സുജിത് തോമസ്, മിനു നെയ്‌സൺ പള്ളിവാതുക്കൽ

ഡിസംബർ മാസം ക്രിസ്മസ് ഓർമകൾക്ക് സുഗന്ധവും കാഴ്ചകൾക്ക് തിളക്കവും മനസ്സിന് മധുരവും സമ്മാനിക്കുന്ന മനോഹരമായ കാലം. ലോകമെമ്പാടും ഉള്ളവർ ക്രിസ്തുവിൻറെ തിരുപ്പിറവിക്കായി തയ്യാറെടുക്കുന്ന സമയം ആണല്ലോ .യൂറോപ്പിൻ രാജ്യങ്ങളിൽ എല്ലാം നവംബർ തുടക്കം മുതലേ ഇതിനോടനുബന്ധിച്ചുള്ള തയാറെടുപ്പുകൾ തുടങ്ങും . മഞ്ഞിന്റെ കുളിര്,നക്ഷത്രങ്ങളുടെ തിളക്കം പുൽക്കൂടിന്റെ പുതുമ, പാതിരാകുർബാനയുടെ പവിത്രതയുടെ തിരുപ്പിറവിയുടെ, തിരുക്കർമങ്ങളുടെ വഴികാട്ടിയായ താരകത്തിന്റെ, കേക്കിന്റെ മധുരവുമായി കരോളിനായുള്ള കാത്തിരിപ്പിന്റ സാന്റായുടെ സഞ്ചിയിലെ സമ്മാനം പോലെ അങ്ങനെ അങ്ങനെ ഒരുപാട് ആഘോഷങ്ങളുടെ രാവുകൾ .പ്രവാസികൾ ആയവർക്ക് ഇങ്ങനെ എത്ര മനോഹരമായ ഓർമ്മകൾ ആണ് വന്നണയുന്നതു .ക്രിസ്മസ് എന്നാൽ ആഘോഷത്തിന്റെ മാത്രമല്ല ത്യാഗത്തിന്റെ സ്‌നേഹത്തിന്റെ പങ്കുവെക്കലിന്റെ കൂടി സമയമാണെന്ന് നമ്മെ പഠിപ്പിച്ച ആ പഴയ കാലത്തിലേക്കുള്ള സഞ്ചാരമാണ്.

ക്രിസ്മസിന് ഒഴിച്ച് കൂട്ടാൻ പറ്റാത്ത ഒരു വിഭവം ആണല്ലോ ക്രിസ്മസ് കേക്ക് . ക്രിസ്തുമസ് കേക്ക് രുചിച്ചില്ലെങ്കിൽ ക്രിസ്തുമസ് പൂർണ്ണമായില്ല എന്ന് കരുതുന്നവരാണ് നമ്മൾ. നൂറ്റാണ്ടുകളായി നമ്മെ കൊതിപ്പിക്കുന്ന ക്രിസ്മസ് കേക്കിനുമുണ്ട് ഒരു ചരിത്രം. മദ്ധ്യകാല ഇംഗ്ലണ്ടിൽ 17–ാം നൂറ്റാണ്ടിൽ ആണ് പ്ലം കേക്കിന്റെ തുടക്കം. കേക്കുകൾ കിച്ചണിൽ പിറവിയെടുക്കുന്നതിന് മുൻപ് നടക്കുന്ന കൂട്ടായ്മയുടെയും ഒരുമയുടെയും ആഘോഷമാണ് കേക്ക് മിക്സിങ്. ക്രിസ്മസ് എന്ന മഹത്തായ ആഘോഷത്തിന് ആഴ്ചകൾ മുൻപേ അരങ്ങേറുന്ന കേക്ക് മിക്സിങ്ങിന് പതിറ്റാണ്ടുകളുടെ പാരമ്പര്യമുണ്ട്. അന്നൊക്കെ ബോർമകളിലോ ഹോട്ടലുകളിലോ നടത്തപ്പെട്ട ചടങ്ങായിരുന്നില്ല അവ. ക്രിസ്മസിനും പുതുവൽസരത്തിനും മുന്നോടിയായുള്ള കുടുംബത്തിന്റെ ഒത്തുചേരൽ. വിളവെടുപ്പിന് തൊട്ടുപിന്നാലെ അവരവർക്ക് ലഭിച്ചിരുന്ന പഴങ്ങളും അവ ഉണക്കിയെടുത്ത മറ്റ് ഉൽപന്നങ്ങളും പഴച്ചാറിലും മദ്യത്തിലും വീഞ്ഞിലുമൊക്കെ ചേർക്കുന്ന സ്വകാര്യ ചടങ്ങായിരുന്നു അവയെല്ലാം.ഒരു വലിയ കൂട്ടായ്‌മയുടെ സന്തോഷം ആണ് ഓരോ കുടുംബാഗങ്ങൾക്കും ഇത് സമ്മാനിച്ചുകൊണ്ടിരുന്നത്. തങ്ങളുടെ അദ്ധ്വാനത്തിന്റെയും ഒരുമയുടെയും ഒത്തുചേരലിന്റെയും പ്രതീകമായിരുന്ന ആ കൂടിച്ചേരൽ..ക്രിസ്‌മസ്‌ കേക്കിനു എന്തുകൊണ്ടാണ് പ്ലം കേക്ക് എന്ന പേര് വീണതെന്ന കാര്യം ആർക്കും അറിയില്ല. ഒരു പക്ഷേ അതിന് കാരണം അതിൽ ചേർത്തിരുന്ന പ്രധാന ചേരുവകളിലൊന്ന് ഉണക്കമുന്തിരിയായിരുന്നതുകൊണ്ടാകാം. കാരണം ഉണക്കമുന്തിരിക്ക് പ്ലം എന്ന ഒരു പേരും ഉണ്ടായിരുന്നുവെന്നാണ് പറയപ്പെടുന്നത്. ഉണക്ക മുന്തിരിക്കു പുറമെ ഈന്തപ്പഴം, അത്തിപ്പഴം, ചെറി,അണ്ടിപ്പരിപ്പ്, പിസ്ത, ബദാം, ചുക്ക്, ജാതിക്ക, ഗ്രാമ്പു, കറുവാപ്പട്ട ഓറഞ്ചു തൊലി എന്നിവ കുഴച്ചു അതിലേയ്ക്ക് മുന്തിയ വൈനും ബ്രാണ്ടിയും ചേർത്ത് നന്നായി മിക്സ് ചെയ്ത് വായു കയറാത്ത ഭരണിയിൽ 4 -6 ആഴ്ച്ച സൂക്ഷിച്ചു വയ്ക്കും .ഇവയുടെ ഗുണങ്ങളും രുചിയുമൊക്കെ അലിഞ്ഞുചേരുന്നതോടെ അവ ബേക്ക് ചെയ്യാൻ റെഡി ആയി .ഇംഗ്ലണ്ടിൽ നിന്ന് ഈ കേക്കിന്റെ മാധുര്യം ലോകം മുഴുവൻ പടർന്നത് ബ്രിട്ടീഷ് കോളനികളിൽ ജോലിചെയ്തിരുന്ന ബ്രിട്ടീഷുകാരിലൂടെയായിരുന്നു. തലശ്ശേരിയിൽ മമ്പള്ളി ‘റോയൽസ് ബിസ്കറ്റ് ഫാക്ടറി’ നടത്തിയിരുന്ന ബാപ്പുവിനോട് അക്കാലത്ത് പരിചയപ്പെട്ട ബ്രൗൺ സായിപ്പാണ് കേക്കുണ്ടാക്കാൻ ആവശ്യപ്പെട്ടതത്രേ. ഒരിക്കൽ ഇംഗ്ലണ്ടിൽ പോയി തിരിച്ചെത്തിയ ബ്രൗൺ സായിപ്പ് നാട്ടിൽനിന്നു കൊണ്ടുവന്ന പ്ലം കേക്കിൽ നിന്ന് കുറച്ച് ബാപ്പുവിന് കൊടുത്തിട്ട്, അതുപോലെ ഒരു വിഭവം ഉണ്ടാക്കാൻ കഴിയുമോയെന്ന് ചോദിച്ചു. കേക്കിന്റെ രസക്കൂട്ടുകളും സായിപ്പ് ബാപ്പുവിന് പറഞ്ഞുകൊടുത്തു. വെല്ലുവിളികൾ സധൈര്യം ഏറ്റെടുക്കാറുള്ള ബാപ്പു കേക്കിന്റെ കാര്യത്തിലും മറ്റൊന്നും ചിന്തിച്ചില്ല. അങ്ങനെയാണ് തലശ്ശേരിക്കാരൻ ബാപ്പുവിലൂടെ കേരളത്തിലെ ആദ്യത്തെ കേക്ക് പിറവിയെടുത്തതെന്നാണ് കഥ.

വീഡിയോ ലിങ്ക്

ക്രിസ്‌മസ്‌ വന്നണയുമ്പോൾ വീക്കെൻഡ് കുക്കിംഗ് ടീമും തയാറെടുപ്പുകൾ ആരംഭിച്ചിരിക്കുന്നു . ഈ ആഴ്ചയിൽ ക്രിസ്മസ് കേക്കിന്റെ മിക്സിങ് വീഡിയോ ആണ് ലോകമെമ്പാടും ഉള്ള മലയാളം യു കെയുടെ വായനക്കാർക്കായി ഇംഗ്ളണ്ടിലെ ഡാർട്ട്ഫോർഡിൽ നിന്നും സുജിത് തോമസും ഓസ്‌ട്രേലിയിലെ മെൽബണിൽ നിന്ന് മിനു നെയ്‌സൺ പള്ളിവാതുക്കലും പരിചയപ്പെടുത്തുന്നത്. സുജിത്തിന് പാചകം തന്റെ പ്രധാന കർമ്മ മേഖല അല്ലെങ്കിൽ കൂടിയും DCMS(City and Guilds, London) ലിൽ നിന്നും പരമ്പരാഗത പാചകത്തിൽ ഡിപ്ലോമയും,പിന്നീട് സ്പെയിനിലെ ബാർസിലോണയിലെ ‘ലാ മോസെഗാഥാ”,’വിയ മസാഗീ”എന്നീ ഹോട്ടലുകളിൽ നിന്നും പാചകത്തിൽ പരിശീലനവും, നീയെവ്സ് വിഡാലിൽ നിന്നും ഫ്രഷ് ഫ്രൂട്ട്സ്, ട്രോപിക്കൽ ഫ്രൂട്ട്സ് പ്രസന്റേഷനിൽ നൈപുണ്യവും നേടിയെടുത്ത സുജിത് തോമസ് ഇപ്പോൾ പീഡിയട്രിക് ക്ലിനിക്കൽ സ്ലീപ് ഫിസിയോളജിസ്റ് ആയി ജോലി ചെയ്യുന്നു. കോട്ടയം ജില്ലയിലെ പാലായ്ക്കടുത്ത് പ്രവിത്താനം സ്വദേശിയാണ് . ഭാര്യ ഡയാന,മക്കളായ ഡാനിയേൽ, ജോഷ്വാ എന്നിവർക്കൊപ്പം ഇംഗ്ലണ്ടിൽ താമസിക്കുന്നു .

ഓസ്ടേലിയൻ മണ്ണിലെ ഇന്ത്യൻ രുചികളുടെ റാണി മിനു നെയ്സൺ പള്ളിവാതുക്കൽ . പാചകം ഒരു കലയാണ്. മിനുവിനെ സംബന്ധിച്ചിടത്തോളം ഭക്ഷണം ഉണ്ടാക്കൽ ഒരു വെറും പ്രക്രിയ മാത്രമല്ല, മറിച്ച് ഒരു അനുഭൂതി ആണ്. ചെറുപ്പം മുതൽക്ക് തന്നെ പാചകത്തിൽ അതീവ താല്പര്യം ഉണ്ടായിരുന്ന മിനു രുചിക്കൂട്ടുകളുടെ രസതന്ത്രം ആദ്യമായി നേടിയത് അമ്മയിൽ നിന്നും ആണ്. പിന്നീട് വായിച്ചറിഞ്ഞതും ,രസക്കൂട്ടുകൾ തേടിയുള്ള യാത്രയിൽ അനുഭവിച്ചറിഞ്ഞതും എല്ലാം മിനു തന്റെ സ്വന്തം അടുക്കളയിൽ പലപ്പോഴായി പരീക്ഷിച്ചു. വിവിധ രാജ്യങ്ങളിൽ താമസിക്കാൻ അവസരം ലഭിച്ചത് കാരണം അവിടുത്തെ ഭക്ഷണ രീതികളും തനതു വിഭവങ്ങളും പഠിക്കാനും ആസ്വദിക്കാനും മിനുവിന് അവസരം ലഭിച്ചു. തന്മൂലം തന്റെ പാചക പരീക്ഷണങ്ങൾ തനതു കേരളീയ വിഭവങ്ങളിൽ മാത്രം ഒതുക്കി നിർത്താതെ ഇറ്റാലിയൻ, കോണ്ടിനെന്റൽ , ചൈനീസ് തുടങ്ങിയ വിഭവങ്ങളിലേക്കും വ്യാപിപ്പിച്ചു. ഏത് വിഭവങ്ങൾ ഉണ്ടാക്കിയാലും വിഭവങ്ങൾ രുചികരമായിരിക്കുന്നതിനോടൊപ്പം പോഷക സമൃദ്ധവും തനതു രുചികളിൽ തയ്യാർ ചെയ്യുന്നതിലും കാണിക്കുന്ന ശ്രദ്ധയുമാണ് മിനുവിന്റെ വിജയത്തിന്റെ ആധാരം . കുക്കിംഗ് ഒരു ആർട്ട് ആണെങ്കിൽ ബേക്കിംഗ് അതിന്റെ സയൻസ് ആണ്. അളവുകൾ കിറുകൃത്യമായി ചെയ്യേണ്ടുന്ന ശാസ്ത്രം എന്നാണ് മിനുവിന്റെ പക്ഷം. മിനുവിന് സ്മാർട്ട് ട്രീറ്റ്‌സ് എന്ന ഒരു യു ട്യൂബ് ചാനൽ ഉണ്ട് . മിനുവിന്റെ ഈ കഴിവുകൾക്ക് പ്രോത്സാഹനം നൽകുന്നതും വിഡിയോകളും ഒക്കെ ചെയ്യുന്നതും ഭർത്താവും മെൽബണിൽ സപ്ലൈ ചെയിൻ അനലിസ്റ്റ് ആയി ജോലി ചെയ്യുന്ന കാഞ്ഞിരപ്പള്ളി സ്വദേശി നെയ്സൺ ജോർജ്ജ് പള്ളിവാതുക്കൽ ആണ്. മക്കളായ ആഞ്ചലീന ,ടിം എന്നിവരൊപ്പം മെൽബണിൽ താമസിക്കുന്നു,

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സുജിത് തോമസ്

മിനു നെയ്‌സൺ പള്ളിവാതുക്കൽ ,ഓസ്ട്രേലിയ