ന്യൂസ് ഡെസ്ക്, മലയാളം യുകെ
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഗർഭകാലത്ത് പാരസിറ്റാമോൾ ഉപയോഗിച്ചാൽ കുട്ടികളിൽ ഓട്ടിസം ഉണ്ടാകുമെന്ന് തെളിയിക്കാത്ത ആരോപണങ്ങൾ ആരോഗ്യ സെക്രട്ടറി വെസ് സ്റ്റ്രീറ്റിംഗ് തള്ളി കളഞ്ഞു . ഗർഭിണികൾ ഈ തരത്തിലുള്ള വിമർശനങ്ങളെ വിശ്വസിക്കേണ്ടതില്ലെന്നും, ബ്രിട്ടീഷ് ഡോക്ടർമാരുടെയും ശാസ്ത്രജ്ഞരുടെയും ഉപദേശങ്ങൾ പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു . 2024 ൽ സ്വീഡനിൽ 2.4 മില്യൺ കുട്ടികളെ ഉൾപ്പെടുത്തി നടത്തിയ ഒരു പ്രധാന പഠനം ഈ ആരോപണങ്ങൾ നിലനിൽക്കുകയില്ലെന്ന് തെളിയിച്ചതായി അദ്ദേഹം കൂട്ടിച്ചേർത്തു.
ഗർഭിണികൾ പാരസിറ്റാമോൾ ഉപയോഗിക്കുന്നത് കുട്ടികളിൽ ഓട്ടിസത്തിന്റെ കാരണമാകുമെന്ന് കാണിച്ച് പാക്കറ്റുകളിൽ മുന്നറിയിപ്പുകൾ ഉൾപ്പെടുത്താൻ യു.എസ്. അധികൃതർ പദ്ധതിയിടുന്നതായുള്ള വാർത്തകൾ ആരോഗ്യ വിദഗ്ദ്ധരുടെ ഇടയിൽ വൻ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത് . ഇതിനെ തുടർന്ന് ബ്രിട്ടനിലെ ആരോഗ്യ ഏജൻസികളും വിദഗ്ധരും സാങ്കേതികമായ വിവരങ്ങൾ ജനങ്ങൾക്ക് എത്തിക്കുന്നതിന് വലിയ ശ്രമം തുടങ്ങിയിട്ടുണ്ട് . ഗർഭകാലത്ത് വേദനയും ചുമയും ചികിത്സിക്കാതെ പോകുന്നത് ഭ്രൂണത്തിന് അപകടകാരിയാകാമെന്നും, നിർദ്ദേശിച്ച മാർഗ്ഗനിർദേശ പ്രകാരം പാരസിറ്റാമോൾ ഉപയോഗിക്കേണ്ടതാണെന്നും മെഡിസിൻ ആൻഡ് ഹെൽത്ത് കെയർ പ്രൊഡക്റ്റ്സ് റെഗുലേറ്ററി ഏജൻസി
ചീഫ് സേഫ്റ്റി ഓഫീസർ ഡോ. അലിസൺ കെവ് അറിയിച്ചു.
നാഷണൽ ഓട്ടിസ്റ്റിക് സൊസൈറ്റിയും മറ്റ് ശാസ്ത്രജ്ഞരും ട്രംപിന്റെയും അദ്ദേഹത്തിന്റെ ആരോഗ്യ സെക്രട്ടറി റോബർട്ട് എഫ്. കേൻഡിയുടെ പരാമർശങ്ങളെ വിമർശിച്ചു. ഓട്ടിസം സംബന്ധിച്ച ദശകങ്ങളായ ഗവേഷണത്തെ തെറ്റിദ്ധരിപ്പിക്കുന്ന ഈ വിമർശനം മാതാപിതാക്കളിൽ ഭയം, കുറ്റബോധം , സാമൂഹിക വെറുപ്പ് എന്നിവ സൃഷ്ടിക്കുന്നതായും അവർ അറിയിച്ചു. ബ്രിട്ടീഷിലെ വിദഗ്ധർ ഗർഭകാലത്ത് പാരസിറ്റാമോൾ ഉപയോഗിക്കുന്നതില് അപകടം ഇല്ലെന്നും, മാതാപിതാക്കൾ അവരുടെ ജിപി അല്ലെങ്കിൽ ആരോഗ്യ വിദഗ്ധരുമായി ബന്ധപ്പെട്ട് മാത്രം ചികിത്സാ മാർഗങ്ങൾ പിന്തുടരണമെന്ന് അറിയിച്ചിട്ടുണ്ട്.
Leave a Reply