ന്യൂസ് ഡെസ്ക് മലയാളം യുകെ
ഇന്ന് ലോക്ക്ഡൗൺ ഇളവുകളെ കുറിച്ചും കോവിഡ് നിയന്ത്രണത്തിനുള്ള പുതിയ പദ്ധതികളെക്കുറിച്ചും പ്രധാനമന്ത്രി ബോറിസ് ജോൺസൺ വിശദമായ രൂപരേഖ രാജ്യത്തിന് സമർപ്പിക്കും. എന്തൊക്കെയാകും ലോക്ക്ഡൗൺ ഇളവുകൾ എന്നതിനെകുറിച്ച് ചൂടുപിടിച്ച ചർച്ചകളാണ് രാജ്യമെങ്ങും പുരോഗമിക്കുന്നത്. സ്കൂളുകൾ തുറക്കുന്നതിനും കുടുംബങ്ങൾ തമ്മിലും പ്രിയപ്പെട്ടവരുമായുള്ള പുനഃസമാഗമത്തിനും പ്രാധാന്യം നൽകുമെന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞിരുന്നു.
ദീർഘകാലമായി രാജ്യം കാത്തിരുന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിൽ മാർച്ച് -29 മുതൽ ആറു പേരുടെയോ രണ്ടു കുടുംബങ്ങളിലെ അംഗങ്ങൾക്കോ ഒത്തുചേരലിനുള്ള അനുമതി ഉണ്ടാകും എന്നാണ് വ്യാപകമായി പ്രതീക്ഷിക്കപ്പെടുന്നത്. ലോക്ക്ഡൗൺ നിയന്ത്രണങ്ങളാലും പ്രതിരോധകുത്തിവെയ്പ്പുകളാലും രാജ്യത്തിലെ കൊറോണാ വൈറസ് വ്യാപനം നിയന്ത്രണത്തിലായതായാണ് പൊതുവേയുള്ള വിലയിരുത്തൽ . എങ്കിലും ജനിതക മാറ്റം വന്ന വൈറസുകളുടെ വ്യാപനത്തെ കുറിച്ചുള്ള ആശങ്ക ആരോഗ്യപ്രവർത്തകർ മറച്ചുവയ്ക്കുന്നില്ല. ഇതിനിടെ മുതിർന്നവരിൽ മൂന്നിൽ ഒരാൾക്ക് പ്രതിരോധ കുത്തിവെയ്പ്പ് നൽകാൻ കഴിഞ്ഞതായി ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് പറഞ്ഞു. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 215 പേരാണ് കോവിഡ് ബാധിച്ച് രാജ്യത്ത് മരണമടഞ്ഞത്. ഇന്നലെ പുതിയതായി 9834 പേർക്കാണ് രോഗം ബാധിച്ചത് . ഇത് കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 10 ശതമാനം കുറവാണ്.
Leave a Reply