വയനാട്: യത്തീംഖാനയിലെ പെണ്‍കുട്ടികളെ പീഡിപ്പിച്ച സംഭവത്തില്‍ ആര് പേര്‍ പിടിയിലായി. 11 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളാണ് പീഡിപ്പിക്കപ്പെട്ടത്. കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്ന പോക്സോ അടക്കമുളള വകുപ്പുകള്‍ ചേര്‍ത്താണ് കല്‍പ്പറ്റ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. വൈദ്യപരിശോധനയില്‍ കിട്ടികള്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമായിട്ടുണ്ട്.
ഇന്നലെയാണ് വയനാട്ടിലെ യത്തീംഖാനയിലെ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനികള്‍ പീഡിപ്പിക്കപ്പെട്ടുവെന്ന വിവരം പുറത്തുവരുന്നത്. ഏഴാം ക്ലാസിലും എട്ടിലും പഠിക്കുന്ന ഏഴു വിദ്യാര്‍ത്ഥിനികളാണ് പീഡിപ്പിക്കപ്പെട്ടത്. കുട്ടികളെ ഗ്രൂപ്പ് കൗണ്‍സിലിംഗിനു വിധേയരാക്കി കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ സാമൂഹ്യനീതി വകുപ്പ് ആലോചിക്കുന്നുണ്ട്. വിദ്യാര്‍ത്ഥിനികളെ കോമ്പൗണ്ടിന് പുറത്തുവെച്ച് മിഠായി നല്‍കിയും അശ്ലീല വീഡിയോകള്‍ കാണിച്ച് പ്രലോഭിപ്പിക്കുകയും പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് യത്തീംഖാന നല്‍കിയ പരാതിയില്‍ പറയുന്നത്.

ത്തീംഖാനയ്ക്ക് സമീപമുളള കടകളിലെ യുവാക്കളെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ഹോസ്റ്റലിലേക്ക് പോകുംവഴി കടയിലേക്ക് വിളിച്ചുവരുത്തിയായിരുന്നു പീഡനമെന്നാണ് വെളിപ്പെട്ടത്. യത്തീംഖാനയ്ക്ക് സമീപമുളള കടയില്‍ നിന്നും കഴിഞ്ഞ് ദിവസം വിദ്യാര്‍ത്ഥിനികള്‍ ഇറങ്ങിവരുന്നത് ശ്രദ്ധയില്‍പ്പെട്ട സെക്യൂരിറ്റി ജീവനക്കാരാണ് കാര്യങ്ങള്‍ അന്വേഷിച്ചത്. തുടര്‍ന്ന് നടത്തിയ കൗണ്‍സലിംഗിലും അന്വേഷണത്തിലും കാര്യങ്ങള്‍ പുറത്തു വരികയായിരുന്നു. ജനുവരി മുതല്‍ ഈ വിദ്യാര്‍ത്ഥിനികള്‍ പീഡിപ്പിക്കപ്പെട്ടതായും സംശയിക്കുന്നുണ്ട്.