യുകെയില്‍ താമസിക്കുന്ന ലക്ഷക്കണക്കിന് യൂറോപ്യന്‍ പൗരന്‍മാര്‍ക്ക് സെറ്റില്‍ഡ് സ്റ്റാറ്റസിനായി അപേക്ഷിക്കാനുള്ള ബ്രെക്‌സിറ്റ് അനന്തര സെറ്റില്‍മെന്റ് പദ്ധതി രാജ്യവ്യാപകമായി അവതരിപ്പിച്ചു. 2021 ജൂണ്‍ വരെ ഇതിനായി അപേക്ഷിക്കാം. ഇതിന്റെ ആദ്യ പരീക്ഷണ ഘട്ടമാണ് ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നത്. ബ്രിട്ടനില്‍ തുടരാന്‍ ആഗ്രഹിക്കുന്ന യൂറോപ്യന്‍ പൗരന്‍മാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ഇതിനായി ഇപ്പോള്‍ അപേക്ഷിക്കാന്‍ സാധിക്കും. മാര്‍ച്ച് 29നു ശേഷം യുകെ യൂറോപ്യന്‍ യൂണിയന്റെ ഭാഗമല്ലാതായി മാറുമെന്നതിനാലാണ് ഇത് ഇപ്പോള്‍ നടപ്പാക്കിയിരിക്കുന്നത്. ഈ രജിസ്‌ഷ്രേനായി അപേക്ഷിക്കാതെ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യുകെയില്‍ കഴിയാനോ ജോലി ചെയ്യാനോ സാധിക്കില്ല.
രാജ്യത്തുള്ള മറ്റു രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് നിയമപരമായ താമസം ഉറപ്പു വരുത്താനും ഇമിഗ്രേഷനില്‍ രാജ്യത്തിന്റെ നിയന്ത്രണം കൂടുതല്‍ ശക്തമാക്കാനുമാണ് ഈ നടപടിയെന്നാണ് വിശദീകരണം. ബ്രെക്‌സിറ്റ് അനുകൂലികള്‍ ഏറ്റവും ശക്തമായി ഉന്നയിക്കുന്ന കാര്യം കൂടിയാണ് ഇമിഗ്രേഷന്‍ നിയന്ത്രണങ്ങള്‍. എന്നാല്‍ ഈ അപേക്ഷകള്‍ ലഭിച്ചാലും അവ വേഗത്തിലും കാര്യക്ഷമമായും പരിഗണിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ആയിരക്കണക്കിനാളുകള്‍ ലീഗല്‍ സ്റ്റാറ്റസിനു പുറത്താകുമെന്ന് വിമര്‍ശകര്‍ പറയുന്നു. 3.5 മില്യന്‍ യൂറോപ്യന്‍ പൗരന്‍മാരാണ് യുകെയില്‍ ഉള്ളത്. 2021 ജൂണിനു ശേഷം ഇവിടെ തുടരണമെങ്കില്‍ ഇവരെല്ലാം ഈ രജിസ്‌ട്രേഷനായി അപേക്ഷിക്കേണ്ടി വരും.
ഹോം ഓഫീസ് പുറത്തിറക്കിയ നിര്‍ദേശങ്ങളനുസരിച്ച് ബ്രിട്ടീഷ് പൗരന്‍മാര്‍, ഐറിഷ് പൗരന്‍മാര്‍, മാതാപിതാക്കളില്‍ ആരെങ്കിലും ബ്രിട്ടീഷ് സെറ്റില്‍ഡ് സ്റ്റാറ്റസുള്ള ബ്രിട്ടനില്‍ ജനിച്ചവര്‍, യുകെയില്‍ പെര്‍മനന്റ് റസിഡന്‍സിയുള്ളവര്‍ എന്നിവരെ രജിസ്‌ട്രേഷനില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പെര്‍മനന്റ് റെഡിഡന്‍സ് ഡോക്യുമെന്റ് മാത്രം കൈവശമുള്ള യൂറോപ്യന്‍ പൗരന്‍മാര്‍ രജിസ്റ്റര്‍ ചെയ്യേണ്ടി വരും. യൂറോപ്യന്‍ പങ്കാളിയോ സിവില്‍ പാര്‍ട്‌നറോ വിവാഹം കഴിക്കാത്ത പങ്കാളിയോ ഉള്ള നോണ്‍-യൂറോപ്യന്‍ പൗരന്‍മാര്‍ സെറ്റില്‍മെന്റ് സ്റ്റാറ്റസിനായി അപേക്ഷ നല്‍കണം.
ബ്രിട്ടീഷ് പൗരത്വമുള്ളവരുമായി വിവാഹം കഴിച്ചിട്ടുള്ളവരും ഇതിനായി അപേക്ഷ നല്‍കേണ്ടി വരും. കുട്ടികള്‍ക്കും സെറ്റില്‍ഡ് സ്റ്റാറ്റസ് വേണ്ടി വരുമെന്നതിനാല്‍ രക്ഷിതാക്കള്‍ അപേക്ഷ നല്‍കണം. യുകെയില്‍ അഞ്ചു വര്‍ഷം തുടര്‍ച്ചയായി താമസിച്ചവര്‍ക്കു മാത്രമേ സെറ്റില്‍ഡ് സ്റ്റാറ്റസ് ലഭിക്കുകയുള്ളു. ഇക്കാലയളവില്‍ വര്‍ഷത്തില്‍ ആറു മാസമെങ്കിലും ഇവര്‍ ഒരുമിച്ച് യുകെയില്‍ താമസിച്ചിരിക്കണം. 2020 ഡിസംബറിനു ശേഷം യുകെയില്‍ താമസം ആരംഭിക്കുന്നവര്‍ക്കും സെറ്റില്‍ഡ് സ്റ്റാറ്റസിനായി അപേക്ഷിക്കാം.
ആപ്ലിക്കേഷനുകള്‍ ഓണ്‍ലൈനായാണ് സമര്‍പ്പിക്കേണ്ടത്. മുമ്പ് ഇത് ആന്‍ഡ്രോയ്ഡ് ഡിവൈസുകളിലൂടെ ചെയ്യാമായിരുന്നു. പേപ്പര്‍വര്‍ക്കുകള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് ഇപ്പോള്‍ ഇത് ഓണ്‍ലൈനില്‍ നടപ്പാക്കുന്നത്. വളരെ കുറച്ചു സമയം മാത്രമേ ഇതിന് ആവശ്യമായി വരുന്നുള്ളു. ഇതിനായി പാസ്‌പോര്‍ട്ട്, നാഷണല്‍ ഐഡന്റിറ്റി എന്നിവയില്‍ ഏതെങ്കിലും ഒന്ന്, യുകെ റെസിഡന്‍സി, യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്ന് യുകെയില്‍ താമസത്തിനായി എത്താനാണെങ്കില്‍ യുകെയില്‍ ജീവിക്കുന്ന കുടുംബാംഗവുമായുള്ള ബന്ധം തെളിയിക്കുന്ന രേഖ തുടങ്ങിയവ സമര്‍പ്പിക്കണം.
Leave a Reply