ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : ഇന്ത്യയുമായുള്ള പുതിയ സ്വതന്ത്ര വ്യാപാര കരാറിലൂടെ ഇന്ത്യ – യുകെ ബന്ധം ശക്തിപ്പെടുകയാണ്. സാമ്പത്തികമായും സാംസ്കാരികമായും ഇന്ത്യയുമായുള്ള ബന്ധം നിലനിർത്തുന്നതിലൂടെ അനേകം നേട്ടങ്ങളാണ് യുകെയെ കാത്തിരിക്കുന്നത്. ബ്രിട്ടീഷ് വ്യവസായ സംരംഭങ്ങളെ ഇന്ത്യയിലേക്ക് എത്തിക്കുന്നതിലൂടെ ഇന്ത്യൻ സമ്പദ്‌രംഗവും ഉണരും. ആധുനിക സാങ്കേതിക വിദ്യ, സാമ്പത്തിക സേവനങ്ങള്‍, വാഹനം തുടങ്ങിയ മേഖലകളൊക്കെ ഈ കരാറില്‍ ഉള്‍പ്പെടും. കാറുകളുടെയും പാർട്‌സുകളുടെയും നിർമ്മാതാക്കൾക്ക് പുതിയ അവസരങ്ങൾ സൃഷ്ടിക്കുന്ന കരാറിലൂടെ വെസ്റ്റ് മിഡ്‌ലാൻഡ്‌സ്, ഷ്രോപ്‌ഷെയർ, സ്റ്റാഫോർഡ്‌ഷെയർ എന്നീ മേഖലകൾ നേട്ടമുണ്ടാകുമെന്ന് ഇന്റർനാഷണൽ ട്രേഡ് മിനിസ്റ്റർ റനിൽ ജയവർധന പറഞ്ഞു. ഏകദേശം 300 മില്യണ്‍ പൗണ്ടിന്റെ അധിക വരുമാനമാണ് ഈ മേഖലയില്‍ പ്രതീക്ഷിക്കുന്നത്.
ന്യൂഡൽഹിയിൽ നടക്കുന്ന പതിനഞ്ചാമത് യു കെ- ഇന്ത്യ ജോയിന്റ് എക്കണോമിക് ആന്‍ഡ് ട്രേഡ് കമ്മിറ്റിയുടെ മീറ്റിംഗില്‍ ഇന്ത്യന്‍ വ്യവസായ മന്ത്രി പിയൂഷ് ഗോയലുമായി ബ്രിട്ടീഷ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ഫോര്‍ ഇന്റര്‍നാഷണല്‍ ട്രേഡ്, ആന്നീ-മേരീ ട്രെവെല്യാന്‍ കൂടിക്കാഴ്ച്ച നടത്തുകയാണ്. 2050 ആകുമ്പോഴേക്കും ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി മാറുമെന്നും ഈ ദശകത്തിൽ യുകെ – ഇന്ത്യ വ്യാപരം ഇരട്ടിയാകുമെന്നും ട്രെവെല്യാന്‍ പറഞ്ഞു. കരാർ ഇരു രാജ്യങ്ങൾക്കും വലിയ നേട്ടങ്ങൾ സൃഷ്ടിക്കുമെന്നും 2035 ഓടെ യുകെയുടെ മൊത്ത വ്യാപാരം പ്രതിവർഷം 28 ബില്യൺ പൗണ്ട് വരെ വർദ്ധിക്കുമെന്നും സർക്കാർ അവകാശപ്പെടുന്നു.
വെസ്റ്റ് മിഡ്‌ലാൻഡ്‌സിന് ഈ കരാറിൽ നിന്ന് വലിയ നേട്ടങ്ങളുണ്ടാകുമെന്ന് ജയവർധന പറഞ്ഞു. ഇന്ത്യയിൽ നിന്നുള്ള നിക്ഷേപത്തിന്റെ ഫലമായി വെസ്റ്റ് മിഡ്‌ലാൻഡിൽ ഇതിനകം തന്നെ ധാരാളം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടു. ഇന്ത്യൻ നിക്ഷേപം കാരണം 2019 ൽ ഈ മേഖലയിൽ 30,000 പേർക്ക് ജോലി ലഭിച്ചു. ഇറക്കുമതിതീരുവ നീക്കം ചെയ്യുന്നതിലൂടെ ഇന്ത്യയിലേക്കുള്ള ബ്രിട്ടീഷ് കയറ്റുമതി 6.8 ബില്യണ്‍ പൗണ്ടോളം വർദ്ധിക്കും. ഇത് യുകെയിലുടനീളം പതിനായിരക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കും.
സ്‌കോച്ച് വിസ്‌കിക്കും ബ്രിട്ടീഷ് നിര്‍മ്മിത കാറുകള്‍ക്കും ഇന്ത്യയിൽ വില കുത്തനെ താഴും. നിലവില്‍ ഇവയ്ക്ക് യഥാക്രമം 150 ഉം 125 ഉം ശതമാനമാണ് ഇറക്കുമതി തീരുവ. ബ്രിട്ടീഷുകാർക്കും ഇന്ത്യക്കാർക്കും ഒരുപോലെ പ്രയോജനം ലഭിക്കുന്ന ഈ വ്യാപാര കരാർ വലിയ പ്രതീക്ഷകളാണ് സമ്മാനിക്കുന്നത്.
Leave a Reply