പുതിയ വീഡിയോ ഗെയിമായ ഫോര്‍ട്ട്‌നൈറ്റ് രക്ഷിതാക്കളില്‍ ആശങ്ക പടര്‍ത്തുന്നു. ലോകമൊട്ടാകെ കുട്ടികളില്‍ പടര്‍ന്നു പിടിച്ചിരിക്കുന്ന ഈ ഗെയിം ജ്വരം കുടുംബങ്ങളില്‍ പ്രത്യാഘാതങ്ങളുണ്ടാക്കുന്നുവെന്ന വെളിപ്പെടുത്തലുകളാണ് ഇപ്പോള്‍ ഉണ്ടാകുന്നത്. പ്ലേസ്റ്റേഷന്‍ 4, എക്‌സ്‌ബോക്‌സ് വണ്‍, വിന്‍ഡോസ്, മാക് പ്ലാറ്റ്‌ഫോമുകളില്‍ കളിക്കാവുന്ന ഈ ഗെയിം ഒരു സര്‍വൈവല്‍ ഷൂട്ടിംഗ് ഗെയിമാണ്. ഇതിന്റെ ഫ്രീ ടു പ്ലേ ബാറ്റില്‍ റോയാല്‍ മോഡാണ് ഗെയിമിനെ ജനപ്രിയമാക്കുന്നത്. നൂറുകണക്കിന് അപരിചിതരുമായി നേര്‍ക്കുനേര്‍ വെടിവെക്കുകയും ഒരാള്‍ മാത്രം ശേഷിക്കുന്ന വിധത്തില്‍ എതിരാളികളെ വെടിവെച്ച് വീഴ്ത്തുന്നതുമാണ് ഗെയിം.
കുട്ടികള്‍ ഇതില്‍ പൂര്‍ണ്ണമായും മുഴുകുന്നു എന്ന പാര്‍ശ്വഫലമാണ് പ്രധാനമായും ഉള്ളത്. ഗെയിമില്‍ തോല്‍ക്കുന്ന കുട്ടികളില്‍ ദേഷ്യം അനിയന്ത്രിതമാകുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഫിഫ, റോക്കറ്റ് ലീഗ് തുടങ്ങിയ ഗെയിമുകളിലും ഇത് സാധാരണമാണെങ്കിലും ഫോര്‍ട്ട്‌നൈറ്റില്‍ ഒരു ലൈഫ് മാത്രമാണുള്ളത്. രണ്ടാമത് തോല്‍ക്കുന്നതോടെ ഗെയിമില്‍ നിന്ന് പുറത്താകുമെന്നതിനാല്‍ കുട്ടികളുടെ ദേഷ്യം വര്‍ദ്ധിക്കും. കുട്ടികള്‍ ഈ ഗെയിമിന്റെ അടിമകളായി മാറിയിരിക്കുകയാണെന്നും കളിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ അവര്‍ വിഷണ്ണരാകുകയാണെന്നും മാതാപിതാക്കള്‍ പറയുന്നു..
ഐടിവിയുടെ ദിസ് മോര്‍ണിംഗ് ടുഡേ എന്ന പരിപാടിയില്‍ സംഘടിപ്പിച്ച ചര്‍ച്ചയിലാണ് രക്ഷിതാക്കള്‍ ഇക്കാര്യം അറിയിച്ചത്. ഗെയിം നിര്‍ത്താന്‍ പറഞ്ഞാല്‍ കുട്ടികളുടെ സ്വഭാവം തന്നെ മാറുന്നുവെന്നാണ് ഒരു മാതാവ് വെളിപ്പെടുത്തിയത്. ഗെയിം 12 വയസിനു മുകളിലുള്ളവര്‍ക്ക് മാത്രമായി മാറ്റണമെന്ന ആവശ്യവും ചിലര്‍ ഉന്നയിക്കുന്നു.
Leave a Reply