കനത്ത മഴയെ അവഗണിച്ച് വയനാട് പുത്തുമലയിൽ മൂന്നാം ദിവസവും നടത്തിയ തിരച്ചിലിൽ ഒരു മൃതദേഹം കൂടി കണ്ടെടുത്തു. പുത്തുമല ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം പത്തായി. പുത്തുമല ദുരന്തഭൂമിയിൽ മണ്ണിനടിയിൽ ഇനിയും ഏഴു പേർ കുടുങ്ങിയിട്ടുണ്ട്. ഉരുൾപൊട്ടി വരുന്നതിനിടെ അകപ്പെട്ട കാറിലെ യാത്രക്കാരേയും കണ്ടെത്താനായില്ല. യാത്രക്കാരും കാറും മണ്ണിനടിയിലകപ്പെട്ടോയെന്നാണ് സംശയം. തോരാമഴയിൽ പുത്തുമലയിലെ ഒഴുക്ക് തുടരുകയാണ്. മണ്ണുമാന്തി വാഹനങ്ങൾ ഇറക്കാൻ കഴിയുന്നില്ല.

നനഞ്ഞു കുതിർന്ന മണ്ണിൽ കാലു കുത്താൻ പോലും കഴിയില്ല. പുത്തുമല സ്വദേശിനിയായ അൻപത്തിയേഴുകാരി റാണിയുടെ മൃതദേഹമാണ് അവസാനം കിട്ടിയത്. അവറാൻ , അബൂബക്കർ , ഷൈല, അന്നായ , ഗൗരിശങ്കർ , നബീസ് , ഹംസ എന്നിവരാണ് കാണാതായവർ. പത്തടിയോളം മണ്ണ് വീടുകൾക്കു മീതെ വന്നടിഞ്ഞിട്ടുണ്ട്. ഇതു പൂർണമായും നീക്കലാണ് വെല്ലുവിളി. കാണാതായവരുടെ ബന്ധുക്കൾ ആശങ്കയിൽ കഴിയുകയാണ്. ഉറ്റവരെ അവസാനം ഒരു നോക്ക് കാണാൻ കഴിയണേയെന്ന പ്രാർഥനയിലാണ് ബന്ധുക്കൾ.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ദുരന്തനിവാരണ സേനയും പൊലീസും സന്നദ്ധ സംഘടന പ്രവർത്തകരും അടക്കം 250 പേർ മണിക്കൂറുകളോളം തിരച്ചിൽ നടത്തി. മുൻ ദിവസങ്ങളിൽ നിന്ന് വ്യത്യസ്തമായി ഉച്ചതിരിഞ്ഞ് നാലു മണിക്കു തന്നെ തിരച്ചിൽ നിർത്തേണ്ടി വന്നു. ഉരുൾപൊട്ടലിന് വീണ്ടും സാധ്യതയുണ്ടെന്ന് സ്ഥലം സന്ദർശിച്ച വിദഗ്ധർ മുന്നറിയിപ്പ് നൽകി. വ്യോമസേനയുടെ ഹെലികോപ്റ്റർ പുത്തുമലയിൽ വ്യോമ നിരീക്ഷണം നടത്തി. നിലവിൽ ദുരന്ത ഭൂമിയുടെ തീവ്രത മനസിലാക്കിയാണ് വ്യോമസംഘം മടങ്ങിയത്.