ന്യൂസ് ഡെസ്ക് മലയാളം യുകെ

കൊല്ലം : മനുഷ്യ മനഃസാക്ഷിയെ ഞെട്ടിച്ച ഉത്ര വധക്കേസ് റിപ്പോർട്ട്‌ ചെയ്ത് ബിബിസി. അപൂർവങ്ങളിൽ അപൂർവമായ കേസിന്റെ വിശദാംശങ്ങൾ ബിബിസി റിപ്പോർട്ട്‌ ചെയ്തതോടെ കേരളത്തിൽ നടന്ന ഒരു കൊലപാതകം ഇപ്പോൾ ലോകശ്രദ്ധ നേടിയിരിക്കുകയാണ്. സൂരജ് – ഉത്ര ദമ്പതികളുടെ കുടുംബ ജീവിതവും ഉത്രയെ കൊല്ലാനുള്ള സൂരജിന്റെ ശ്രമങ്ങളും കൊലപാതകവും പിന്നീട് ഉണ്ടായ വഴിത്തിരിവും ശിക്ഷാവിധിയും ബിബിസി വിശദീകരിക്കുന്നുണ്ട്. അഞ്ചൽ ഏറം ‘വിഷു’വിൽ (വെള്ളശ്ശേരിൽ) വിജയസേനന്റെ മകൾ ഉത്രയ്ക്ക് (25) 2020 മേയ് ആറിനു രാത്രിയാണു പാമ്പുകടിയേറ്റത്. ഏഴിനു പുലർച്ചെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഉത്രയുടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയതോടെയാണ് ഇന്ത്യയിൽ തന്നെ അപൂർവമായ ക്രൂരതയുടെ ചുരുളഴിഞ്ഞത്.

സൂരജ് രണ്ടു തവണ പാമ്പിനെ കൊണ്ട് ഉത്രയെ കടിപ്പിച്ചിട്ടുണ്ടെന്നും രണ്ട് തവണയും തെളിവ് നശിപ്പിക്കാന്‍ ഇടപെടലുണ്ടായെന്നും കുറ്റപത്രത്തില്‍ വിശദീകരിക്കുന്നു. 2018 മാര്‍ച്ച് 25നായിരുന്നു സൂരജുമായുള്ള ഉത്രയുടെ വിവാഹം. സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ ചെറിയ ജോലി ചെയ്തിരുന്ന സൂരജിന് വലിയ സ്ത്രീധനമാണ് ഉത്രയുടെ കുടുംബം നൽകിയത്. മൂന്നര ഏക്കർ വസ്തുവും നൂറുപവൻ സ്വർണവും കാറും പത്തുലക്ഷം രൂപയും സൂരജിന് സ്ത്രീധനമായി നൽകി. കൂടാതെ മാസം തോറും ചിലവിന് 8000 രൂപ വീതവും നൽകി.

2020 മാര്‍ച്ച് രണ്ടിനാണ് ഉത്രയ്ക്കു ആദ്യം പാമ്പുകടിയേറ്റത്. സൂരജിന്റെ വീടിന്റെ മുകളിലത്ത് നിലയില്‍ വച്ചായിരുന്നു ഇത്. പക്ഷേ ഉത്ര രക്ഷപ്പെട്ടു. ചികിത്സയ്ക്ക് ശേഷം അഞ്ചലിലെ സ്വന്തം വീട്ടിൽ വിശ്രമത്തിലായിരുന്നു ഉത്ര. പിന്നീട് മെയ് ആറിന് രാത്രിയിൽ മൂർഖനെ ഉപയോഗിച്ച് കടിപ്പിച്ചാണ് സൂരജ് കൊല നടത്തിയത്. മെയ്‌ ഏഴിന് രാവിലെയാണ് ഉത്രയെ കിടപ്പുമുറിയിൽ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉത്രയുടേത് പാമ്പു കടിയേറ്റുള്ള സാധാരണ മരണമെന്നായിരുന്നു ലോക്കല്‍ പൊലീസിന്റെ കണ്ടെത്തല്‍. എന്നാൽ കൊലപാതകമാണെന്ന പരാതിയുമായി മാതാപിതാക്കൾ കൊല്ലം റൂറൽ എസ് പിയെ കണ്ടതോടെയാണ് കേസിൽ വഴിത്തിരിവ് ഉണ്ടായത്. ജനലും വാതിലും അടച്ചിട്ട എസിയുള്ള മുറിയിൽ പാമ്പ് എങ്ങനെ കയറിയെന്ന സംശയമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്.

രണ്ടു തവണയും പാമ്പിനെക്കാണ്ട് കടിപ്പിക്കും മുന്‍പ് സൂരജ് ഉത്രയ്ക്ക് മയക്കുഗുളികള്‍ വിദഗ് ധമായി നല്‍കിയിരുന്നു. കൊലപാതക ദിവസം രാത്രി ഉറങ്ങുന്നതിന് ജ്യൂസില്‍ കലര്‍ത്തിയാണ് മയക്കുഗുളികള്‍ നല്‍കിയത്. ഭിന്നശേഷിക്കാരിയായ ഭാര്യയെ ഒഴിവാക്കാനും അവരുടെ സ്വത്ത് കൈക്കലാക്കാനും വേണ്ടി പ്രതി പാമ്പിനെക്കൊണ്ടു കടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പ്രോസിക്യൂഷൻ വാദിച്ചു. ഉത്രയുടെ ലോക്കറില്‍നിന്ന് സൂരജ് സ്വര്‍ണാഭരണങ്ങള്‍ കൈക്കലാക്കിയിരുന്നു. ഉത്രയുടെ മാതാപിതാക്കളുടെ പരാതിയിൻ മേൽ മെയ് 24ന് സൂരജടക്കം നാല് പേരെ കസ്റ്റഡിയിലെടുത്തു. സൂരജിനെ പിന്നീട് അറസ്റ്റ് ചെയ്തു. സൂരജിന്റെ അമ്മയും സഹോദരിയും പിന്നാലെ അറസ്റ്റിലായിരുന്നു. 2020 ഒക്ടോബർ 7ന് ഉത്ര കേസിൽ വിചാരണ തുടങ്ങി. 87 സാക്ഷികളെ വിസ്തരിച്ചു. 288 രേഖകളും 40 തൊണ്ടിമുതലുകളും പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി. ഡമ്മി പരീക്ഷണത്തിലൂടെ കണ്ടെത്തിയ ശാസ്ത്രീയ തെളിവുകളും നിര്‍ണായകമാണ്. പ്രതിയും ഭര്‍ത്താവുമായ സൂരജിന് കോടതി ഇരട്ട ജീവപര്യന്തമാണ് വിധിച്ചത്. ദൃക്‌സാക്ഷികൾ ഇല്ലാതിരുന്ന കേസിൽ ശാസ്ത്രീയ തെളിവുകൾ ശേഖരിച്ച് പഴുതടച്ച അന്വേഷണമാണ് പൊലീസ് നടത്തിയത്. ഗൂഢാലോചനയോടെയുള്ള കൊലപാതകം, നരഹത്യാശ്രമം, കഠിനമായ ദേഹോപദ്രവം, വനം വന്യ ജീവി ആക്ട് എന്നിവ പ്രകാരമാണു കേസ്. കേരളത്തിൽ നടന്ന അത്യപൂർവമായ കൊലപാതകത്തിന്റെ വിവരങ്ങൾ ബിബിസി റിപ്പോർട്ട്‌ ചെയ്തതോടെ ഉത്ര വധക്കേസിന്റെ വിവരങ്ങൾ ആഗോള ജനതയിലേക്ക് എത്തുകയാണ്.