സ്വന്തം ലേഖകൻ

നീണ്ട രാത്രികളും, തണുത്തുവിറച്ച പകലുകളും മരം കോച്ചുന്ന മഞ്ഞുമുള്ള ശൈത്യകാലം പടിവാതിൽക്കൽ എത്തി നിൽക്കെ ചെറിയ യാത്രകൾ പോലും ഇനി ദുഃസ്സഹമായി തുടങ്ങും. തണുപ്പുകാലത്ത് വാഹന ഉടമകൾ മറ്റേത് കാലാവസ്ഥയേയും അപേക്ഷിച്ച് ബുദ്ധിമുട്ടനുഭവിക്കുന്നുണ്ട്. ബാറ്ററി ഡൗൺ ആകുന്നത് തുടങ്ങി വിൻഡ് സ്ക്രീൻ വൈപേഴ്സ് പ്രവർത്തിക്കാത്തത് ഉൾപ്പെടെ ഡ്രൈവർമാർക്ക് തലവേദനയാണ്. അതോടൊപ്പം മഞ്ഞുവീണും നനഞ്ഞും തെന്നി കിടക്കുന്ന റോഡുകൾ ഉയർത്തുന്ന വെല്ലുവിളി വേറെ. ശൈത്യത്തിന് മുൻപായി ക്വിക്ക് ഫിറ്റ്‌ പോലെയുള്ള വാഹന കമ്പനികൾ സൗജന്യ സർവീസുകൾക്കുള്ള ഓഫറുകൾ നൽകുന്നുണ്ട്.വാഹന ഉപയോക്താക്കൾ വരും ആഴ്ചകളിൽ ചെറിയ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ വലിയ ബുദ്ധിമുട്ടുകളും അപകടങ്ങളും ഒഴിവാക്കാൻ സാധിക്കും.

ടയറുകളുടെ കാര്യക്ഷമത ഉറപ്പുവരുത്തേണ്ടതാണ് ഇതിൽ പ്രധാനപ്പെട്ടത്. ടയറിന്റെ മർദ്ദം, ട്രഡ് ഡെപ്ത് അഥവാ തേയ്മാനം, പുറത്തുനിന്നുള്ള കേടുപാടുകൾ എന്നിവ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ടയറുകൾക്കുള്ളിലെ മർദ്ദം കൃത്യമായില്ലെങ്കിൽ ഓവർ ഹീറ്റ് ആവാൻ സാധ്യതയുണ്ട്. ടയറുകൾക്കുള്ളിലെ മർദ്ദം സാധാരണ നിലവാരത്തിൽ നിന്ന് കുറഞ്ഞോ കൂടിയോ നിന്നാൽ ടയറുകൾ പെട്ടെന്ന് നശിച്ചുപോകും, പുതിയ ടയറുകൾ വാങ്ങണമെന്ന അനിവാര്യതയിലേക്ക് ഒടുവിൽ എത്തിച്ചേരുകയും ചെയ്യും.അതിനാൽ വാഹനത്തിലെ ഹാൻഡ് ബുക്കിൽ പരാമർശിച്ചിരിക്കുന്ന കൃത്യമായ അളവിലുള്ള മർദ്ദമുള്ള ടയറുകൾ വേണം എപ്പോഴും ഉപയോഗിക്കാൻ. തുടർച്ചയായി ബ്രേക്ക് പിടിക്കേണ്ടി വരുന്നത് ടയറുകൾ ഉരയാനും കൂടുതൽ തേയ്മാനം സംഭവിക്കാനും കാരണമാവുന്നുണ്ട്.1.6 മില്ലിമീറ്ററാണ് യുകെയിൽ അനുവദനീയമായ ട്രെഡ് ഡെപ്ത്ത് എന്നാൽ 3 മില്ലിമീറ്റർ എത്തിയാൽ ഉടൻ തന്നെ ടയറുകൾ മാറ്റുന്നതാണ് കൂടുതൽ സുരക്ഷ. പൊട്ടിപ്പൊളിഞ്ഞ റോഡുകളിലൂടെയുള്ള യാത്ര ചില ടയറുകൾക്ക് കൂടുതൽ പോറൽ ഏൽപ്പിക്കാം, ടയറിൽ കട്ടുകൾ, ബമ്പുകൾ, കുഴികൾ എന്നിവ കൂടുതലായി കാണപ്പെട്ടാൽ ടയർ മാറ്റുന്നതാണ് നല്ലത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മഞ്ഞുവീഴ്ച മൂലം റോഡുകൾ കൂടുതൽ തെന്നി കിടക്കുന്നതിനാൽ ബ്രേക്കുകളുടെ പ്രവർത്തനം കാര്യക്ഷമമാണെന്ന് ഉറപ്പുവരുത്തണം. റോഡിൽ ഇറങ്ങും മുൻപ് തന്നെ ബ്രേക്കുകളുടെ പ്രവർത്തനം ചെക്ക് ചെയ്യണം. ഹാൻഡ് ബ്രേക്കുകൾ പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. ബ്രേക്ക് ഫ്ലൂയിഡ് മികച്ച ക്വാളിറ്റിയുള്ളത് തന്നെ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. ദീർഘദൂര യാത്രകൾ പോകുന്നതിനു മുൻപ് ബ്രേക്ക് പെടലുകൾ കൃത്യമായി അമങ്ങുന്നുണ്ടോ എന്നും ലൈറ്റുകൾ കത്തുന്നുണ്ടോ എന്നും ശ്രദ്ധിക്കണം, പിന്നിൽ നിന്ന് വരുന്ന വാഹനത്തിന് മുന്നിലുള്ള വണ്ടി ബ്രേക്ക് പിടിക്കുമ്പോൾ ഏത് കാലാവസ്ഥയിലും കാണാൻ കഴിയുന്നുണ്ട് എന്ന് ഉറപ്പുവരുത്തണം. സ്‌ക്വീക്കിങ്, പൾസേറ്റിങ്,പുള്ളിങ്, സ്പോഞ്ചിനെസ് എന്നിവ പ്രത്യേകം ശ്രദ്ധിക്കണം.

ബാറ്ററി കൃത്യമായി പ്രവർത്തിക്കാത്തത് ആണ് മറ്റൊരു കടമ്പ. എത്ര മികച്ച വാഹനം ആണെങ്കിലും, എത്ര പ്രവർത്തനക്ഷമത ഉള്ള ബാറ്ററി ആണെങ്കിലും ശൈത്യകാലത്ത് 35 ശതമാനത്തോളം പവർ നഷ്ടം ഉണ്ടാകുന്നുണ്ട്. ലൈറ്റുകളും ഹീറ്റിങ്ങും കൂടുതൽ ഉപയോഗിക്കുന്നത് ബാറ്ററിയുടെ കാര്യക്ഷമത കുറയ്ക്കും. അതിനാൽ യാത്ര പുറപ്പെടും മുമ്പ് ബാറ്ററി ചാർജ്ജും പ്രവർത്തനക്ഷമതയും പരിശോധിക്കണം. കൂളന്റ് അഥവാ ആന്റി ഫ്രീസിംഗ് ലിക്വിഡ് ഏറ്റവും മികച്ചത് തന്നെ തെരഞ്ഞെടുക്കണം. എഞ്ചിൻ മരവിച്ചു പോകുന്നത് തടയാൻ ഇത് സഹായിക്കും. മിക്ക പുതിയ മോഡൽ കാറുകളിലും കൂളന്റ് പരിശോധിക്കാനുള്ള സംവിധാനം ഇപ്പോൾ ലഭ്യമാണ്, എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ ഡാഷ്ബോർഡിൽ ലൈറ്റ് കത്തും. അതിനനുസരിച്ച് ഡ്രൈവർക്ക് ക്രമീകരണം നടത്താം. വാഹനത്തിന്റെ ഹെഡ് ലൈറ്റുകൾ വൃത്തിയാക്കി വെക്കാൻ ശ്രദ്ധിക്കണം. അഴുക്കുപിടിച്ച ലൈറ്റ് റിഫ്രാക്ഷൻ നടത്തുകയും എതിരെ വരുന്ന ഡ്രൈവർമാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുകയും ചെയ്യും, ഹെഡ് ലൈറ്റ് ബ്രേക്ക് ലൈറ്റ് ഇൻഡിക്കേറ്ററുകൾ എന്നിവ കൃത്യമായി പ്രവർത്തിക്കുന്നുണ്ടോ എന്നറിയാൻ വീട്ടിലുള്ളവരുടെയോ അയൽക്കാരുടെയോ സഹായം തേടണം. വൈപ്പർ ബ്ലേഡുകൾ 12 മാസത്തിലൊരിക്കൽ മാറ്റി സ്ഥാപിക്കുന്നത് നല്ലതാണ്. ചെറിയ യാത്രകൾ മാത്രമേ നടത്തേണ്ടതുള്ളുവെങ്കിൽ പോലും നനഞ്ഞ കാലാവസ്ഥയും, മറ്റു വാഹനങ്ങൾ അഴുക്ക് തെറിപ്പിക്കുന്നതും പ്രധാന പ്രശ്നങ്ങളാണ്.

വാഹനത്തിൽ ജമ്പ് ലീഡുകൾ സൂക്ഷിക്കാം. ബാറ്ററി പെട്ടെന്ന് ഡൗൺ ആയാൽ മറ്റാരുടേയും സഹായമില്ലാതെ വാഹനം പ്രവർത്തിപ്പിക്കാൻ ഇത് ഉപയോഗപ്പെടും. ഒരു ഫോൺ ചാർജർ അധികമായി കയ്യിൽ കരുതണം. ഡി ഐസർ അഥവാ ഐസ് സ്ക്രാപ്പർ ഒപ്പം ഉണ്ടാവൽ യുകെയിൽ നിർബന്ധമാണ്. വാഹനത്തിൽ മഞ്ഞു മൂടിയാൽ ഇതുപയോഗിച്ച് വാഹനത്തിന്റെ മുന്നിലെയും പിന്നിലെയും ഗ്ലാസ്സുകൾ വൃത്തിയാക്കാം. എപ്പോഴെങ്കിലും വണ്ടി പണിമുടക്കിയാൽ മറ്റാരുടെയെങ്കിലും സഹായം ലഭിക്കുന്നതുവരെ റോഡിൽ നിൽക്കേണ്ടി വന്നേക്കാം എന്നതിനാൽ അധികമായി സ്വെറ്റർകളോ കമ്പിളികളോ കയ്യിൽ കരുതണം. വാഹനം തകരാർ സംഭവിച്ച് വഴിയിൽ ഒതുക്കി നിർത്തേണ്ടി വന്നാൽ മറ്റു വാഹനങ്ങൾക്ക് സിഗ്നൽ കൊടുക്കുന്നതിനായി വാർണിംഗ് ത്രികോണങ്ങൾ കരുതുന്നത് നല്ലതാണ്.