ കേരളത്തിലെ 20 മണ്ഡലങ്ങളിലും എൻഡിഎക്കു സ്ഥാനാർഥികളായി. മൂന്നു മുന്നണികളും സ്ഥാനാർഥികളെ പ്രഖ്യാപിച്ചതോടെ സംസ്ഥാനത്തെ പ്രചാരണം പൊടിപാറും.

ബിഡിജെഎസില്‍നിന്ന് ഏറ്റെടുത്ത വയനാട്ടിൽ ബിജെപിയുടെ സ്ഥാനാർഥി ആരാകുമെന്ന ചോദ്യം ശക്തമായിരുന്നു. ദേശീയ രാഷ്ട്രീയത്തിലെയും പ്രതിപക്ഷ നിരയിലെയും പ്രധാന നേതാക്കളായ രാഹുല്‍ ഗാന്ധിയും ആനി രാജയും മാറ്റുരയ്ക്കുന്നുവെന്ന സവിശേഷതയാണ് വയനാടിനുള്ളത്. ഇതിലേക്ക് ദേശീയനിരയിലെ ആരെങ്കിലും ബിജെപി സ്ഥാനാർഥിയായി എത്തുമോയെന്നായിരുന്നു പ്രധാന ആകാംക്ഷ.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

എ.പി.അബ്ദുല്ലക്കുട്ടി, സന്ദീപ് വാരിയര്‍, സി.കെ.ജാനു തുടങ്ങിയ പേരുകളും നേതൃത്വം പരിഗണിച്ചു. ഒടുവിലാണ് കേന്ദ്ര നേതൃത്വം സുരേന്ദ്രന്റെ പേരിലേക്ക് എത്തിച്ചേർന്നത്. വയനാട്ടിൽ സുരേന്ദ്രന്റെ സാന്നിധ്യം, തിരഞ്ഞെടുപ്പിനെ ഗൗരവത്തോടെയാണു പാർട്ടി കാണുന്നതെന്ന പ്രതീതി കേരളത്തിലും പുറത്തും സൃഷ്ടിക്കുമെന്നാണു ബിജെപിയുടെ കണക്കുകൂട്ടൽ. നാലു മണ്ഡലങ്ങളിലും സ്ഥാനാർഥികളെ വൈകിയാണ് പ്രഖ്യാപിച്ചതെങ്കിലും ബിജെപി നേരത്തേതന്നെ പ്രചാരണം തുടങ്ങിയിരുന്നു.

ലോക്‌സഭയിലേക്ക് കാസര്‍കോട് മണ്ഡലത്തില്‍ നിന്നും രണ്ടുതവണയും നിയമസഭയിലേക്ക് മഞ്ചേശ്വരത്ത് നിന്നും രണ്ട് തവണയും മത്സരിച്ച സുരേന്ദ്രന്‍ മഞ്ചേശ്വരത്ത് 89 വോട്ടിനാണ് പരാജയപ്പെട്ടത്. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ പത്തനംതിട്ട മണ്ഡലത്തില്‍ മത്സരിച്ച് മൂന്ന് ലക്ഷത്തോളം വോട്ട് പിടിച്ച് ഇടതു-വലത് മുന്നണികളെ ഞെട്ടിച്ചു. നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ കോന്നി മണ്ഡലത്തില്‍ മത്സരിച്ച് നാല്‍പതിനായിരത്തോളം വോട്ട് പിടിച്ച് കരുത്ത് കാട്ടി. 2021 നിയമസഭ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരം, കോന്നി മണ്ഡലങ്ങളിൽ മത്സരിച്ച സുരേന്ദ്രൻ മഞ്ചേശ്വരത്ത് 67,000 ത്തോളം വോട്ട് പിടിച്ചിരുന്നു.

കോൺഗ്രസ് വിട്ട് ബിജെപിയിൽ എത്തിയ കെ.എസ്.രാധാകൃഷ്ണൻ 2019ലെ ലോക്സഭാ തിര‍ഞ്ഞെടുപ്പിൽ ആലപ്പുഴയിൽ എൻഡിഎ സ്ഥാനാർഥിയായി മത്സരിച്ചിരുന്നു. നടൻ കൂടിയായ കൊല്ലത്തെ സ്ഥാനാർഥി കൃഷ്ണകുമാര്‍ 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം നിയമസഭാ മണ്ഡലത്തിലെ സ്ഥാനാർഥിയായിരുന്നു. ഗവ.വിക്ടോറിയ കോളജിലെ മുൻ പ്രിൻസിപ്പലാണ് ആലത്തൂരിലെ സ്ഥാനാർഥി ടി.എൻ.സരസു.