താര സംഘടനയായ അമ്മ നിര്‍മിക്കുന്ന മള്‍ട്ടി സ്റ്റാര്‍ ചിത്രത്തില്‍ നടി ഭാവന ഉണ്ടാകില്ലെന്നും മരിച്ചുപോയവരെ തിരിച്ചുകൊണ്ടുവരാന്‍ പറ്റുമോ എന്നുമുള്ള സെക്രട്ടറി ഇടവേള ബാബുവിന്റെ പരാമര്‍ശത്തിനെതിരെ ഡബ്ല്യുസിസി. പരാമര്‍ശത്തെ ശക്തമായി അപലപിക്കുന്നതായി അറിയിച്ച സംഘടന അവള്‍ മരിച്ചിട്ടില്ല, അവള്‍ തല ഉയര്‍ത്തി തന്നെ ഇവിടെ ജീവിച്ചിരിക്കുന്നുവെന്നും അറിയിച്ചു. ഫേസ്ബുക്കിലാണ് സംഘടനയുടെ പ്രതികരണം.
ഫേസ്ബുക്ക് പോസ്റ്റ്
അവള്‍ മരിച്ചിട്ടില്ല!
അവള്‍ തല ഉയര്‍ത്തി തന്നെ ഇവിടെ ജീവിച്ചിരിക്കുന്നു…! ‘മരിച്ചു പോയവരെ തിരിച്ചു കൊണ്ടുവരാന്‍ പറ്റുമോ ‘ എന്ന എ.എം.എം.എയുടെ ജനറല്‍ സെക്രട്ടറിയുടെ ചാനല്‍ ചര്‍ച്ചയിലെ പരാമര്‍ശത്തെ ഞങ്ങള്‍ ശക്തമായി അപലപിക്കുന്നു.
മാധ്യമങ്ങള്‍ ‘ഇര’യായി കണ്ടവളെ ‘അതിജീവിച്ചവളാണെന്ന് ‘പറഞ്ഞു കൊണ്ടായിരുന്നു ഡബ്ല്യുസിസി ചേര്‍ത്തു പിടിച്ചത്. എന്നാല്‍ അസാധാരണമായ മനശ്ശക്തിയോടെ മലയാള സ്ത്രീ ചരിത്രത്തില്‍ നിര്‍ണ്ണായകമായ ഒരു പോരാട്ടത്തില്‍ ഉറച്ചു നില്‍ക്കുന്നവളെ മരിച്ചവരോട് ഉപമിച്ച ബഹു. സെക്രട്ടറിയുടെ പരാമര്‍ശം ആ സംഘടനയുടെ സ്ത്രീവിരുദ്ധതയെ പൂര്‍ണ്ണമായും വെളിവാക്കുന്നതായിരുന്നു.
നിശ്ചലവും ചിതലരിച്ചതും സ്ത്രീവിരുദ്ധവുമായ ഈ മനോഭാവത്തില്‍ പ്രതിഷേധിച്ചു കൊണ്ടാണ് പാര്‍വ്വതി തിരുവോത്ത് അമ്മയില്‍ നിന്ന് രാജിവെച്ചത്.
ആ അഭിമുഖത്തില്‍ ആക്രമിക്കപ്പെട്ട നടിയെ വീണ്ടും ക്രൂരമായി പൊതു മദ്ധ്യത്തില്‍ വലിച്ചിഴക്കുകയും സഹപ്രവര്‍ത്തകനായിരുന്ന കുറ്റാരോപിതനുമായി ചേര്‍ത്ത് പലതരത്തിലുള്ള ദുസ്സൂചനകള്‍ നല്‍കുകയുമാണ് സെക്രട്ടറി ചെയ്തത്. അത് ക്രൂരമായിപ്പോയി എന്നു മാത്രമെ പറയാനുള്ളൂ.
സോഷ്യല്‍ മീഡിയയില്‍ എ എം.എം.എയുടെ എക്‌സികൂട്ടിവ് അംഗമായ നടന്‍ സിദ്ധിക്കിനെതിരെ ഞങ്ങളുടെ മെമ്പര്‍ കൂടിയായ നടി രേവതി സമ്പത്ത് ഉന്നയിച്ച ലൈംഗിക ആരോപണത്തെ സെക്രട്ടറി പുച്ഛത്തോടെ ഈ ചര്‍ച്ചയില്‍ തള്ളി പറയുകയും ചെയ്യുകയുണ്ടായി. നടന്‍ സിദ്ധിഖിന്റെ വിശദീകരണത്തില്‍ സംഘടന വിശ്വസിക്കുന്നുവെന്നും സിനിമയില്‍ എന്തെങ്കിലും ആവാന്‍ ശ്രമിച്ചിട്ട് സാധിക്കാത്തവരുടെ അസൂയയും, ജല്പനവുമാണ് നടിയുടെ ആരോപണമെന്നുമുള്ള സെക്രട്ടറിയുടെ പ്രസ്താവന നിരുത്തരവാദപരവും, ഈ തൊഴിലിടത്തിന്റെ ജീര്‍ണ്ണാവസ്ഥയെയുമാണ് സൂചിപ്പിക്കുന്നത്.
ലിംഗസമത്വം എന്ന സ്വപ്നം ഒരിക്കലും സംഭവിക്കാത്ത ഒരിടമായി മലയാള സിനിമയെ മാറ്റുന്നതില്‍ ഈ സംഘടനയുടെ ബഹുമാനപ്പെട്ട സെക്രട്ടറി ഇടവേള ബാബുവും, എഎംഎം.എ എന്ന സംഘടനയും ഒരു പോലെ മല്‍സരിക്കുകയാണ്.
ഇരുപത്തിയഞ്ചാം വാര്‍ഷികത്തിന്റെ ഭാഗമായി എഎംഎംഎ നിര്‍മ്മിക്കാന്‍ പോകുന്ന കെട്ടിടത്തിന്റെ അടിത്തറ ഉറപ്പിക്കുന്നത് സിനിമാരംഗത്തെ പഴയതും പുതിയതുമായ ഒട്ടേറെ സ്ത്രീകളുടെ കണ്ണീരിലും, ആണ്‍കോയ്മയുടെ ബലത്തിലുമാണ് എന്നു പറയാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു.
അമ്മ അംഗമായിരുന്ന പ്രസിദ്ധ നടന്‍ തിലകന്റെ മരണത്തിനു ശേഷം പോലും അദ്ദേഹത്തിനോട് നീതികേട് കാണിച്ചു എന്ന് തുറന്നു പറയാത്ത സംഘടന, ജീവിച്ചിരിക്കുന്നവരെ മരിച്ചതായി കണക്കാക്കുന്നു. അതെ! നിങ്ങളുടെ സ്ത്രീവിരുദ്ധ അലിഖിത നിയമങ്ങള്‍ അംഗീകരിക്കാത്തവരെല്ലാം സിനിമക്ക് പുറത്താണ് എന്നും നിങ്ങളവരെയെല്ലാം മരിച്ചവരായി കാണുന്നു എന്നും എ.എം.എം.എ അതുവഴി തുറന്നു സമ്മതിക്കുകയാണ്.
പറയുന്നതിലെ സ്ത്രീവിരുദ്ധത എന്താണെന്ന് പോലും തിരിച്ചറിയാത്ത നിങ്ങളോട് ഞങ്ങള്‍ ഉറച്ച ശബ്ദത്തില്‍ വീണ്ടും പറയുന്നു.
അവളെ ഇല്ലാതാക്കാന്‍ നിങ്ങള്‍ക്കാവില്ല. അവള്‍ ജീവിച്ചിരിക്കുക തന്നെ ചെയ്യും! ഈ നിയമയുദ്ധത്തില്‍ പോരാടാനുള്ള ശക്തി പകര്‍ന്നു കൊണ്ട് ഡബ്ല്യുസിസി കൂടെ തന്നെ ഉണ്ടാവുകയും ചെയ്യും.
Leave a Reply