ലണ്ടൻ: എറണാകുളം പാർലിമെന്ററി മണ്ഡലത്തിൽ നിന്നുള്ള എംപി യും, മുൻ എൻ എസ് യു ഐ പ്രസിഡണ്ടും, സാമൂഹ്യ നവോത്ഥാന പ്രവർത്തനങ്ങളിൽ ശ്രദ്ധേയനുമായ ഹൈബി ഈഡൻ എംപി ക്കു ലണ്ടനിൽ ഐഒസി സ്വീകരണം നൽകി. ഐഒസി (യു കെ) കേരളാ ചാപ്റ്ററിന്റെ ലോഗോ പ്രകാശന കർമ്മം തഥവസരത്തിൽ ഹൈബി ഈഡൻ നിർവ്വഹിച്ചു. ലണ്ടനിൽ ഹൃസ്യ സന്ദർശനെത്തിയതായിരുന്നു അദ്ദേഹം.

ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്‌ (യുകെ) കേരള ചാപ്റ്ററിന്റെ നേതൃത്വത്തിൽ യൂത്ത് വിംഗ് ആരംഭിക്കുകയും, പ്രഥമ നാഷണൽ കമ്മിറ്റിക്കു രൂപം കൊടുക്കുകയും, അതിന്റെ ഉദ്‌ഘാടനം രമ്യാ ഹരിദാസ് എംപി നിർവ്വഹിക്കുകയും ചെയ്തതിന്റെ തുടർച്ചയായിട്ടാണ് ഐഒസി (യു കെ) കേരളാ ചാപ്റ്ററിന്റെ ലോഗോ പ്രകാശനം ഹൈബി ഈഡൻ നടത്തിയത്.

‘യുവത്വം ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി നിസ്സംഗതയാണെന്നും,യുവജനങ്ങൾ തങ്ങളുടെ കടമയും, ഉത്തരവാദിത്വവും അവഗണിക്കുമ്പോൾ, സമൂഹവും രാജ്യവും അവരിൽ അർപ്പിക്കുന്ന പ്രതീക്ഷ അസ്തമിക്കുകയും, രാജ്യം അനാസ്ഥതയുടെ പാതയിലേക്ക് നീങ്ങുന്ന അപകടകരമായ സ്ഥിതി വിശേഷം സംജാതമാകുകയും ചെയ്യുമെന്ന്’ ഹൈബി ഈഡൻ ലോഗോ പ്രകാശനം ചെയ്ത ചടങ്ങിൽ ഓർമ്മിപ്പിച്ചു.

ഐഒസി (യു കെ) കേരള ഘടകം പ്രസിഡന്റ് സുജു ഡാനിയൽ, മുതിർന്ന നേതാവ് ബേബികുട്ടി ജോർജ്, ജോർജ് ജേക്കബ്, തോമസ് ഫിലിപ്പ്, യൂത്ത് വിങ്ങിനെ പ്രതിനിധീകരിച്ച് ജോൺ പീറ്റർ, ജിതിൻ വി തോമസ്, സുബിൻ റോയ്, അർഷാദ് ഇഫ്തിഖാറുദ്ധീൻ, സ്റ്റീഫൻ റോയ് എന്നിവർ സ്വീകരണത്തിലും, ലോഗോ പ്രകാശന വേളയിലും സംബന്ധിച്ചു.

ലോഗോ പ്രകാശന ചടങ്ങിൽ, 2024 ൽ നടക്കുന്ന ലോകസഭാ തിരഞ്ഞെടുപ്പിൽ പ്രവാസി ഇന്ത്യക്കാരുടെ പങ്ക് പ്രധാന ചർച്ചാ വിഷയമായി. യുകെയിൽ ഐഒസി യുടെ നേതൃത്വത്തിൽ പദ്ധതിയിട്ടിരിക്കുന്ന തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളെപ്പറ്റി സുജു ഡാനിയേലും, ബേബികുട്ടി ജോർജും ഹൈബി ഈഡൻ എംപിക്ക് വിശദീകരിച്ചു നൽകി.

‘യുവജനങ്ങൾ കുടുതൽ ആവേശത്തോടെ പ്രചരണ രംഗത്തു വരേണ്ടതിന്റെ ആവശ്യകത ഹൈബി ഈഡൻ എംപി ഓർമ്മപ്പെടുത്തുകയും, സെപ്റ്റംബറിൽ ഐഒസി രൂപംകൊടുക്കുന്ന തിരഞ്ഞെടുപ്പ് ക്യാമ്പയിനിൽ പങ്കെടുക്കാൻ ശ്രമിക്കാമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു.

ലോഗോ പ്രകാശനത്തിന് സമയം കണ്ടെത്തി സഹകരിച്ച ഹൈബി ഈഡന് തോമസ് ഫിലിപ്പ് നന്ദി പ്രകാശിപ്പിച്ചു.