ന്യൂസ് ഡെസ്ക് മലയാളം യുകെ
ജോലി ആവശ്യത്തിന് എന്ന വ്യാജേന വെക്കേഷൻ ആഘോഷിക്കാൻ രാജ്യത്തിന് പുറത്തുകടക്കാൻ ഒരുങ്ങുന്ന ബ്രിട്ടീഷ് പൗരന്മാർക്ക് വിമാനത്താവളങ്ങളിൽ കനത്ത പരിശോധന നേരിടേണ്ടി വരുമെന്ന് ഹോം സെക്രട്ടറി പ്രീതി പട്ടേൽ. കൃത്യമായ കാരണങ്ങളും തെളിവുകളും ഇല്ലാതെ യാത്ര ചെയ്യാൻ ശ്രമിക്കുന്നവരെ എയർപോർട്ടിൽ തന്നെ പിടികൂടി മടക്കി അയക്കും. ‘ റെഡ് ലിസ്റ്റിലുള്ള ‘ രാജ്യങ്ങളിൽനിന്ന് മടങ്ങിവരുന്ന യാത്രക്കാർക്ക് 10 ദിവസം ക്വാറന്റൈൻ ഹോട്ടലുകളിൽ താമസം നിർബന്ധമാക്കുമെന്ന് ബോറിസ് ജോൺസൺ അറിയിച്ചു. പുതിയ കോവിഡ് വേരിയന്റുകൾ രാജ്യത്ത് പ്രവേശിക്കുന്ന സാഹചര്യത്തിലാണ് ഓസ്ട്രേലിയൻ സ്റ്റൈൽ ക്വാറന്റൈൻ നിർബന്ധമാക്കാൻ രാജ്യം തീരുമാനിച്ചത്. ക്വാറന്റൈൻ ലിസ്റ്റിൽ ഇപ്പോൾ ഏകദേശം ഇരുപത്തിരണ്ടോളം രാജ്യങ്ങളുണ്ട്. റെഡ് ലിസ്റ്റ് രാജ്യങ്ങളിൽ നിന്ന് ബ്രിട്ടീഷുകാർക്ക് മാത്രമേ ബ്രിട്ടനിലേക്ക് പ്രവേശിക്കാനാവൂ. അവയുടെ എണ്ണം കൂടുതലാണ് താനും.
അന്താരാഷ്ട്ര യാത്രകൾക്കായി രാജ്യം കടുത്ത നിബന്ധനകളാണ് മുന്നോട്ടുവച്ചിരിക്കുന്നത്. ജോലി ആവശ്യത്തിനുവേണ്ടി സഞ്ചരിക്കാം, മരണം വിവാഹം പോലെ ഏറ്റവും പ്രാധാന്യമുള്ള കാര്യങ്ങൾക്കും, ചികിത്സയ്ക്കായും, സ്വയരക്ഷയ്ക്കായും രാജ്യം വിടാൻ അനുവാദമുണ്ട്. പോകുന്ന രാജ്യത്തെ പബ്ലിക് ഹെൽത്ത് നിർദ്ദേശങ്ങൾ നിർബന്ധമായി പാലിച്ചിരിക്കണം.
‘ അവധി ആഘോഷിക്കാൻ രാജ്യം വിട്ട് പുറത്തു പോകുന്നത്’ ഒരിക്കലും പ്രോത്സാഹിപ്പിക്കാൻ ആവില്ല, അത് ഒരു കാരണമേ അല്ല അങ്ങനെ പോകാൻ തയ്യാറെടുക്കുന്നവർ സൂക്ഷിക്കണം, അവരെ എയർപോർട്ടിൽ നിന്ന് തന്നെ തിരിച്ചു വീട്ടിലേക്ക് വിടും’ പ്രീതി പട്ടേൽ മുന്നറിയിപ്പുനൽകി. കോവിഡ് കൊടുമ്പിരികൊണ്ട് നിൽക്കുമ്പോൾ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സ് ചൂടു കൂടുതലുള്ള സ്ഥലങ്ങളിൽ പോയി അവധി ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും വൈറലായിരുന്നു. ജനങ്ങൾക്ക് അവ പിന്തുടരാൻ സ്വാഭാവികമായും താല്പര്യം ജനിക്കും. ഇത്തരത്തിൽ ജനങ്ങളെ വഴിതെറ്റിക്കുന്ന വീഡിയോകൾ പുറത്തിറക്കരുത് എന്ന് ആവശ്യപ്പെട്ടപ്പോൾ മിക്കവരും ജോലി ആവശ്യത്തിനു വേണ്ടിയാണ് മറ്റു രാജ്യങ്ങൾ സന്ദർശിച്ചത് എന്ന കാരണമാണ് പറഞ്ഞത്. ഇതിനെ പ്രോത്സാഹിപ്പിക്കാൻ ആവില്ല.
Leave a Reply