ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- മഴയിൽ ഉണ്ടായിരിക്കുന്ന കുറവും താപനിലയിൽ ഉണ്ടായിരിക്കുന്ന ക്രമാതീതമായ വർദ്ധനയും മൂലം വെള്ളത്തിന് ഉണ്ടായിരിക്കുന്ന ക്ഷാമം തടയുവാനായി ബ്രിട്ടനിലെ ചിലയിടങ്ങളിൽ ഹോസ് പൈപ്പിലൂടെ വെള്ളം ഒഴിക്കുന്നത് നിയന്ത്രിക്കുവാൻ തീരുമാനമായിരിക്കുകയാണ്. ഹാംഷെയറിലും ഐൽ ഓഫ് വൈറ്റിലും ഹൗസ് പൈപ്പിലൂടെ വെള്ളം ഒഴിക്കുന്നവർക്ക് ആയിരം പൗണ്ട് വരെ ഫൈൻ ഈടാക്കുവാൻ സതേൺ വാട്ടേഴ്സ് കമ്പനി തീരുമാനിച്ചിരിക്കുകയാണ്. പൂന്തോട്ടം നനയ്ക്കുന്നതിനും, കാറുകൾ കഴുകുന്നതിനും, കുളങ്ങളിൽ വെള്ളം നിറയ്ക്കുന്നതിനും മറ്റും ഇനിമുതൽ ഹോസ് പൈപ്പുകൾ ഉപയോഗിക്കാൻ പാടില്ല എന്നുള്ളതാണ് പുതിയ നിയമം. മറ്റു കമ്പനികളുടെ ഇത്തരത്തിലുള്ള നിയമങ്ങൾ കൊണ്ടുവരുന്നത് ആവശ്യമാണെന്ന് ഗവൺമെന്റ് വക്താവ് പ്രതികരിച്ചു. 1911 നു ശേഷം ഏറ്റവും കൂടുതൽ ചൂട് ഉണ്ടായ മാസമാണ് ജൂലൈയെന്ന് കാലാവസ്ഥ ഓഫീസ് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. വെറും മാസങ്ങളിലും ചൂട് കൂടാൻ സാധ്യതയുണ്ട് എന്ന നിഗമനത്തിലാണ് ഓഫീസ് എത്തിച്ചേർന്നിരിക്കുന്നത്. അതിനാൽ തന്നെ ഇത്തരം നടപടികൾ ആവശ്യമാണെന്ന് വിദഗ്ധർ വ്യക്തമാക്കുന്നു.

അടുത്ത സമയത്ത് ഒന്നും തന്നെ യുകെയുടെ തെക്കൻ പ്രദേശങ്ങളിൽ മഴയുണ്ടാകാൻ സാധ്യതയില്ലെന്ന് യുകെ സെന്റർ ഫോർ ഇക്കോളജി ആൻഡ് ഹൈഡ്രോളജി വിഭാഗത്തിലെ പ്രമുഖ ശാസ്ത്രജ്ഞൻ സ്റ്റീവ് ടർണർ വ്യക്തമാക്കി. അതിനാൽ തന്നെ നദികളിലെ ജലനിരപ്പും, ഭൂഗർഭ ജലനിരപ്പും കുറയാനുള്ള സാധ്യത തള്ളിക്കളയാൻ ആവില്ല. 2012 നു ശേഷം ഹോസ് പൈപ്പ് ഉപയോഗിക്കുന്നതിന് വരുന്ന ആദ്യത്തെ നിയന്ത്രണമാണ് ഇപ്പോൾ ഏർപ്പെടുത്തിയിരിക്കുന്നത്. ജനങ്ങൾ എല്ലാവരും തന്നെ സഹകരിക്കണമെന്ന നിർദ്ദേശമാണ് അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്.