ന്യൂസ് ഡെസ്ക് , മലയാളം യുകെ

കഴിഞ്ഞ കുറെ ദിവസങ്ങളായി യുകെ മലയാളികളെ ആകെ അടച്ചാക്ഷേപിക്കുന്ന തരത്തിലുള്ള റിപ്പോർട്ടുകളാണ് ചില മാധ്യമങ്ങൾ പടച്ചുവിടുന്നത്. പ്രവാസത്തിന്റെ നാൾവഴികളിൽ മെച്ചപ്പെട്ട അവസരത്തിനായി കേരളത്തിൽ നിന്ന് കുടിയേറിയവരാണ് ഗൾഫിലെയും യുകെയിലെയും മലയാളികൾ. പലരും ഗൾഫിൽ ജോലി ചെയ്തതിനുശേഷം യുകെയിലെത്തിയത് ശമ്പളവും ജീവിതസൗകര്യങ്ങളും നോക്കി തന്നെയാണ്. എന്നാൽ ഗൾഫിൽ നിന്ന് യുകെയിലേക്ക് കുടിയേറിയത് തന്നെ അവിടെ ലോൺ എടുത്ത ബാങ്കുകളെ കബളിപ്പിക്കുന്നതിനാണ് എന്ന തരത്തിലാണ് പല മാധ്യമങ്ങളും അവഹേളനപരമായ റിപ്പോർട്ടുകൾ പടച്ച് വിടുന്നത്. എങ്ങും തൊടാതെയുള്ള വാർത്തകൾ ഒരു സമൂഹത്തെ ആകമാനം ചെളിവാരിയെറിയുന്നതിന് തുല്യമാണ്.

എല്ലാ ബാങ്കുകളും ലോണുകൾ കൊടുക്കുന്നത് ലോണെടുത്തയാളുടെ ക്രെഡിറ്റ് റേറ്റിങ്ങിനെ അടിസ്ഥാനമാക്കിയാണ് . ബാങ്കിംഗ് ബിസിനസിന്റെ തന്നെ അടിസ്ഥാനതത്വം നിക്ഷേപം കുറഞ്ഞ പലിശയ്ക്ക് സ്വീകരിക്കുകയും അത് കൂടിയ പലിശയ്ക്ക് മറ്റുള്ളവർക്ക് കൊടുക്കുകയും ചെയ്യുക എന്നതാണ്. മതിയായ തിരിച്ചടവ് സാധ്യമാകുമെന്ന് ഉറപ്പാക്കുന്ന രേഖകളുടെ അടിസ്ഥാനത്തിലാണ് എല്ലാ ബാങ്കുകളും ലോൺ കൊടുക്കുന്നത്. ഉദാഹരണത്തിന് 30 ലക്ഷം വരെ ലോൺ എടുത്താണ് പല മലയാളികളും വിദ്യാർത്ഥി വിസയിൽ യുകെയിൽ എത്തിയിരിക്കുന്നത്. ഇവരെല്ലാം മതിയായ ഈട് ബാങ്കിന് നൽകിയിട്ടുണ്ട്.

ഗൾഫിൽ ജോലി ചെയ്തിരുന്ന മലയാളികൾ ഒരു രാത്രി വെളുക്കുമ്പോൾ യുകെയിലേക്ക് വിമാനം കയറിയവരല്ല. മറിച്ച് സുദീർഘമായ വിസ നടപടിക്രമങ്ങളിലൂടെ കടന്ന് ആരോഗ്യമേഖലയിലും മറ്റും ജോലി ലഭിച്ച് എത്തിയവരാണ്. ഇത്തരം വിസ നടപടിക്രമങ്ങളിൽ മതിയായ ബാങ്ക് ബാലൻസും മറ്റ് രേഖകളും ശരിയാണെങ്കിൽ മാത്രമേ യുകെയിലേക്ക് വിസ ലഭിക്കുകയുള്ളൂ. ഈ സാഹചര്യത്തിൽ ഏതെങ്കിലും ചില ആളുകളുടെ ലോൺ അടവ് മുടങ്ങിയിട്ടുണ്ടെങ്കിൽ അതിന് മലയാളി സമൂഹത്തെ മുഴുവൻ അടച്ചാക്ഷേപിക്കുന്നത് ശരിയല്ല.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

യുകെയിലെത്തിയ പല മലയാളികളും ഓസ്ട്രേലിയയിലേയ്ക്ക് കുടിയേറുന്നത് പതിവാകുന്നുണ്ട്. അതിനും സുദീർഘമായ നടപടിക്രമങ്ങളുണ്ട്. നാട്ടിൽ ആരുടെയെങ്കിലും കൈയ്യിൽ നിന്ന് കടം മേടിച്ച് മുങ്ങി എന്നു പറയുന്നതുപോലെ യുകെയിലെ ബാങ്കുകളിൽ നിന്ന് ലോൺ എടുത്തിട്ട് ആർക്കും ഒരു സുപ്രഭാതത്തിൽ ഓസ്ട്രേലിയയിലേയ്ക്ക് വിമാനം കയറാൻ സാധിക്കില്ല. എന്നാൽ ഒറ്റപ്പെട്ട സംഭവങ്ങളെ പെരിപ്പിച്ച് മലയാളികൾ സ്ഥിരം കബളിപ്പിക്കൽ തന്ത്രമായാണ് ചില മാധ്യമങ്ങൾ ഈ വാർത്തകളെ പൊലിപ്പിക്കുന്നത്.

ഏതെങ്കിലും രാജ്യത്തെ ബാങ്കിൽ നിന്ന് ലോൺ എടുക്കുകയും പിന്നീട് മറ്റൊരു രാജ്യത്തേയ്ക്ക് കുടിയേറുകയും ചെയ്യുന്നത് നിരവധി നിയമപരമായ പ്രശ്നങ്ങൾക്ക് കാരണമാകുമെന്നാണ് ഈ രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെടുന്നത്. വായ്പ തിരിച്ചടയ്ക്കുന്നത് മനഃപൂർവം ഒഴിവാകുന്നത് നിയമ നടപടികൾക്കും ഒപ്പം ക്രെഡിറ്റ് റേറ്റിനെയും പ്രതികൂലമായി ബാധിക്കും. മറ്റൊരു രാജ്യത്തേയ്ക്ക് കുടിയേറുന്നവർ തീർച്ചയായും ലോൺ എടുത്ത ബാങ്കിനെ രേഖാമൂലം വിവരം ധരിപ്പിച്ചിരിക്കണം. കുടിയേറുന്ന രാജ്യത്തെ ബാങ്കിലേയ്ക്ക് ലോൺ ട്രാൻസ്ഫർ ചെയ്യാനുള്ള മാർഗങ്ങളെക്കുറിച്ച് നിങ്ങളും ബാങ്കുമായി ചർച്ച ചെയ്യുന്നത് ഉചിതമാണ്. പല ബാങ്കുകൾക്കും ഈ പ്രക്രിയ സുഗമമാക്കുന്ന അന്താരാഷ്ട്ര ശാഖകളോ പങ്കാളികളോ ഉണ്ട് . വായ്പ തിരിച്ചടയ്ക്കാതിരുന്നാൽ നിയമപരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടതായി വരും. മിക്ക ബാങ്കുകൾക്കും ലോൺ തിരിച്ചടവിനുള്ള രാജ്യാന്തരതലത്തിലും നടപടിക്രമമുണ്ട്. കുടിയേറിയ രാജ്യത്തും തിരിച്ചടയ്ക്കാത്ത ലോ ണിൻറെ ബാധ്യത വേട്ടയാടും എന്ന് ചുരുക്കം.

വിവര സാങ്കേതികവിദ്യയുടെ സഹായത്തോടെ ലോകം ഒരു കുടക്കീഴിലാണ്. വിവിധ രീതിയിലുള്ള തിരിച്ചറിയൽ രേഖകളിലൂടെ ഏത് രാജ്യത്തെയും സാമ്പത്തിക മേഖലയിൽ നടത്തുന്നഎല്ലാ ഇടപാടുകളും ഇന്ന് എവിടെയും ലഭ്യമാകും എന്ന് ഓർമ്മിക്കുക.