ന്യൂസ് ഡെസ്ക് മലയാളം യുകെ
ഓൾഡ്ഹാം : പട്ടണത്തിലെ ഏറ്റവും ദരിദ്ര പ്രദേശങ്ങളിലൊന്നായ ഓൾഡ്‌ഹാമിലെ എൽഡൺ സ്ട്രീറ്റ് എസ്റ്റേറ്റിലെ ഒരു വെള്ളിയാഴ്ച വൈകുന്നേരം. ഒരു കാർ പാർക്കിങ്ങിൽ എത്തുന്നു. അടുത്തുള്ള ഫ്ലാറ്റുകളിൽ താമസിച്ചിരുന്ന സ്ത്രീകൾ ബാൽക്കണിയിൽ എത്തി അതുനോക്കി നിൽക്കുന്നു. കാറിന്റെ ഡ്രൈവർ പുറത്തിറങ്ങി ഒരു പെട്ടി എടുത്ത് തുറക്കുന്നു. അതിലെ സാധനങ്ങൾ അവർ വിൽപ്പനയ്ക്കായി സജ്ജീകരിക്കുന്നു. എന്നാൽ ഇത് ഒരു വില്പനയല്ല. ബ്രെഡ്, വാഴപ്പഴം, ആപ്പിൾ, ദോശ, പാൽ, ചോക്ലേറ്റ്, ബീൻസ്, പാസ്ത, സൂപ്പ് തുടങ്ങിയവ നിരത്തി. കഴിഞ്ഞ കുറച്ച് ആഴ്ചകളായി, കേ ആസ്റ്റ്ലി സൗജന്യ ഭക്ഷണം കൈമാറാൻ ഇവിടെയെത്തുന്നുണ്ട്. കാരണം ഈ എസ്റ്റേറ്റിലെ പല വീടുകളിലും ഭക്ഷണം കഴിക്കാനില്ലെന്ന് അവർ പറയുന്നു.
പകർച്ചവ്യാധിയും ലോക്ക്ഡൗണും നിരവധി ആളുകളെ ദാരിദ്ര്യത്തിലേക്ക് തള്ളിവിട്ടു. ഒരു ലക്ഷം ആളുകൾ താമസിക്കുന്ന ഓൾഡ്‌ഹാമിലെ മൂന്ന് കുട്ടികളിൽ ഒരാൾ കടുത്ത ദാരിദ്ര്യത്തിലാണ് കഴിയുന്നത്. ഭക്ഷണം കൊണ്ടുവരുന്ന വണ്ടിയിൽ നിന്ന് ക്യു പാലിച്ചാണ് എല്ലാവരും സാധനങ്ങൾ കൈകൊള്ളുന്നത്. ഒരു കാലത്ത് ലോകത്തിലെ ഏറ്റവും ഉൽപാദനക്ഷമതയുള്ള കോട്ടൺ മിൽ ടൗൺ ആയിരുന്നു ഓൾഡ്‌ഹാം. ഇപ്പോൾ ഒരു ലക്ഷം ആളുകൾ താമസിക്കുന്ന, യുകെയിലെ ഏറ്റവും പിന്നാക്കം നിൽക്കുന്ന പട്ടണങ്ങളിൽ ഒന്നാണിത്. മോശം ആരോഗ്യം, തൊഴിലവസരങ്ങളുടെ അഭാവം, പാർപ്പിടം എന്നിങ്ങനെയുള്ള പ്രശ്നങ്ങളെ കോവിഡ് പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കി.
ഓൾഡ്‌ഹാമിന്റെ മധ്യഭാഗത്തുള്ള യൂറോപ്യൻ ഇസ്ലാമിക് സെന്ററിൽ ഒരു ഫുഡ് ബാങ്ക് സ്ഥാപിച്ചിട്ടുണ്ട്. ഉസ്മാൻ റോ പ്രവർത്തകർ ആഴ്ചയിൽ രണ്ട് ദിവസം ഇവിടെ സന്നദ്ധസേവനം നടത്തുന്നു. ഇവിടെയുള്ള ഒരുപാട് ആളുകൾക്ക്, ലോക്ക്ഡൗണിലെ ജീവിതം ദുസ്സഹമായ ഒന്നാണ്. ഓൾഡ്‌ഹാം കൗൺസിലിന്റെ കണക്കനുസരിച്ച് അയ്യായിരത്തോളം വീടുകൾ തിങ്ങിനിറഞ്ഞ അവസ്ഥയിലാണ് ഇപ്പോഴുള്ളത്. കുട്ടികൾക്ക് സ്കൂളിൽ പോകാൻ കഴിയുന്നില്ലെന്ന് മാത്രമല്ല വീട്ടിലിരുന്നു പഠിക്കാനും കഴിയാതെ വരുന്നു. “ലോക്ക്ഡൗൺ കാരണം ഞങ്ങൾക്ക് പണം സമ്പാദിക്കാൻ പ്രയാസമാണ്. വീടുകളിൽ കുട്ടികൾക്ക് അനുയോജ്യമായ അന്തരീക്ഷമില്ലാത്തതിനാൽ അവർ കൂടുതൽ പഠിക്കുന്നില്ല. ഞങ്ങളെപ്പോലുള്ള കുടുംബങ്ങൾക്ക് ഇത് എത്രമാത്രം ബുദ്ധിമുട്ടാണെന്ന് ആരും മനസ്സിലാക്കുന്നില്ല.” കോവിഡ് 19 സാരമായി ബാധിച്ച ഓൾഡ്‌ഹാമിലെ ഒരു വീട്ടിലെ അവസ്ഥയാണിത്. അതേസമയം ഏറ്റവും കുറഞ്ഞ ശമ്പളം ലഭിക്കുന്ന കുടുംബങ്ങളെ സഹായിക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും കോവിഡ് വിന്റർ ഗ്രാന്റ് പദ്ധതി പോലെയുള്ള സഹായങ്ങൾ ഉടൻ നടപ്പിലാക്കുമെന്നും സർക്കാർ വക്താവ് പറഞ്ഞു.
Leave a Reply