ഒരു വിവാഹം മുടങ്ങാന്‍ പലകാരണങ്ങള്‍ കേട്ടിട്ടുണ്ട്. ഒരു ചുരിദാര്‍ കാരണം വിവാഹം മുടങ്ങിയത് നാട്ടുകാര്‍ കണ്ടത് ഇന്നലെ നെടുമങ്ങാട് ചുള്ളിമാനൂര്‍ സാഫ് ഓഡിറ്റോറിയത്തിലാണ്. ആറ്റുകാല്‍ കഴക്കുന്ന് സ്വദേശിനിയായ യുവതിയുടെയും വെള്ളയമ്പലം സ്വദേശിയായ യുവാവിന്‍റെയും വിവാഹം മുടങ്ങിയത് വിചിത്രമായ കാരണത്താല്‍.

ഓഡിറ്റോറിയത്തില്‍ എത്തിയ വധു മൂഹുര്‍ത്തമായിട്ടും പുടവയുടുക്കാന്‍ തയാറാകാതിരുന്നതാണു പ്രശ്‌നങ്ങള്‍ക്കു കാരണമായത്. നിശ്ചയിച്ചുറപ്പിച്ച വിവാഹത്തിനു രാവിലെ തന്നെ വധുവിന്റെ വീട്ടുകാര്‍ മണ്ഡപത്തില്‍ എത്തി. എന്നാല്‍ അണിയിച്ചൊരുക്കന്‍ എത്തിയവരോടു താന്‍ വിവാഹസാരി ധരിക്കില്ലെന്നു വധു വാശിപിടിച്ചു. രാവിലെ വീട്ടില്‍ നിന്ന് ഇറങ്ങിയപ്പോള്‍ ധരിച്ചിരുന്ന ചുരിദാറായിരുന്നു വധുവിന്റെ വേഷം. അടുത്ത ബന്ധുക്കള്‍ പറഞ്ഞു മനസിലാക്കാന്‍ ശ്രമിക്കുന്നതിനിടയിലായിരുന്നു വരനും വീട്ടുകാരും മണ്ഡപത്തില്‍ എത്തിയത്.  ഇവരെ വധുവിന്റെ സഹോദരന്‍ മാലചാര്‍ത്തി സ്വീകരിച്ചു. തുടര്‍ന്നു കല്യാണത്തിന് എത്തിയവര്‍ക്കു രണ്ടു പന്തിയിലായി ഭക്ഷണം വിളമ്പി. മുഹൂര്‍ത്തമായപ്പോള്‍ വരന്‍ കതിര്‍മണ്ഡപത്തില്‍ കയറി. എന്നാല്‍ സമയം ഏറെ കഴിഞ്ഞിട്ടും വധുവിനെ മണ്ഡപത്തിലേയ്ക്കു കണ്ടില്ല. ഇതിനെ തുടര്‍ന്നു ബന്ധുക്കള്‍ ബഹളം വയ്ക്കുകയായിരുന്നു. ഇതോടെ വധു വിവാഹസാരി ഉടുക്കാതെ പിണങ്ങിയിരിക്കുകയാണ് എന്ന വിവരം പുറത്തായി.

ഒന്നരയോടെ പോലീസെത്തി പെണ്‍കുട്ടിയോടു സംസാരിക്കുകയും ഇതേ തുടര്‍ന്നു പെണ്‍കുട്ടി വിവാഹത്തിനു സമ്മതം പ്രകടിപ്പിക്കുകയും ചെയ്തു. എന്നാല്‍ ഇനി കല്യാണവുമായി തുടര്‍ന്നു പോകാന്‍ താല്‍പ്പര്യം ഇല്ലെന്നു വരനും കൂട്ടരും പറയുകയായിരുന്നു. ഇരുഭാഗത്തുമുണ്ടായ നഷ്ടങ്ങള്‍ പരസ്പരം സഹിക്കമെന്ന് സമ്മതിച്ച് ഇരുകൂട്ടരും ബന്ധത്തില്‍ നിന്നു പിന്മാറി.