ന്യൂസ് ഡെസ്ക്, മലയാളം യുകെ
റഷ്യയുടെ സൈനിക ശക്തി വർധിക്കുന്ന സാഹചര്യത്തിൽ ബ്രിട്ടൻ നേരിട്ടുള്ള ആക്രമണ ഭീഷണി നേരിടാൻ സാധ്യതയുണ്ടെന്ന് ബ്രിട്ടീഷ് സായുധ സേനാ മേധാവി എയർ ചീഫ് മാർഷൽ സർ റിച്ചാർഡ് നൈറ്റൺ മുന്നറിയിപ്പ് നൽകി. യുക്രെയിനിൽ നാലുവർഷത്തോളം നീണ്ട യുദ്ധത്തിലൂടെ റഷ്യൻ സൈന്യം കൂടുതൽ പരിചയസമ്പന്നരായതായി അദ്ദേഹം പറഞ്ഞു. സുരക്ഷക്കായി രാജ്യത്തിൻ്റെ മക്കളെല്ലാം ആവശ്യമെങ്കിൽ പോരാടാൻ തയ്യാറാകേണ്ട അവസ്ഥ വരാമെന്നും അദ്ദേഹം തുറന്നടിച്ചു.

നാറ്റോ സഖ്യകക്ഷികളോടൊപ്പം സായുധ സേനയാണ് ആദ്യ പ്രതിരോധമെങ്കിലും, മുഴുവൻ സമൂഹവും പ്രതിരോധത്തിനായി ഒരുങ്ങണമെന്ന് നൈറ്റൺ വ്യക്തമാക്കി. സൈന്യത്തെ ശക്തിപ്പെടുത്തുന്നതിൽ മാത്രം കാര്യമില്ല. വ്യവസായം, അടിസ്ഥാന സൗകര്യങ്ങൾ, ജനങ്ങളുടെ മനോഭാവം എന്നിവയും യുദ്ധസാഹചര്യങ്ങൾക്ക് അനുയോജ്യമാക്കണം. യുദ്ധസമയത്ത് എന്താണ് ത്യാഗമെന്നത് കൂടുതൽ കുടുംബങ്ങൾ നേരിട്ട് അനുഭവിക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

റഷ്യൻ ആക്രമണസാധ്യത ഇപ്പോൾ ‘കുറഞ്ഞതാണെങ്കിലും’ പൂജ്യമല്ലെന്ന് പ്രതിരോധ വിദഗ്ധർ വിലയിരുത്തുന്നുവെന്ന് നൈറ്റൺ ചൂണ്ടിക്കാട്ടി. റഷ്യയുടെ സൈന്യം 11 ലക്ഷം പേരിലേറെ ശക്തിയുള്ളതും പ്രതിരോധച്ചെലവ് വൻതോതിൽ ഉയർന്നതുമാണെന്ന് അദ്ദേഹം പറഞ്ഞു. ശീതയുദ്ധത്തിന് ശേഷമുള്ള ദീർഘകാല സമാധാനത്തിന് ശേഷം, രാജ്യസുരക്ഷയെ കുറിച്ചുള്ള ബോധവും തയ്യാറെടുപ്പും വീണ്ടും സമൂഹത്തിൽ ശക്തിപ്പെടുത്തേണ്ട സമയമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.











Leave a Reply