അടുത്ത ആഴ്ച്ചകളില്‍ യുകെയില്‍ കനത്ത മഞ്ഞു വീഴ്ച്ചയ്ക്ക് സാധ്യത. ബീസ്റ്റ് ഫ്രം ഈസ്റ്റ് എന്നറിയപ്പെടുന്ന ശീതക്കാറ്റ് റഷ്യയില്‍ നിന്നും യുകെയുടെ പ്രദേശങ്ങളിലേക്ക് വരും ദിവസങ്ങളില്‍ എത്തിച്ചേരും. കഴിഞ്ഞ അഞ്ച് വര്‍ഷങ്ങള്‍ക്കിടയിലെ ഏറ്റവും ശക്തമായ മഞ്ഞു വീഴ്ച്ചയായിരിക്കും അടുത്ത ആഴ്ച്ചകളില്‍ വരാന്‍ പോകുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പ്രതികൂല കാലാസ്ഥമൂലം വൈദ്യൂതി തടസ്സവും ഗതാഗത തടസ്സവും നേരിടാന്‍ സാധ്യതയുണ്ടെന്ന് കാലവസ്ഥ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇഗ്ലണ്ടിലും സ്‌കോട്‌ലണ്ടിലും നോര്‍ത്തേണ്‍ അയര്‍ലണ്ടിലും ശക്തമായ മഞ്ഞു വീഴ്ച്ച ഉണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു. തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ അതി ശക്തമായ ശീതക്കാറ്റിന് സാധ്യതയുള്ളതായും മുന്നറിയിപ്പുകളുണ്ട്. ഞാറാഴ്ച്ച രാത്രി മൈനസ് 5 ഡിഗ്രി താപനിലയുണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കുറഞ്ഞ താപനില ഈ ആഴ്ച്ച മുഴുവന്‍ തുടരാനാണ് സാധ്യത.
മാര്‍ച്ച് മധ്യത്തോടെ കാലാവസ്ഥയില്‍ ചെറിയ മാറ്റങ്ങള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രതികൂല കാലവസ്ഥമൂലം റോഡില്‍ ഗതാഗതം തടസ്സമുണ്ടാകുമെന്നും റെയില്‍വേ വിമാന സര്‍വീസുകള്‍ മുടങ്ങാന്‍ സാധ്യതയുണ്ടെന്നും മെറ്റ് ഓഫീസ് അറിയിച്ചു. ഗ്രാമീണ മേഖലകളില്‍ വൈദ്യതി മുടങ്ങാനും മൊബൈല്‍ ഫോണ്‍ നെറ്റ്‌വര്‍ക്കുകളില്‍ തകരാറ് സംഭവിക്കാനും സാധ്യതയുള്ളതായി മെറ്റ് ഓഫീസ് മുന്നറിയിപ്പില്‍ പറയുന്നു. തിങ്കളാഴ്ച്ച മുതല്‍ ഈസ്റ്റേണ്‍, സെന്‍ഡ്രല്‍ ഇഗ്ലണ്ടിലും കനത്ത മഞ്ഞു വീഴ്ച്ചയ്ക്ക് സാധ്യതയുണ്ട്. ചെവ്വാഴ്ച്ചയോടെ മഞ്ഞ് വീഴ്ച്ച സ്‌കോട്‌ലണ്ടിലേക്കും വെയില്‍സിലെ ചില പ്രദേശങ്ങളിലേക്കും നോര്‍ത്തേണ്‍ സൗത്തേണ്‍ ഇഗ്ലണ്ടിലേക്കും വ്യാപിക്കും.
കനത്ത ശീതക്കാറ്റും മഞ്ഞു വീഴ്ച്ചയും യുകെ മുഴുവന്‍ വ്യാപിക്കാന്‍ സാധ്യതയുള്ളത് കാരണം യെല്ലോ വാണിംഗ് (yellow warning) നല്‍കിയിട്ടുണ്ട്. തിങ്കളാഴ്ച്ചയും ചൊവ്വാഴ്ച്ചയും 10സെന്റീമീറ്റര്‍ വരെ മഞ്ഞു വീഴ്ച്ചയ്ക്ക് സാധ്യതയുണ്ടെന്നും ഇത് ബുധനാഴ്ച്ച 15 സെന്റീമീറ്ററായി ഉയര്‍ന്നേക്കാമെന്നും കാലാവസ്ഥ നിരീക്ഷകന്‍ മാര്‍കോ മുന്നറിയിപ്പ് നല്‍കി. മഞ്ഞു വീഴ്ച്ച കനത്തതോടെ മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കാമെന്ന മുന്നറിയിപ്പുമായി മെറ്റ് ഓഫീസ് രംഗത്തു വന്നിട്ടുണ്ട്. ഡ്രൈവര്‍മാര്‍ നിരത്തില്‍ കൂടുതല്‍ കരുതലോടെ വേണം വാഹനമോടിക്കാനെന്ന് അധികൃതര്‍ പറഞ്ഞു.
Leave a Reply