ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : “ലണ്ടനിൽ പഠിച്ച എന്റെ പിതാവിന്റെ പാത പിന്തുടരാൻ ഞാൻ ആഗ്രഹിക്കുന്നു. എനിക്ക് പണം ഉള്ളപ്പോൾ എല്ലാം ശരിയായിരുന്നു. പക്ഷേ ഇപ്പോൾ എനിക്ക് പിന്തുണ ആവശ്യമുള്ളപ്പോൾ യൂണിവേഴ്സിറ്റി അതിന് തയ്യാറാകുന്നില്ല. എന്റെ വിദ്യാഭ്യാസത്തിനായി യുകെയിലേക്ക് വരുന്നത് ശരിയായ കാര്യമാണോ?” ഇന്ത്യയിൽ നിന്നുള്ള 21കാരനായ മണിയുടെ ഈ ചോദ്യം യുകെ യൂണിവേഴ്സിറ്റിയിൽ ചേരാനായി കാത്തിരിക്കുന്ന ഓരോ വിദേശ വിദ്യാർത്ഥിയുടെയും ആശങ്കയാണ് തുറന്നുകാട്ടുന്നത്. 2020 മാർച്ചിൽ പകർച്ചവ്യാധി ആരംഭിച്ചപ്പോൾ, മണി ലണ്ടൻ സർവകലാശാലയിൽ മൂന്നുവർഷത്തെ കോഴ്‌സിന് ചേർന്നു. യുകെയിൽ തുടരാൻ അദ്ദേഹത്തിന് അവസരമുണ്ടായിരുന്നെങ്കിലും അദ്ദേഹത്തിന്റെ കോഴ്സ് മാറ്റിവച്ചതിനാൽ, കുടുംബത്തോടൊപ്പം വീട്ടിലേക്ക് മടങ്ങാൻ തീരുമാനിച്ചു. അത് ഇപ്പോൾ ചെലവ് വർദ്ധിക്കുന്നതിന് കാരണമായി. ഇന്ത്യയിൽ ആയിരിക്കെ, അദ്ദേഹത്തിന്റെ സ്റ്റുഡന്റ് വിസയുടെ കാലാവധി അവസാനിച്ചു. പുതിയത് ലഭിക്കാൻ ബാങ്കിൽ 40,000 പൗണ്ട് ഉണ്ടായിരിക്കണം. ഇത്രയും വലിയ തുക കണ്ടെത്താൻ മണി പാടുപെടുകയാണ്. തന്റെ സർവകലാശാലയിൽ നിന്ന് സഹായം അഭ്യർത്ഥിച്ചെങ്കിലും സാമ്പത്തികമായി സഹായിക്കാൻ കഴിയില്ലെന്നായിരുന്നു അവരുടെ മറുപടി.

യൂണിവേഴ്സിറ്റി യുകെയുടെ കണക്കുകൾ പ്രകാരം, 2019/20 ൽ 538,615 ഇന്റർനാഷണൽ വിദ്യാർത്ഥികൾ യുകെയിൽ പഠിക്കുന്നുണ്ട്. കോവിഡ് എത്തിയതോടെ വിമാനങ്ങൾ റദ്ദാക്കിയതും കോഴ്സുകൾ മുടങ്ങിയതും മിക്ക വിദ്യാർത്ഥികൾക്കും പണം നഷ്ടപ്പെടുന്നതിന് കാരണമായി. അന്താരാഷ്ട്ര വിദ്യാർത്ഥികൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ സർവകലാശാലകൾക്ക് അറിയാവുന്നതാണ്. പിസിആർ ടെസ്റ്റുകളുടെയും ക്വാറന്റൈൻ ഫീസുകളുടെയും ചെലവുകൾ വഹിക്കാൻ സർവകലാശാലകളോട് ആവശ്യപ്പെടുന്നുണ്ട്. രാജ്യത്തേയ്ക്ക് വരുന്ന അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ ഒരു വർഷത്തെ ഉപഭോഗം യുകെ സമ്പദ്‌വ്യവസ്ഥയ്ക്ക് 28.8 ബില്യൺ പൗണ്ട് നേടികൊടുക്കുന്നുണ്ടെന്ന് എച്ച്ഇപിഐ അടുത്തയിടെ കണ്ടെത്തുകയുണ്ടായി.

കോവിഡ് -19 ഉണ്ടാക്കിയ വെല്ലുവിളികളെക്കുറിച്ച് അറിയാമെന്നും വിദൂര പഠനം പോലുള്ള കാര്യങ്ങൾ അവതരിപ്പിച്ച് അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ ജീവിതവും പഠനവും എളുപ്പമാക്കാൻ പ്രവർത്തിക്കുന്നുണ്ടെന്നും യൂണിവേഴ്സിറ്റീസ് യുകെ പറഞ്ഞു. കോവിഡ് നിയന്ത്രണങ്ങൾ കാരണം പണം അധികമായി ചിലവാക്കാൻ വിദ്യാർത്ഥികൾ നിർബന്ധിതരാകുന്നു. സർവകലാശാലകളും സർക്കാരും അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് ആവശ്യമായ പിന്തുണ നൽകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.