ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം 

വിയറ്റ്നാം : “അവൾക്ക് വലിയ മനസ്സായിരുന്നു. ഈ കുടുംബത്തെ പരിപാലിച്ചത് അവളായിരുന്നു ” ആ അച്ഛൻ വിതുമ്പി. ബൾഗേറിയയിൽ നിന്ന് അയർലൻഡ് വഴി ലണ്ടനിൽ എത്തിയ ട്രക്കിന്റെ കണ്ടെയ്നറിൽ കണ്ടെത്തിയ 39 മൃതദേഹങ്ങളിൽ ഒന്ന് തന്റെ മകളുടെ ആണെന്ന് തിരിച്ചറിഞ്ഞ പിതാവ് തകർന്നുപോയിരുന്നു. വിയറ്റ്നാമിലെ ഹാ ടിൻ പ്രവിശ്യയിലെ എൻഗെൻ പട്ടണത്തിലുള്ള ഫാം വാൻ തിനിന്റെ വീട്ടിൽ ഇന്ന് കളിചിരികളില്ല , തകർന്ന മനസ്സുമായി കഴിഞ്ഞുകൂടുന്ന ചിലർ മാത്രം. എന്നന്നേയ്ക്കുമായി നഷ്ടപ്പെട്ട പുത്രിയെ ഓർത്ത് വിലപിക്കുന്ന മാതാപിതാക്കൾ. 26കാരിയായ ഫാം തി ട്രാ മൈ ഒക്ടോബർ മൂന്നിനാണ് ഹാനോയിലേക്ക് തിരിച്ചത്. അവിടെ നിന്ന് ചൈനയിലേക്കും ഫ്രാൻസിലേക്കും കടന്നു. ബ്രിട്ടനിലേക്ക് എത്തുന്ന വഴിയാണ് മരിച്ചത്. 31000 പൗണ്ട് ആണ് കടത്തുകാർക്ക് കുടുംബാംഗങ്ങൾ നൽകിയത്. “ആളുകളെ ഒരു സുരക്ഷിതമായ മാർഗ്ഗത്തിലൂടെയാണ് കൊണ്ട് പോകുന്നതെന്ന് അവർ ഞങ്ങളോട് പറഞ്ഞു. കാറിലോ വിമാനത്തിലോ ആയിരിക്കുമെന്നും പറഞ്ഞു. ” ട്രാ മൈയുടെ പിതാവ് സിഎൻഎന്നിനോട് പറഞ്ഞു.

കുടുംബത്തിനോടുള്ള അഗാധമായ സ് നേഹം അവളുടെ അവസാന സന്ദേശത്തിലും പ്രകടമായിരുന്നു. “അമ്മയും അച്ഛനും എന്നോട് ക്ഷമിക്കണം. വിദേശത്തേക്ക് പോയത് തെറ്റായി. ഞാൻ മരിച്ചുകൊണ്ടിരിക്കുകയാണ്, എനിക്ക് ശ്വസിക്കാൻ കഴിയുന്നില്ല. ഐ ലവ് യു മം ആൻഡ് ഡാഡ് ” ലോകത്തിൽ നിന്ന് വിടപറയുന്നതിന് മുമ്പ് ട്രാ മൈ അമ്മയ്ക്കയച്ച സന്ദേശമാണിത്. യാത്ര കഠിനമാണെങ്കിൽ പോകേണ്ടെന്ന് പറഞ്ഞിരുന്നതായി പിതാവ് വെളിപ്പെടുത്തി. എന്നാൽ താൻ പോയില്ലെങ്കിൽ കടബാധ്യത മൂലം കുടുംബത്തിന് ബുദ്ധിമുട്ട് വരുമെന്നും അതിനാൽ പോകണമെന്നും അവൾ പറയുമായിരുന്നു. ആളുകളെ തെറ്റായ രീതിയിൽ ആണ് കൊണ്ടുപോകുന്നതെന്ന് അറിഞ്ഞിരുന്നെങ്കിൽ അവളെ വിടില്ലായിരുനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുകെയിലെ ഒരു നെയിൽ സലൂണിൽ ജോലിചെയ്യാനും അതിൽ നിന്നും ലഭിക്കുന്ന ശമ്പളം വീട്ടിലേക്ക് അയക്കാനും അവൾ വളരെയധികം ആഗ്രഹിച്ചിരുന്നു. ജീവൻ നഷ്ടപ്പെട്ടെങ്കിലും എത്രയും വേഗം തന്റെ മകളെ വീട്ടിൽ എത്തിക്കാനാണ് പിതാവ് ശ്രമിക്കുന്നത്. അതാണ് ഇനി അവരുടെ ആഗ്രഹവും.

അനധികൃത കുടിയേറ്റം മൂലം തകർന്നത് ഒരു കുടുംബത്തിന്റെ സ്വപ്‍നവും പ്രതീക്ഷയും ആയിരുന്നു. ബാക്കി 38 കുടുംബങ്ങളുടെയും സ്ഥിതി ഇതുതന്നെ. 39 മൃതദേഹങ്ങളേയും പോസ്റ്റ്മാർട്ടത്തിനായി ക്‌ളെയിംസ്‌ഫോർഡ് ആശുപത്രിയിലേക്ക് മാറ്റി. മരണപ്പെട്ടവരുടെ ബാഗും ഫോണും എല്ലാം പരിശോധനവിധേയമാക്കും. തുടരന്വേഷണത്തിനായി ഫോണിലെ സന്ദേശങ്ങളും പരിശോധിക്കും. ബ്രിട്ടനിലേക്ക് വന്ന മൂന്ന് ലോറികളിൽ ഒന്ന് മാത്രമാണ് എസ്സെക്സിലെതെന്ന വാദവും ഉയരുന്നു. രണ്ടു ലോറികളിലായി എഴുപതോളം കുടിയേറ്റക്കാർ യുകെയിലേക്ക് കടന്നതായും റിപ്പോർട്ടുകൾ വരുന്നു. ട്രക്ക് കണ്ടെയ്നറുകളിൽ ഒളിച്ച് ബ്രിട്ടനിലേക്കുള്ള അനധികൃത കുടിയേറ്റം പതിവാണ്. 2000ൽ 58 ചൈനക്കാരുടെ മൃതദേഹങ്ങൾ ഒരു ട്രക്കിൽ കണ്ടെടുത്തിരുന്നു. 2014ൽ കപ്പലിലെ കണ്ടെയ്നറിനുള്ളിൽ ശ്വാസം കിട്ടാതെ അവശനിലയിൽ അഫ്ഗാനിൽ നിന്നുള്ള 34 സിഖുകാരെയും കണ്ടെത്തിയിരുന്നു.