ഏകദിന ലോകകപ്പ് കിരീട സ്വപ്നം സെമിയിൽ പൊലിഞ്ഞതിന്റെ നിരാശ വെടിഞ്ഞ് അടുത്ത വർഷത്തെ ട്വന്റി20 ലോകകപ്പ് മോഹങ്ങളിലേക്കു ചുവടുവയ്ക്കാൻ ടീം ഇന്ത്യ. വെസ്റ്റിൻഡീസ് പര്യടനത്തിലെ ആദ്യ ട്വന്റി20 നടക്കുന്നതു ഫ്ലോറിഡയിലെ സെൻട്രൽ ബ്രൊവാർഡ് റീജനൽ പാർക്ക് സ്റ്റേഡിയത്തിലാണ്. ക്രിക്കറ്റ് പ്രേമികൾ തിങ്ങിനിറഞ്ഞ വൻ സ്റ്റേഡിയങ്ങളിൽ നിന്നു വ്യത്യസ്തമായി ഇരു ടീമുകൾക്കും പരിചിതമല്ലാത്ത മൂന്നാം രാജ്യത്തെ കൊച്ചു സ്റ്റേഡിയത്തിലാണ് കളിയെന്നതും പ്രത്യേകത.
ട്വന്റി20 ലോകകപ്പ് മുന്നിൽക്കണ്ട് ടീമിൽ പരീക്ഷണങ്ങൾക്കാവും 3 മത്സരം വീതമുള്ള ട്വന്റി 20, ഏകദിന പരമ്പരകളെ ഇന്ത്യ പ്രയോജനപ്പെടുത്തുകയെന്ന് ക്യാപ്റ്റൻ വിരാട് കോലി വ്യക്തമാക്കിക്കഴിഞ്ഞു. ലോകകപ്പ് ടീമിലെ ബോളിങ് പോർമുന ജസ്പ്രീത് ബുമ്രയ്ക്കും ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയ്ക്കും വിശ്രമം അനുവദിച്ച പരമ്പരയിൽ മറ്റ് താരങ്ങൾക്ക് ഉത്തരവാദിത്തം ഏറും. ടീമിൽ തിരിച്ചെത്തുന്ന ശ്രേയസ്‍ അയ്യർ, മനീഷ് പാണ്ഡെ എന്നിവർക്കു ടീമിൽ സ്ഥാനമുറപ്പിക്കുന്നതിനുള്ള സുവർണാവസരമാണിത്. മധ്യനിരയിലെ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഇവരിലൂടെ കണ്ടെത്താനാവും ശ്രമിക്കുക.
സ്പിൻ ഓൾറൗണ്ടർ വാഷിങ്ടൻ സുന്ദർ, പേസർമാരായ ഖലീൽ അഹമ്മദ്, ദീപക് ചാഹർ എന്നിവർക്കും ടീമിൽ സ്ഥാനം ഉറപ്പിക്കാനുള്ള സുവർണാവസരം. പേസർ നവദീപ് സെയ്നി, ദീപക്കിന്റെ സഹോദരൻ ലെഗ് സ്പിന്നർ രാഹുൽ ചാഹർ എന്നിവർക്ക് അരങ്ങേറ്റത്തിനും വഴിതെളിയും.
പരുക്കിൽ നിന്നു മോചിതനായി ശിഖർ ധവാൻ തിരിച്ചെത്തിയതു കൊണ്ട് കെ.എൽ. രാഹുലിന് നാലാം നമ്പറിലേക്കു മടങ്ങാം. ലോകകപ്പിൽ 5 സെഞ്ചുറികളുമായി റൺവേട്ടയിൽ ഒന്നാമതെത്തിയ രോഹിത് ശർമയ്ക്ക് ക്യാപ്റ്റൻ വിരാട് കോലിയുമായുള്ള അഭിപ്രായവ്യത്യാസ ഗോസിപ്പുകൾ കളിയെ ബാധിച്ചിട്ടില്ലെന്നു തെളിയിക്കാനും അവസരമുണ്ട്. ഏറെ നാളുകൾക്കു ശേഷം ടീമിൽ തിരിച്ചെത്തിയ ഓൾറൗണ്ടർ രവീന്ദ്ര ജഡേജ സ്ഥാനമുറപ്പിക്കാനായി കളിക്കും. ധോണിയുടെ അഭാവത്തിൽ സ്ഥിരം വിക്കറ്റ് കീപ്പറാകുന്ന ഋഷഭ് പന്തിനും ഉത്തരവാദിത്തമേറും.
കുട്ടിക്രിക്കറ്റിലെ വമ്പന്മാരാണ് വെസ്റ്റിൻഡീസ്. ട്വന്റി20 ലോക ചാംപ്യന്മാർ. പൊള്ളാർഡ്, സുനിൽ നരെയ്ൻ എന്നിവരുടെ തിരിച്ചുവരവ് ടീമിന് ഊർജം നൽകിക്കഴിഞ്ഞു. അതേസമയം, പരുക്കിന്റെ പിടിയിൽനിന്ന് മുക്തനാകാതെ വന്നതോടെ ആന്ദ്രെ റസ്സൽ ട്വന്റി20 പരമ്പരയിൽനിന്ന് പിന്മാറിയത് വിൻഡീസിന് തിരിച്ചടിയായി.
ടീം: ഇന്ത്യ – വിരാട് കോലി (ക്യാപ്റ്റൻ), രോഹിത് ശർമ, ശിഖർ ധവാൻ, കെ.എൽ. രാഹുൽ, ശ്രേയസ് അയ്യർ, മനീഷ് പാണ്ഡെ, ഋഷഭ് പന്ത്, കൃനാൽ പാണ്ഡ്യ, രവീന്ദ്ര ജഡേജ, വാഷിങ്ടൻ സുന്ദർ, രാഹുൽ ചാഹർ, ഭുവനേശ്വർ കുമാർ, ഖലീൽ അഹമ്മദ്, ദീപക് ചാഹർ, നവദീപ് സെയ്നി.
വെസ്റ്റിൻഡീസ്: ജോൺ കാംബെൽ, എവിൻ ലൂവിസ്, ഷിമ്റോൺ ഹെറ്റ്മിയർ, നിക്കൊളാസ് പുരാൻ, കീറൻ പൊള്ളാർഡ്, റോവ്മാൻ പവൽ, കാർലോസ് ബ്രാത്‍വെയ്റ്റ് (ക്യാപ്റ്റൻ), കീമോ പോൾ, സുനിൽ നരെയ്ൻ, ഷെൽഡൻ കോട്രൽ, ഒഷെയ്ൻ തോമസ്, ഖാരി പിയറി.
Leave a Reply