ബേസില്‍ ജോസഫ്
ചേരുവകള്‍
വൃത്തിയാക്കിയ കരിമീന്‍ – 4 എണ്ണം
മുളക് പൊടി – 2 ടീസ്പൂണ്‍
കുരുമുളക് പൊടി – 1 ടീസ്പൂണ്‍
മഞ്ഞള്‍ പൊടി – 1 ടീസ്പൂണ്‍
ഗരം മസാല- 1 ടീസ്പൂണ്‍
ജീരകപ്പൊടി- 1 ടീസ്പൂണ്‍
ചെറിയ ഉള്ളി – 15 എണ്ണം
വെളുത്തുള്ളി – 10 അല്ലി
ഇഞ്ചി – 1 ചെറിയ കഷ്ണം
പച്ചമുളക് – 3 എണ്ണം
കരിവേപ്പില -2 തണ്ട്
വറ്റല്‍ മുളക് – 5 എണ്ണം
തേങ്ങാപ്പാല്‍ – 50എംഎല്‍
ഓയില്‍ – 200എംഎല്‍
വാഴയില 4 എണ്ണം
ഉപ്പ് ആവശ്യത്തിന്
പാചകം ചെയ്യുന്ന വിധം
കരിമീന്‍ ചെറുതായി വരഞ്ഞു വയ്ക്കുക. ഒരു ഒരു പാത്രത്തില്‍ പകുതി മുളകുപൊടി, ജീരകപ്പൊടി, ഗരം മസാല, കുരുമുളകുപൊടി എന്നിവ അല്‍പം വെള്ളം ഒഴിച്ച് ഒരു പേസ്റ്റ് ആക്കി എടുക്കുക ഈ പേസ്റ്റ് വരഞ്ഞുവച്ച കരിമീനില്‍ തേച്ചു പിടിപ്പിച്ചു ഫ്രിഡ്ജില്‍ 2 മണിക്കൂര്‍ വയ്ക്കുക. കുഞ്ഞുള്ളി ചെറുതായി അരിഞ്ഞു എടുക്കുക. ഇഞ്ചിയും വെളുത്തുള്ളിയും മിക്‌സിയില്‍ അരച്ച് നല്ല പേസ്റ്റ് ആക്കുക. ഇഞ്ചിയും വെളുത്തുള്ളിയും അരച്ചു പേസ്റ്റ് ആക്കി വയ്ക്കുക. ഒരു പാനില്‍ എണ്ണ ചൂടാക്കി അതില്‍ കടുക് പൊട്ടിച്ചു കറിവേപ്പിലയും വറ്റല്‍ മുളകും മൂപ്പിച്ചെടുക്കുക. ഇതിലേയ്ക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, കുഞ്ഞുള്ളി, പച്ചമുളക് എന്നിവ ചേര്‍ത്തു് നന്നായി വഴറ്റുക. ഇതിലേക്കു തക്കാളി ചേര്‍ത്തിളക്കി ഓയില്‍ വലിയുന്നതു വരെ കുക്ക് ചെയ്യുക. ബാക്കി മുളകുപൊടി, ജീരകപ്പൊടി,ഗരം മസാല ,കുരുമുളകുപൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേര്‍ത്ത് പച്ച മണം മാറുന്നത് വരെ കുക്ക് ചെയ്യുക.
ഈ മിശ്രിതത്തിലേക്ക് തേങ്ങാപ്പാല്‍ ചേര്‍ത്ത് ഇളക്കി നല്ല കട്ടിയുള്ള ഒരു ഗ്രേവി ആക്കിയെടുക്കുക. ഒരു പാനില്‍ ഓയില്‍ ചൂടാക്കി മസാല ചേര്‍ത്ത് വച്ചിരിക്കുന്ന മീന്‍ ചെറു തീയില്‍ പകുതി വറത്തെടുക്കുക. കഴുകിയെടുത്ത വാഴയില ചെറുതായി വാട്ടി കരിമീന്‍ നന്നായിട്ടു പൊതിയാനുള്ള പാകത്തിനു മുറിച്ചു വെയ്ക്കുക. കരിമീന്‍ വറുത്തതിന്റെ രണ്ടു വശത്തും ഗ്രേവി നന്നായിട്ടു കനത്തില്‍ പൊതിഞ്ഞെടുത്തു വാഴയിലയില്‍ വയ്ക്കുക. അതിനുശേഷം വാഴയില നാലുവശവും മടക്കി വാഴ നാരുകൊണ്ടോ കട്ടിയുള്ള നൂലുകൊണ്ട് കെട്ടുക. ചുവടു വിസ്താരമുള്ള പാനോ തവയോ ചൂടാക്കി അല്പം ഓയില്‍ ഒഴിച്ച് കരിമീന്‍ വറുത്തെടുക്കുക. തീ കുറച്ചുവെച്ച് പാത്രം അടച്ചുവെച്ച് സമയമെടുത്തുവേണം വറുക്കാന്‍. എന്നാലെ ഗ്രേവിയുടെ ഫ്‌ളേവര്‍ മീനില്‍ നന്നായിട്ട് പിടിക്കൂ. കരിമീന്‍ പൊള്ളിച്ചത് റെഡി. റെസിപ്പി വായിച്ചു ഞെട്ടണ്ട കാര്യമില്ല. ഉണ്ടാക്കാന്‍ തുടങ്ങുമ്പോള്‍ വളരെ എളുപ്പമാണെന്നു മനസ്സിലാവും. (വാഴയില കിട്ടാനില്ലെങ്കില്‍ പകരം സില്‍വര്‍ ഫോയില്‍ ഉപയോഗിക്കാവുന്നതാണ്)
ഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്.
ബേസില്‍ ജോസഫിന്‍റെ കൂടുതല്‍ പാചകക്കുറിപ്പുകള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Leave a Reply